
മിക്ക ആളുകളുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ നല്ല ചൂട് ചായ അല്ലെങ്കില്‍ കോഫി(കാപ്പി)യിലൂടെ തന്നെയായിരിക്കും. ഒരു പത്രവും ഒരു കാപ്പിയും ഇല്ലെങ്കില്‍ പിന്നെ എങ്ങനെ എന്നു ചിന്തിക്കുന്നവരാണ് നമ്മള്‍ മലയാളികളില്‍ ഏറെയും. അഞ്ചും ആറും കാപ്പി ദിവസേന കുടിക്കുന്നവരുടെ എണ്ണവും കുറവല്ല. ഒരു തല വേദന വന്നാലോ എന്ത് ക്ഷീണം തോന്നിയാലും നമ്മള്‍ ആദ്യം ഓര്‍ക്കുക ഒരു ചായ അല്ലെങ്കില്‍ കോഫി കുടിക്കുന്നതിനെ കുറിച്ചായിരിക്കും.
കാപ്പിയിലടങ്ങിയ കഫൈന്‍ നാഡീവ്യൂഹങ്ങളില്‍ പ്രവര്‍ത്തിക്കുന്നതാണ് ഉന്മേഷം വര്‍ധിക്കാന്‍ കാരണമെന്ന് നേരത്തേ പഠനങ്ങള്‍ തെളിയിച്ചതാണ്. പഴകിയ സൗരോര്‍ജ ബാറ്ററികള്‍ക്ക് വീര്യം വീണ്ടെടുക്കാന്‍ കഫൈന്‍ ഗുണകരമാണെന്നാണ് ഗവേഷകരുടെ പുതിയ കണ്ടെത്തല്‍. യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ആണ് പഠനം നടത്തിയത്.
കഫൈന്‍റെ ക്ഷാര സ്വഭാവ(ആല്‍ക്കലോയിഡ്)മാണ് ഇതിന് വഴിയൊരുക്കുന്നതെന്ന് ചെറുകണിക വിഭാഗം ഗവേഷകനായ ജിങ്ജിങ് ഷ്യു റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കുന്നു. സൗരോര്‍ജം വലിച്ചെടുത്ത് സൂക്ഷിക്കുന്നതിന് കഫൈന്‍ ഗുണകരമാണെന്നതാണ് കണ്ടെത്തല്‍. സൗരോര്‍ജ സെല്ലുകളില്‍ ഉപയോഗിക്കുന്ന പെര്‍വോസ്റ്റൈറ്റ് പാളികളിലാണ് കഫൈന്‍ മിശ്രിതം ചേര്‍ക്കുന്നത്.