കൊവിഡ് 19; ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികള്‍ക്കെതിരെ ആരോപണം...

By Web TeamFirst Published Mar 11, 2020, 6:53 PM IST
Highlights

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കും വിതരണക്കാര്‍ക്കും ആവശ്യമായ വൈദ്യപരിശോധന മുടങ്ങാതെ നടത്തുമെന്നും ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അത്രയും ദിവസങ്ങളിലേക്ക് വേണ്ടി അവരെ സാമ്പത്തികമായി പിന്തുണയ്ക്കുമെന്നും 'സ്വിഗ്ഗി' നേരത്തേ അറിയിച്ചിരുന്നു

ഇന്ത്യയില്‍ കൂടുതല്‍ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികളായ 'സ്വിഗ്ഗി'ക്കും 'സൊമാറ്റോ'യ്ക്കും എതിരെ ആരോപണവുമായി വിതരണക്കാര്‍. മുന്‍കരുതലുകളെ കുറിച്ച് വാക്കാല്‍ പരാമര്‍ശിക്കുക മാത്രമാണ് കമ്പനികള്‍ ചെയ്തിട്ടുള്ളതെന്നും പ്രായോഗിക തലത്തില്‍ ആവശ്യമായ കാര്യങ്ങളൊന്നും കമ്പനികള്‍ ചെയ്തിട്ടില്ലെന്നുമാണ് ദില്ലിയില്‍ നിന്നുള്ള വിതരണക്കാര്‍ പറയുന്നത്. 

'എന്‍ഡിടിവി' റിപ്പോര്‍ട്ടിലൂടെയാണ് പേര് വ്യക്തമാക്കാതെ വിതരണക്കാര്‍ തങ്ങളുടെ പരാതി അറിയിച്ചിരിക്കുന്നത്. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ തങ്ങളുടെ ജീവനക്കാര്‍ക്കും വിതരണക്കാര്‍ക്കും ആവശ്യമായ വൈദ്യപരിശോധന മുടങ്ങാതെ നടത്തുമെന്നും ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അത്രയും ദിവസങ്ങളിലേക്ക് വേണ്ടി അവരെ സാമ്പത്തികമായി പിന്തുണയ്ക്കുമെന്നും 'സ്വിഗ്ഗി' നേരത്തേ അറിയിച്ചിരുന്നു. 

അതുപോലെ തന്നെ ഭക്ഷണം വിതരണം ചെയ്യുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിതരണക്കാരെ ബോധവത്കരിക്കുമെന്നും അതോടൊപ്പം തന്നെ ഭക്ഷണം കൈാര്യം ചെയ്യുന്നതിലും പാക്ക് ചെയ്യുന്നതിലുമെല്ലാം ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് റെസ്റ്റോറന്റുകളുമായി ആശയവിനിമയം നടത്തുമെന്നും 'സ്വിഗ്ഗി' അറിയിച്ചിരുന്നു. ഭക്ഷണം വിതരണം ചെയ്യാന്‍ പല സ്ഥലങ്ങളിലേക്കും വിതരണക്കാര്‍ക്ക് പോകേണ്ടിവരും. എന്തെങ്കിലും സംശയം തോന്നുന്ന സാഹചര്യത്തില്‍ ഭക്ഷണം വാതിലിന് പുറത്തുവച്ച് പോകേണ്ടതാണെന്ന നിര്‍ദേശവും 'സ്വിഗ്ഗി' വിതരണക്കാര്‍ക്ക് നല്‍കിയിരുന്നു. 

എന്നാല്‍ ഈ അറിയിപ്പുകള്‍ക്ക് പുറമെ തങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നും കമ്പനി ചെയ്തിട്ടില്ലെന്നാണ് വിതരണക്കാരുടെ വാദം. മാസ്‌കോ ഗ്ലൗസോ പോലുള്ള അവശ്യ പ്രതിരോധസംവിധാനങ്ങള്‍ പോലും തങ്ങള്‍ക്ക് കമ്പനി ലഭ്യമാക്കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു. ഈ ആരോപണങ്ങള്‍ക്ക് 'സ്വിഗ്ഗി' ഇതുവരേയും മറുപടി നല്‍കിയിട്ടില്ല. 

അതേസമയം സമാനമായ ആരോപണങ്ങള്‍ നേരിട്ട സാഹചര്യത്തില്‍ 'സൊമാറ്റോ' മറുപടിയുമായി രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ ജീവനക്കാര്‍ക്കും വിതരണക്കാര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നുണ്ടെന്നും എല്ലാവരും രോഗത്തിന്റെ തീവ്രതയെക്കുറിച്ച് മനസിലാക്കണമെന്നും അതിനനുസരിച്ച് പെരുമാറണമെന്നും ആരോഗ്യത്തോടെയിരിക്കണമെന്നുമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും 'സൊമാറ്റോ' പ്രതിനിധി 'എന്‍ഡിടിവി'ക്ക് നല്‍കിയ പ്രതികരണത്തില്‍ പറയുന്നു. കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി കൈ കഴുകുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റും പങ്കുവച്ചിട്ടുണ്ട് 'സൊമാറ്റോ'.

click me!