Christmas Cake : ക്രിസ്മസ് കേക്ക് വീട്ടില്‍ തന്നെ തയ്യാറാക്കാം; ഇതാ ഒരു 'സിമ്പിള്‍ റെസിപ്പി'

By Web TeamFirst Published Dec 24, 2021, 1:57 PM IST
Highlights

ക്രിസ്മസ് സന്തോഷകരമായി വീട്ടില്‍ തന്നെ ആസ്വദിക്കാന്‍ കേക്ക് സ്വന്തമായി തന്നെ തയ്യാറാക്കിയാലോ? ഇതിന് അനുയോജ്യമായൊരു റെസിപ്പി പങ്കുവയ്ക്കുകയാണ് പാചക വിദഗ്ധയും സംരംഭകയുമായ മീര മനോജ്

ക്രിസ്മസ് ( Christmas ) എന്നാല്‍ ആദ്യം ഏവരുടെയും മനസില്‍ വരുന്നത് കേക്ക് ( Christmas Cake ) തന്നെയായിരിക്കും. പലതരം കേക്കുകളിലെ വൈവിധ്യങ്ങള്‍ ഏറെയും പരീക്ഷക്കപ്പെടുന്ന ഒരു ആഘോഷാവസരം കൂടിയാണ് ക്രിസ്മസ്. കൊവിഡ് പശ്ചാത്തലത്തില്‍ ഏറിയും കുറഞ്ഞും നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇക്കുറിയും പുറത്തുപോയുള്ള ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നതാണ് ഉചിതം. 

അതിനാല്‍ തന്നെ ക്രിസ്മസ് സന്തോഷകരമായി വീട്ടില്‍ തന്നെ ആസ്വദിക്കാന്‍ കേക്ക് സ്വന്തമായി തന്നെ തയ്യാറാക്കിയാലോ? ഇതിന് അനുയോജ്യമായൊരു റെസിപ്പി പങ്കുവയ്ക്കുകയാണ് പാചക വിദഗ്ധയും സംരംഭകയുമായ മീര മനോജ്. 

ലളിതമായി തയ്യാറാക്കാവുന്നൊരു 'റെഡ് വെല്‍വറ്റ്' കേക്ക് റെസിപ്പിയാണ് മീര പങ്കുവയ്ക്കുന്നത്. ആദ്യം ഇതിനാവശ്യമായ ചേരുവകള്‍ എന്തെല്ലാമാണെന്ന് നോക്കാം. 

ചേരുവകള്‍...

മൈദ - 120 ഗ്രാം
പൗഡേര്‍ഡ് ഷുഗകര്‍ / കാസ്റ്റര്‍ ഷുഗര്‍ - 150
ബട്ടര്‍ - 55 ഗ്രാം
മുട്ട - 2 എണ്ണം
കൊക്കോ പൗഡര്‍  - ഒരു ടേബിള്‍ സ്പൂണ്‍
സൈഡര്‍ വിനിഗര്‍ - അര ടീസ്പൂണ്‍
ബേക്കിംഗ് സോഡ - അര ടീസ്പൂണ്‍
തൈര് - 100 ഗ്രാം
റെഡ് കളര്‍ - ഇഷ്ടാനുസരണം ചേര്‍ക്കാം ( അര ടേബിള്‍ സ്പൂണ്‍ തന്നെ മതിയാകും ) 
വനില എസന്‍സ് - അര ടീസ്പൂണ്‍

ഇനി കേക്ക് തയ്യാറാക്കാന്‍...

ആദ്യം ഒരു ബൗളിലേക്ക് കാസ്റ്റര്‍ ഷുഗറും ബട്ടറും ചേര്‍ത്ത് നന്നായി ബീറ്റ് ചെയ്ത് വയ്ക്കുക. ഇതിലേക്ക് മുട്ടയും പൊട്ടിച്ച് ചേര്‍ത്ത് ബീറ്റ് ചെയ്തുവയ്ക്കണം.  

ഇനി, മൈദയിലേക്ക് ഒരു ടീസ്പൂണ്‍ കൊക്കോ പൗഡര്‍ ഇട്ട ശേഷം മൂന്ന് പ്രാവശ്യം അരിച്ച ശേഷം മാറ്റിവയ്ക്കണം. നേരത്തേ തയ്യാറാക്കി വച്ച മിശ്രിതത്തിലേക്ക് തൈര് കൂടി ചേര്‍ത്ത് എല്ലാം യോജിപ്പിച്ചെടുക്കുക. ഈ ഘട്ടത്തില്‍ പിരിഞ്ഞുപോകുന്നതായി തോന്നിയാലും കുഴപ്പമില്ല. ഇതിന് ശേഷം കളര്‍ ചേര്‍ക്കാം. ഇനി വനില എസന്‍സ് കൂടി ചേര്‍ത്ത് വയ്ക്കാം. 

അടുത്ത ഘട്ടത്തില്‍ മറ്റൊരു ബൗളില്‍ ബേക്കിംഗ് സോഡയും സൈഡര്‍ വിനിഗറും കൂടി മിക്‌സ് ചെയ്‌തെടുക്കണം. ആദ്യം തയ്യാറാക്കി വച്ചതിലേക്ക് ഇതുകൂടി ചേര്‍ക്കുക. ഒരു മിനുറ്റോളം ഒന്ന് യോജിപ്പിച്ച് കൊടുക്കാം. ഒരുപാട് ബീറ്റ് ചെയ്യേണ്ട കാര്യമില്ല. ഇപ്പോള്‍ കേക്ക് തയ്യാറാക്കാനുള്ള കൂട്ട് ആയിക്കഴിഞ്ഞു. ഇനിയിത് ബേക്ക് ചെയ്‌തെടുക്കാം. ഇതുതന്നെ കപ്പ് കേക്കായും ഉണ്ടാക്കാം. അല്ലെങ്കില്‍ 450- 500 ഗ്രാമിനടുത്ത് വരുന്ന സിംഗിള്‍ കേക്കായും തയ്യാറാക്കാം. 

കേക്ക് തയ്യാറായതിന് ശേഷം ഇഷ്ടമുള്ള തീമില്‍ അലങ്കരിക്കാം. ക്രിസ്മസ് ആയതിനാല്‍ വെള്ളയും ചുവപ്പും നിറത്തിലുള്ള എന്തെങ്കിലും തെരഞ്ഞെടുക്കാം. ബട്ടര്‍ ഐസിംഗ് ഫ്‌ളവേഴ്‌സോ മറ്റോ ഇതിന് ഉപയോഗിക്കാവുന്നതാണ്. 

Also Read:- ക്രിസ്മസ് സ്പെഷ്യൽ; ക്യാരറ്റ് ഹൽവ ഇങ്ങനെ തയ്യാറാക്കി നോക്കൂ

click me!