വീട്ടിലിരിക്കുമ്പോള്‍ തയ്യാറാക്കാം അരിപ്പൊടി കൊണ്ട് ഹെല്‍ത്തി സ്‌നാക്ക്...

By Web TeamFirst Published Mar 31, 2020, 7:01 PM IST
Highlights

സാധാരണഗതിയില്‍ മൈദ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എന്നാല്‍ മൈദയുടെ ദൂഷ്യഫലങ്ങള്‍ കണക്കിലെടുത്ത് അരിപ്പൊടി തന്നെ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം. അരിപ്പൊടി, മുട്ട, ഏലയ്ക്കാപ്പൊടി, തേങ്ങ, പഞ്ചസാര എന്നിവ മാത്രമാണ് ഇതിന് ആകെ ആവശ്യമായി വരുന്ന ചേരുവകൾ
 

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ അവശ്യസാധനങ്ങളുടെ ലഭ്യതയില്‍ വലിയ മാറ്റങ്ങളാണ് ഇപ്പോള്‍ വന്നിട്ടുള്ളത്. അതിനാല്‍ത്തന്നെ വൈകീട്ടും രാവിലേയും 'സ്‌നാക്‌സ്' പതിവുള്ളവരെ സംബന്ധിച്ച് ഇത് അല്‍പം ബുദ്ധിമുട്ടുണ്ടാക്കുന്ന സമയമാണ്. ഒരുപക്ഷേ ആവശ്യത്തിന് ബേക്കറിയോ സ്‌നാക്‌സോ ഒന്നും ലഭിക്കാത്ത സാഹചര്യം. 

എന്നാല്‍ ഇക്കാരണം കൊണ്ട് തീര്‍ത്തും നിരാശപ്പെടേണ്ട കാര്യമില്ല. വീട്ടിലുള്ള സാധനങ്ങള്‍ കൊണ്ട് തന്നെ രുചികരവും ഒപ്പം തന്നെ ആരോഗ്യകരവുമായ സ്‌നാക്‌സ് ഉണ്ടാക്കി ശീലിക്കാന്‍ ഈ സമയം വിനിയോഗിക്കാവുന്നതാണ്. അത്തരത്തില്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു പലഹാരത്തെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഇതിന് ആകെ ആവശ്യമായിട്ടുള്ളത് അരിപ്പൊടി, മുട്ട, ഏലയ്ക്കാപ്പൊടി, തേങ്ങ, പഞ്ചസാര എന്നിവ മാത്രമാണ്. ഇനി ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം. രണ്ട് കപ്പ് പൊടിക്ക് രണ്ട് മുട്ട എന്ന തോതിലെടുക്കാം. ഇത് ഒന്നിച്ച് അപ്പത്തിന് പാകമായ തരത്തില്‍ ആവശ്യത്തിന് ഉപ്പുമിട്ട് കലക്കിയെടുക്കാം. ഇതിലേക്ക് അല്‍പം ഏലയ്ക്കാപ്പൊടി ചേര്‍ക്കാം. ഇത് നിര്‍ബന്ധമില്ല, ചിലര്‍ക്ക് ഏലയ്ക്കയുടെ രുചി ഇഷ്ടമില്ലായിരിക്കാം. അങ്ങനെയാണെങ്കില്‍ പകരം ജീരകം ചേര്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ ഇവയൊന്നും ചേര്‍ക്കാതെയുമിരിക്കാം. 

മാവ് തയ്യാറായിക്കഴിഞ്ഞാല്‍ ഇത് ചുട്ടെടുക്കാന്‍ പാകത്തിലുള്ള ചട്ടി ചൂടാക്കാം. ഇതില്‍ അല്‍പം നെയ്യോ വെളിച്ചെണ്ണയോ പുരട്ടണം. ശേഷം ചെറിയ അപ്പങ്ങളായി ചുട്ടെടുക്കാം. ഇതില്‍ തേങ്ങ ചിരവിവച്ചത് ഇഷ്ടാനുസരണം ചേര്‍ത്ത് റോള്‍ ചെയ്‌തെടുക്കാം. രുചികരമായ സ്‌നാക്ക് റെഡി. സാധാരണഗതിയില്‍ മൈദ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്. എന്നാല്‍ മൈദയുടെ ദൂഷ്യഫലങ്ങള്‍ കണക്കിലെടുത്ത് അരിപ്പൊടി തന്നെ തെരഞ്ഞെടുക്കുന്നതാണ് ഉത്തമം.

click me!