
വ്യാജ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെയുണ്ടായ വാരമാണ് പിന്നിടുന്നത്. ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരാട് കോലിയെ കുറിച്ചുള്ളതടക്കം വ്യാപകമായി പങ്കുവെക്കപ്പെട്ട ചില വ്യാജ പ്രചാരണങ്ങളുടെ വസ്‌തുത അറിയാം.
പ്രചാരണം 1
ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ഒരു ആരാധകന് പാക് പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കിയോ? കോലി പാക് പതാകയില്‍ ഓട്ടോഗ്രാഫ് നല്‍കി എന്നവകാശപ്പെടുന്ന ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് 'വാട്ട് ക്രിക്കറ്റ്' എന്ന ഫേസ്ബുക്ക് അക്കൗണ്ട്. 'കോലിയാണ് എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്രിക്കറ്റര്‍. കോലി പാകിസ്ഥാന്‍ ആരാധകരെ സ്‌നേഹിക്കുന്നു, നന്ദി കോലി, സ്‌പോര്‍ട്‌സ്‌മാന്‍ഷിപ്പ് എന്താണെന്ന് സൂര്യകുമാര്‍ യാദവിനെയും ബിസിസിഐയെയും കോലി പഠിപ്പിക്കുന്നു'- എന്നും എഫ്‌ബി പോസ്റ്റില്‍ പറയുന്നു.
എന്നാല്‍ വിരാട് കോലിയുടെ ചിത്രത്തിന്‍റെ വസ്‌തുത മറ്റൊന്നാണ്. കോലി തന്‍റെ ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്‍റെ ജേഴ്‌സിയില്‍ ഓട്ടോഗ്രാഫ് നല്‍കുന്നതിന്‍റെ ചിത്രം എഡിറ്റ് ചെയ്‌ത് നിറംമാറ്റം വരുത്തിയാണ് ഈ പാക് പ്രചാരണം നടക്കുന്നത് എന്നതാണ് വസ്‌തുത. കോലി പാകിസ്ഥാന്‍ ജേഴ്‌സിയില്‍ ഓട്ടോഗ്രാഫ് നല്‍കുന്നൊരു സംഭവമുണ്ടായിട്ടില്ല.
പ്രചാരണം 2
ഇ-പാന്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം എന്ന സബ്‌ജക്റ്റില്‍ വരുന്ന ഇ-മെയിലായിരുന്നു മറ്റൊരു വ്യാജന്‍. ഇ-പാന്‍ കാര്‍ഡ് ഓണ്‍ലൈനായി ഡൗണ്‍ലോഡ് ചെയ്യാനുള്ള സ്റ്റെപ്-ബൈ-സ്റ്റെപ് ഗൈഡ് എന്ന വിവരണത്തോടെയാണ് ഈ ഇ-മെയിലുകള്‍ വരുന്നത്. എന്നാല്‍ ഈ ഇ-മെയില്‍ വ്യാജമാണെന്നും ക്ലിക്ക് ചെയ്‌തോ മറുപടി നല്‍കിയോ ആരും വഞ്ചിതരാവരുതെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം അഭ്യര്‍ഥിച്ചു.
ഇത്തരത്തില്‍ വ്യക്തിവിവരങ്ങളും സാമ്പത്തിക വിവരങ്ങളും ആവശ്യപ്പെടുന്ന സംശയാസ്‌പദമായ ഇ-മെയിലുകളോടും ലിങ്കുകളോടും കോളുകളോടും എസ്എംഎസുകളോടും പ്രതികരിക്കരുത് എന്നും പിഐബി അഭ്യര്‍ഥിച്ചു.
പ്രചാരണം 3
പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 ആയി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയോ? ഉയര്‍ത്തി എന്ന തരത്തില്‍ നിരവധി റിപ്പോര്‍ട്ടുകള്‍ കാണാം. കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നയംമാറ്റം പ്രഖ്യാപിച്ചു എന്നാണ് പ്രചരിക്കുന്നത്. പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് 65 വയസ് വരെ ജോലി ചെയ്യാമെന്ന് വാര്‍ത്തകളില്‍ പറയുന്നു. എന്താണ് ഇതിന്‍റെ വാസ്‌തവം?
എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുകയാണ് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ ഫാക്‌ട് ചെക്ക് വിഭാഗം. വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച് യാതൊരു പ്രഖ്യാപനവും കേന്ദ്രം നടത്തിയിട്ടില്ലെന്ന് പിഐബി ഫാക്‌ട് ചെക്ക് അറിയിച്ചു. ഇത്തരത്തിലുള്ള വിവരങ്ങള്‍ പങ്കുവെക്കുമ്പോള്‍ എപ്പോഴും വെരിഫൈ ചെയ്യണമെന്നും പിഐബിയുടെ ഫാക്‌ട് ചെക്ക് വിഭാഗം അഭ്യര്‍ഥിച്ചു.