രാവിലെ ഈന്തപ്പഴം കഴിക്കുന്നത് പതിവാക്കൂ; ഗുണങ്ങള്‍ പലതാണ്

By Web TeamFirst Published Nov 28, 2019, 10:55 PM IST
Highlights

ദിവസത്തില്‍ എപ്പോഴെങ്കിലും കഴിക്കുന്നതിന് പകരം രാവിലെ ഉണര്‍ന്ന് അല്‍പസമയം കഴിഞ്ഞ ശേഷം തന്നെ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് വേറെയും ഉപകാരങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതായത്, ദിവസം മുഴുവന്‍ 'എനര്‍ജറ്റിക്' ആകാനും 'ഫ്രഷ്‌നെസ്' തോന്നാനും രാവിലെ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടാകുമത്രേ

ദിവസവും രണ്ട് ഈന്തപ്പഴമെങ്കിലും കഴിക്കുന്നത് പതിവാക്കണമെന്ന് ഡോക്ടര്‍മാരും ഡയറ്റീഷ്യന്മാരുമെല്ലാം നിര്‍ദേശിക്കാറുണ്ട്. അത്രമാത്രം പോഷകങ്ങളടങ്ങിയ ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഫൈബര്‍, പ്രോട്ടീന്‍, പൊട്ടാസ്യം, മഗ്നീഷ്യം, കോപ്പര്‍, മാംഗനീസ്, അയേണ്‍, വിറ്റാമിന്‍ ബി-6 എന്നിങ്ങനെ ഒരുപിടി അവശ്യം ഘടകങ്ങളടങ്ങിയ ഒന്നുകൂടിയാണ് ഈന്തപ്പഴം. 

ദിവസത്തില്‍ എപ്പോഴെങ്കിലും കഴിക്കുന്നതിന് പകരം രാവിലെ ഉണര്‍ന്ന് അല്‍പസമയം കഴിഞ്ഞ ശേഷം തന്നെ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് വേറെയും ഉപകാരങ്ങളുണ്ടെന്നാണ് ആരോഗ്യവിദഗ്ധര്‍ സൂചിപ്പിക്കുന്നത്. അതായത്, ദിവസം മുഴുവന്‍ 'എനര്‍ജറ്റിക്' ആകാനും 'ഫ്രഷ്‌നെസ്' തോന്നാനും രാവിലെ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ടാകുമത്രേ. 

ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്ന എന്നതിനാല്‍ ഈന്തപ്പഴം ദഹനപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുന്നുണ്ട്. ഇത് മലബന്ധം ഒഴിവാക്കാനും, ഉദരസംബന്ധമായ മറ്റ് പല പ്രശ്‌നങ്ങളും അകറ്റിനിര്‍ത്താനും സഹായകമാകുന്നു. വയറുമായി ബന്ധപ്പെട്ട വിഷമതകള്‍ ഒഴിവാകുന്നതോടെ തന്നെ അനാവശ്യമായ തളര്‍ച്ച, തലവേദന, അസ്വസ്ഥത എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകളില്‍ നിന്നും നമ്മള്‍ മുക്തരാകുന്നു. 

ധാരാളം അയേണ്‍ അടങ്ങിയിരിക്കുന്നതിനാല്‍ വിളര്‍ച്ച തടയാന്‍ ഈന്തപ്പഴത്തിനാകും. അതോടൊപ്പം തന്നെ രക്തയോട്ടത്തെ സുഗമമാക്കാനും രക്തസമ്മര്‍ദ്ദം വരുതിയിലാക്കാനുമെല്ലാം ഈന്തപ്പഴം ഫലപ്രദമാണ്. ഇതെല്ലാം ഒരു വ്യക്തിയെ ഊര്‍ജ്ജസ്വലനായിരിക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. 

പതിവായി ഈന്തപ്പഴം കഴിക്കുന്നവരാണെങ്കില്‍ അവരില്‍ എല്ലുബലം വര്‍ധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റആമിന്‍- സി, മഗ്നീഷ്യം, കാത്സ്യം, ഫോസ്ഫറസ് എന്നീ ഘടകങ്ങളാണത്രേ ഇതിന് സഹായിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന്, ഓര്‍മ്മക്കുറവ് പരിഹരിക്കുന്നതിന്, ചര്‍മ്മത്തിന്റെ തിളക്കത്തിന്- ഇങ്ങനെ പല ഗുണങ്ങളും രാവിലെ ഈന്തപ്പഴം കഴിക്കുന്നത് കൊണ്ട് ലഭിച്ചേക്കും. 

click me!