
ഇഡ്ഡലി പ്രിയരാണോ നിങ്ങൾ? വെറെെറ്റിയും രുചികരവുമായ ഇഡ്ഡലി കഴിക്കണമെന്ന് തോന്നിയാൽ ഒന്നും ആലോചിക്കേണ്ട. നേരെ വിട്ടോളൂ 'സുഡ സുഡ ഇഡ്ഡലി' കടയിലേക്ക്. പേര് പോലെ തന്നെ നല്ല ചൂട് ഫ്രഷ് ഇഡ്ഡലി രുചിയോടെ കഴിക്കാം. നടനും അവതാരകനുമായ വെങ്കിടേഷും സുഹൃത്തുക്കളും ചേർന്ന് നടത്തി വരുന്ന ഇഡ്ഡലി കടയാണ് സുഡ സുഡ ഇഡ്ഡലി കട.
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് തെക്കേ നടയ്ക്ക് സമീപമാണ് വെങ്കിയുടെ സുഡ സുഡ ഇഡ്ഡലി കടയുള്ളത്. എളുപ്പത്തിൽ പറഞ്ഞാൽ സുനിൽ വാക്സ് മ്യൂസിയത്തിന് എതിർവശത്ത്. സുഡ സുഡ ഇഡ്ഡലി കടയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് വെങ്കിടേഷ്.
സോയ ഇഡ്ഡലി, ഹാർട്ട് പൊടി ഇഡ്ഡലി, മിനി പൊടി ഇഡ്ഡലി
ഞങ്ങൾ എല്ലാവരും ഇഡ്ഡലി ഫാനാണ്. അഞ്ച് പേർ ചേർന്നാണ് ഇഡ്ഡലി കട തുടങ്ങിയത്. പെട്ടെന്നുണ്ടായ തീരുമാനമാണ് ഇഡ്ഡലി കട. വെറും ഒരു മാസം കൊണ്ടാണ് പ്ലാൻ ചെയ്തതു. അങ്ങനെയാണ് സുഡ സുഡ ഇഡ്ഡലി തുടങ്ങിയത്. സോയ ഇഡ്ഡലി, ഹാർട്ട് പൊടി ഇഡ്ഡലി, മിനി പൊടി ഇഡ്ഡലി, ബട്ടർ ഇഡ്ഡലി എന്നിവയാണ് ഇപ്പോഴുള്ളത്. ചിരട്ട ഇഡ്ഡലി, രസം ഇഡ്ഡലി എന്നിവ കുറച്ച് കഴിഞ്ഞിട്ട് തുടങ്ങാനുള്ള പ്ലാനിലാണ്. സാമ്പാർ, തക്കാളി ചട്ണി, കട്ടി ചമ്മന്തി, രണ്ട് തരത്തിലുള്ള പൊടികൾ (ദോശ പൊടി, കറിവേപ്പില പൊടി) എന്നിവയാണ് ഇഡ്ഡലിയ്ക്കൊപ്പം കൊടുക്കാറുള്ളത്.
ആദ്യം ഇട്ടത് വെറെ പേര്
'സുപ്രഭാതം ഓൺ വീൽസ്' എന്നാണ് ആദ്യം ഇട്ടിരുന്ന പേര്. പിന്നീട് സുഡ സുഡ ഇഡ്ഡലി എന്ന പേരിലേക്ക് മാറ്റി. സുഹൃത്തുകൾ എല്ലാവരും ചേർന്ന് തന്നെയാണ് ഈ പേര് കണ്ട് പിടിച്ചത്.
'നല്ല ഭക്ഷണം കൊടുത്താൽ മാത്രമേ ആളുകൾ വരൂ'
ഭക്ഷണം കൊള്ളമെങ്കിൽ മാത്രമേ ആളുകൾ വരികയുള്ളൂ. നമ്മുടെ ഭക്ഷണം ഇഷ്ടപ്പെടുന്നത് കൊണ്ടാണ് ആളുകൾ വരുന്നത്. നമ്മുടെ ഇൻസ്റ്റഗ്രാം പേജിൽ തുടക്കത്തിൽ വീഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. അതൊക്കെ കണ്ടിട്ടാണ് പലരും വരാൻ തുടങ്ങിയതെന്നും വെങ്കിടേഷ് പറയുന്നു.
ദോശ പോലെയല്ല. ഇഡ്ഡലി വേകാൻ കുറച്ച് സമയമെടുക്കും. അത് കൊണ്ട് തന്നെ വരുന്ന കസ്റ്റർമേഴ്സിൽ പലരും കൂടുതൽ സമയമെടുത്ത് കാത്ത് നിന്ന് തന്നെയാണ് ഇഡ്ഡലി കഴിക്കുന്നത്. അതിൽ വളരെ സന്തോഷമുണ്ടെന്നും വെങ്കി പറഞ്ഞു.
ആദ്യം ഒരു സ്റ്റീമറാണ് ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. രണ്ട് സ്റ്റീമറിലാണ് ഇഡ്ഡലി തയ്യാറാക്കുന്നത്. അത് കൊണ്ട് തന്നെ പെട്ടെന്ന് കൊടുക്കാൻ പറ്റുന്നുണ്ട്. മിനി പൊടി ഇഡ്ഡലി 60 രൂപ, ബട്ടർ ഇഡ്ഡലി 60 രൂപ, ഹാർട്ട് ഇഡ്ഡലി 60 രൂപ.
നവംബർ 16ന് അമ്മമാർ ചേർന്ന് കട ഉദ്ഘാടനം ചെയ്തു
ഇഡ്ഡലി കട തുടങ്ങുന്നു എന്ന് പറഞ്ഞപ്പോൾ തന്നെ ഫാമിലിയിൽ നിന്ന് നല്ല സപ്പോർട്ടാണ് ലഭിച്ചത്. അഞ്ച് പേരുടെ വീട്ടിൽ നിന്നും നല്ല സപ്പോർട്ടാണ് കിട്ടുന്നത്. നവംബർ 16 ന് അമ്മമാരെ കൊണ്ടാണ് കട ഉദ്ഘാടനം ചെയ്തതു. ആദ്യത്തെ ദിവസം അമ്മമാരായിരുന്നു കടയിലെ താരങ്ങൾ. അമ്മമാർ ചേർന്നാണ് ആദ്യത്തെ ദിവസം ഇഡ്ഡലി ഉണ്ടാക്കിയത്. വിഘ്നേഷ്, അരുൺ കുമാർ, വിജയ് കുമാർ, ശ്രീറാം കൃഷ്ണ സ്വാമി എന്നിവർ ചേർന്നാണ് സുഡ സുഡ ഇഡ്ഡലി കട തുടങ്ങിയതെന്നും വെങ്കി പറയുന്നു.
സിനിമയും കടയും ഒന്നുപോലെ കൊണ്ട് പോകണം എന്നാണ് തീരുമാനം. ഞാൻ ഷൂട്ടിംഗിന് പോകുമ്പോൾ കൂടെയുള്ളവർ കട നടത്താൻ ഉണ്ടാകും. തുടക്കത്തിൽ അഞ്ച് പേർ ചേർന്ന് കട തുടങ്ങാൻ പോകുന്നു എന്ന തീരുമാനം വന്നപ്പോൾ എതിർപ്പുകൾ ഉണ്ടായിരുന്നു. പക്ഷേ നമ്മൾ അഞ്ച് പേരും വർഷങ്ങളായി സുഹൃത്തുക്കളാണ്. മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്ന് അറിയാമായിരുന്നു. മെയ് മാസത്തോടെ തിരുവനന്തപുരത്ത് തന്നെ കുറച്ച് കൂടി മെച്ചപ്പെട്ട സൗകര്യങ്ങളോട് കൂടിയ ഇഡ്ഡലി കട തുടങ്ങുന്നതിനെ പറ്റി ആലോചിക്കുന്നുണ്ടെന്നും വെങ്കി പറയുന്നു.
സോയ ഇഡ്ഡലി, ദം ഇഡ്ഡലി എന്നിവയ്ക്കാണ് കൂടുതൽ ഡിമാന്റ്
വിജയിയുടെ ചേട്ടൻ ഹരി ചേട്ടനാണ് ചട്ണി, സാമ്പാർ, ദോശ പൊടി എന്നിവ വീട്ടിൽ നിന്ന് ഉണ്ടാക്കി നമ്മുക്ക് കൊണ്ട് തരുന്നത്. സോയ ഇഡ്ഢലി എന്ന ഐഡിയ കൊണ്ട് വന്നത് ഹരി ചേട്ടനാണ്. ദം ഇഡ്ഡലിയ്ക്കും സോയ ഇഡ്ഡലിയ്ക്കുമാണ് ഡിമാന്റ് കൂടുതൽ. ഹൈദരാബാദിൽ പോയപ്പോൾ കണ്ട് വിഭവമാണ് ദം ഇഡ്ഡലി. സോയ ഇഡ്ഡലി, പൊടി ഇഡ്ഡലി, ബട്ടർ തട്ട് ഇഡ്ഡലി എന്നിവയാണ് ഇവിടെയുള്ള മറ്റ് സ്പെഷ്യൽ ഇഡ്ഡലികൾ. തിങ്കളാഴ്ച്ച കട അവധിയാണ്. ചൊവാഴ്ച്ച മുതൽ ഞായറാഴ്ച്ച വരെ വെെകിട്ട് 7 മണി മുതൽ 10 മണി വരെ കട ഉണ്ടാകുമെന്നും വെങ്കി പറയുന്നു.