ചിക്കനോ മുട്ടയോ? പ്രോട്ടീന്‍ കൂടുതല്‍ ആര്‍ക്ക് ?

By Web TeamFirst Published Jul 27, 2020, 9:12 AM IST
Highlights

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസാഹാരം ഏതെന്ന് ചോദിച്ചാൽ അത് കോഴിയിറച്ചി തന്നെയാണ്. രുചി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ചിക്കൻ നൽകുന്നുണ്ട്. അതുപോലെ തന്നെയാണ് മുട്ടയും. 

 ഏറ്റവും ആരോഗ്യകരമായ ഭക്ഷണം ഏതാണ്, മുട്ടയാണോ? കോഴിയിറച്ചിയാണോ? പ്രോട്ടീന്‍ കൂടുതല്‍ ചിക്കനിലാണോ മുട്ടയിലോ എന്നതില്‍ പലര്‍ക്കും സംശയമുണ്ട്. 

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസാഹാരം ഏതെന്ന് ചോദിച്ചാൽ അത് കോഴിയിറച്ചി തന്നെയാണ്. രുചി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ചിക്കൻ നൽകുന്നുണ്ട്. അതുപോലെ തന്നെയാണ് മുട്ടയും. 

പ്രോട്ടീനിന്‍റെ ഏറ്റവും മികച്ച ഉറവിടങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ, മുട്ട, മാംസം, പയർവർഗ്ഗങ്ങൾ, പാൽ ഉൽപന്നങ്ങൾ, മത്സ്യം, സോയ ഉൽപന്നങ്ങൾ എന്നിവയാണ് ഇതിനായി നിങ്ങള്‍ തിരഞ്ഞെടുക്കേണ്ടത്. കോഴിയിറച്ചിയിലും മുട്ടയിലും ശരീരത്തിന് ആവശ്യമുള്ള പ്രോട്ടീൻ ധാരാളായി അടങ്ങിയിട്ടുണ്ട്. എങ്കിലും ഏറ്റവുമധികം പ്രോട്ടീൻ ലഭിക്കുന്നതും പോഷകഗുണമുള്ളതും ഏതാണെന്ന് നോക്കാം...

 ഫിറ്റ്നസ് പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവാണ് ചിക്കൻ.  കാരണം ചിക്കന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ (യു‌എസ്‌ഡി‌എ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനിൽ 143 കലോറി ഊർജ്ജം, 24.11 ഗ്രാം പ്രോട്ടീൻ, 2.68 ഗ്രാം കാർബോഹൈഡ്രേറ്റ്, 3.12 ഗ്രാം ഫാറ്റ് എന്നിവയുണ്ട്. ഒപ്പം കാത്സ്യം, അയൺ, സോഡിയം, വിറ്റാമിൻ എ, വിറ്റാമിൻ സി എന്നിവയും ചിക്കനില്‍ അടങ്ങിയിട്ടുണ്ട്.

 

ചിക്കന്റെ വിവിധ ഭാഗങ്ങളിൽ വ്യത്യസ്ത പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്. നിങ്ങള്‍ ഏത് ഭാഗം കഴിക്കുന്നുവോ, അത് അനുസരിച്ചായിരിക്കും ലഭിക്കുന്ന പോഷകഗുണം. ശരീരഭാരം കുറയ്ക്കാനോ കൂടുതൽ പേശികൾ വളർത്താനോ ആഗ്രഹിക്കുന്നുവെങ്കിൽ, ചിക്കൻ ബ്രെസ്റ്റാണ് നല്ലത്. കാരണം അവയില്‍ നല്ല അളവില്‍ പ്രോട്ടീൻ അടങ്ങിയിരിക്കുന്നതോടൊപ്പം ഫാറ്റും കലോറിയും കുറവുമാണ്. എന്നാല്‍ നിങ്ങൾ ശരീരഭാരം വർധിപ്പിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ചിക്കന്‍റെ കാല്‍ പോലെ കൊഴുപ്പുള്ള ഭാഗങ്ങൾ ആണ് കഴിക്കേണ്ടത്.

ഇനി മുട്ടയുടെ കാര്യം പറയുകയാണെങ്കില്‍, പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം ആണ് മുട്ട. യു‌എസ്‌ഡി‌എയുടെ കണക്കനുസരിച്ച് 100 ഗ്രാം വേവിച്ച മുട്ടയിൽ 155 കലോറി ഊർജ്ജം, 12.58 ഗ്രാം പ്രോട്ടീൻ, 1.12 ഗ്രാം കാർബോഹൈഡ്രേറ്റ്, 10.61 ഗ്രാം ഫാറ്റ് എന്നിവയുണ്ട്. കൊഴുപ്പിന്റെ അളവ് കൂടുതലാണെങ്കിലും, മുട്ട കൊളസ്ട്രോളിന്‍റെ അളവ് കൂട്ടില്ല എന്നും ഇത് ആരോഗ്യത്തിന് ഉത്തമമാണെന്നുമാണ് സമീപകാല പഠനങ്ങൾ വ്യക്തമാക്കുന്നത്.

 

ഒപ്പം കാൽസ്യം, ഇരുമ്പ്, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, സിങ്ക്, ചെമ്പ്, മാംഗനീസ്, സെലിനിയം, വിറ്റാമിൻ എ, വിറ്റാമിൻ ബി കോംപ്ലക്സ്, കൂടാതെ വിറ്റാമിൻ കെ എന്നിവയാല്‍ സമ്പന്നമാണ് മുട്ട. മുട്ട പേശികളെ വളർത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ  രോഗപ്രതിരോധശേഷി കൂട്ടാനും മുട്ട നല്ലതാണ്.

പ്രോട്ടീൻ കുറവ് മൂലം പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. നിങ്ങളുടെ ശരീരഭാരം 50 കിലോ ആണെങ്കിൽ എല്ലാ ദിവസവും 40 ഗ്രാം പ്രോട്ടീൻ നിങ്ങള്‍ക്ക് ആവശ്യമുണ്ട്. പ്രോട്ടീനാണ് ആവശ്യമെങ്കിൽ മുട്ടയേക്കാൾ മികച്ചത് ചിക്കൻ ബ്രെസ്റ്റുകൾ തന്നെയാണ്. എന്നാൽ മുട്ട സ്ഥിരമായി കഴിച്ചാൽ പ്രോട്ടീന് പുറമെ മറ്റ് നിരവധി പോഷകങ്ങളും ലഭിക്കും. കാർബോഹൈഡ്രേറ്റ് കുറവും ഊര്‍ജ്ജം കൂടുതലും മുട്ടയ്ക്കാണ്.  കൂടാതെ ചിക്കനെ അപേക്ഷിച്ച് താരതമ്യേന വിലകുറഞ്ഞതാണ് മുട്ട. അവരവരുടെ ആവശ്യങ്ങൾക്ക് അനുസരിച്ച് ഇവ രണ്ടും കഴിക്കുന്നത് ആരോഗ്യപ്രദമാണ്.

Also Read: പ്രഭാതഭക്ഷണത്തിൽ അഞ്ച് പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം...

 

click me!