
റോഡില്‍ വച്ച് കടുവയ്‌ക്ക് മദ്യം നല്‍കുന്ന ഒരാളുടെ വീഡിയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പലരും കണ്ടുകാണും. 'പെഞ്ച് ടൈഗർ റിസർവിന് സമീപത്ത് നിന്നുള്ള ദൃശ്യം'- എന്ന അവകാശവാദത്തോടെ എക്‌സ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ് ഈ ദൃശ്യങ്ങള്‍. മധ്യവയസ്‌കന്‍ എന്ന് തോന്നുന്ന ഒരാള്‍ കടുവയെ താലോലിക്കുന്നതും, കയ്യിലുള്ള മദ്യക്കുപ്പി നീട്ടുന്നതുമാണ് വീഡിയോയിലുള്ളത്. സത്യം തന്നെയോ ഈ അമ്പരപ്പിക്കുന്ന സംഭവം? വിശദമായി പരിശോധിക്കാം.
ഒക്‌ടോബര്‍ നാലിന് നടന്ന സംഭവം എന്ന് പറഞ്ഞാണ് ആറ് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ എക്‌സില്‍ വെരിഫൈഡ് പ്രൊഫൈലുകളില്‍ നിന്നടക്കം പങ്കുവെച്ചിരിക്കുന്നത്. പെഞ്ച് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്ത് നിന്നുള്ള സിസിടിവിയില്‍ പതിഞ്ഞ അവിശ്വസനീയ രംഗമാണിത് എന്ന് സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ പറയുന്നു. എക്‌സ് പോസ്റ്റിലെ വിശദാംങ്ങള്‍ ഇങ്ങനെ...
‘52 വയസുകാരനായ രാജു പട്ടേല്‍ എന്നയാള്‍ വലിയ കടുവയ്‌ക്ക് തന്‍റെ കയ്യിലുള്ള മദ്യം നല്‍കുകയായിരുന്നു. 150-200 കിലോഗ്രാം ഭാരം ഈ കടുവയ്‌ക്കുണ്ട്. അലഞ്ഞുതിരിഞ്ഞെത്തിയ കടുവയെ പേടിച്ച് നാട്ടുകാരെല്ലാം വീടുകള്‍ അടച്ചപ്പോള്‍ രാജു യാതൊരു ഭയവുമില്ലാതെ അതിനെ സമീപിക്കുകയായിരുന്നു. 5-10 മിനിറ്റ് കടുവയുടെ തലയില്‍ തലോടി താലോലിച്ച അദേഹം കടുവയ്‌ക്ക് നേരെ മദ്യവും നീട്ടി. ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തുകയും വെളുപ്പിന് മൂന്ന് മണിയോടെ കടുവ കാട്ടിലേക്ക് തിരികെ പോവുകയും ചെയ്‌തു. കടുവ കാരണം ആർക്കും ഒരു ഉപദ്രവവും സംഭവിച്ചില്ല, ഈ സംഭവത്തോടെ രാജു പട്ടേല്‍ ഒരു പ്രാദേശിക ഇതിഹാസമായി മാറി'- ഇങ്ങനെ നീളുന്നു എക്‌സില്‍ പോസ്റ്റ് ചെയ്‌തിരിക്കുന്ന രസകരമായ കഥ.
എക്‌സ് പോസ്റ്റുകളും അവയുടെ സ്‌ക്രീന്‍ഷോട്ടുകളും ചുവടെ
വസ്‌തുതാ പരിശോധന
പെഞ്ച് ടൈഗർ റിസർവിലോ അതിന്‍റെ പരിസരത്തോ ഇത്തരമൊരു അസാധാരണ സംഭവമുണ്ടായതായി സ്ഥിരീകരിക്കുന്ന വാര്‍ത്തകളോ അറിയിപ്പുകളോ കീവേഡ് പരിശോധനയില്‍ കണ്ടെത്താനായില്ല. പെഞ്ച് കടുവാ സംരക്ഷണ കേന്ദ്രത്തിന്‍റെ ഔദ്യോഗിക എക്‌സ് ഹാന്‍ഡിലിലും ഈ സംഭവം സ്ഥിരീകരിക്കുന്ന യാതൊരു സൂചനകളും ലഭിച്ചില്ല. ഇതോടെ, പ്രചരിക്കുന്ന കഥ വ്യാജവും വീഡിയോ എഐ നിര്‍മ്മിതവുമാണോ എന്ന സംശയം ഉയര്‍ന്നു. വീഡിയോ സൂക്ഷ്‌മമായി പരിശോധിച്ചപ്പോള്‍ ചില പൊരുത്തക്കേടുകളും അസ്വാഭാവികതകളും കാണാനായി. കടുവയെ താലോലിക്കുന്നയാളുടെ പാന്‍റില്‍ അസ്വാഭാവികമായ തരത്തില്‍ ചുളിവുകള്‍ കാണാം.
ഇതേത്തുടര്‍ന്ന്, എഐ വീഡിയോ ഡിറ്റക്ഷന്‍ ടൂളുകള്‍ ഉപയോഗിച്ച് ദൃശ്യങ്ങള്‍ പരിശോധനയ്‌ക്ക് വിധേയമാക്കി. ഈ പരിശോധനയില്‍ കടുവയുടെയും അതിനെ താലോലിക്കുകയും മദ്യം നല്‍കാന്‍ ശ്രമിക്കുകയും ചെയ്യുന്നയാളുടെയും വീഡിയോ എഐ സൃഷ്‌ടിയാണെന്ന് തെളിഞ്ഞു. എഐ ഡിറ്റക്ഷന്‍ ടൂളുകളില്‍ നിന്ന് ലഭിച്ച പരിശോധനാഫലം ചുവടെ ചേര്‍ക്കുന്നു.
52 വയസുകാരനായ രാജു പട്ടേല്‍ എന്നയാള്‍ ഒരു കടുവയെ താലോലിക്കുന്നതും മദ്യം നല്‍കുന്നതുമായ വീഡിയോ എഐ ടൂളുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചതാണ്. വീഡിയോയും സംഭവവും യഥാര്‍ഥമല്ല എന്നാണ് വസ്‌തുതാ പരിശോധനയില്‍ വ്യക്തമായത്.