കാപ്പി കുടിക്കുന്നത് ശരിക്കും 'മൂഡ്' മാറ്റുമോ? കാപ്പിയെ കുറിച്ച് അറിയാം ചിലത്...

Web Desk   | others
Published : Oct 01, 2021, 01:20 PM IST
കാപ്പി കുടിക്കുന്നത് ശരിക്കും 'മൂഡ്' മാറ്റുമോ? കാപ്പിയെ കുറിച്ച് അറിയാം ചിലത്...

Synopsis

വിരസതയിലേക്ക് കടന്നുപോകുന്ന പകലിനെ തിരിച്ചെടുക്കുന്നതിനോ, 'സ്‌ട്രെസ്' കാരണം മുടങ്ങിപ്പോയ ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിനോ ഉന്മേഷപൂര്‍വ്വം പുതിയൊരു ദിവസത്തെ വരവേല്‍ക്കുന്നതിനോ എല്ലാം കാപ്പി തന്നെ വേണമെന്ന് നിര്‍ബന്ധമുള്ള എത്രയോ പേര്‍ നമുക്കിടയിലുണ്ട്. കാപ്പിയെ കുറിച്ച് നല്ലതും ചീത്തതുമായ പല വിവരങ്ങളും നിങ്ങള്‍ കേട്ടിരിക്കാം

ഇന്ന് ഒക്ടോബര്‍ 1, ലോകമാകെയുമുള്ള കാപ്പി പ്രേമികള്‍ 'ഇന്റര്‍നാഷണല്‍ കോഫി ഡേ' (International Coffee Day)  ആഘോഷിക്കുകയാണ്. നിത്യജീവിതത്തില്‍ നാം നേരിടുന്ന പ്രതിസന്ധികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും നിരാശകള്‍ക്കുമെല്ലാം ഇടയ്ക്ക് ഒരാശ്വാസമെന്ന നിലയിലാണ് മിക്കവരും കാപ്പിയെ (Coffee) കാണുന്നത്. 

വിരസതയിലേക്ക് കടന്നുപോകുന്ന പകലിനെ തിരിച്ചെടുക്കുന്നതിനോ, 'സ്‌ട്രെസ്' കാരണം മുടങ്ങിപ്പോയ ജോലികള്‍ ചെയ്തുതീര്‍ക്കുന്നതിനോ ഉന്മേഷപൂര്‍വ്വം പുതിയൊരു ദിവസത്തെ വരവേല്‍ക്കുന്നതിനോ എല്ലാം കാപ്പി തന്നെ വേണമെന്ന് നിര്‍ബന്ധമുള്ള എത്രയോ പേര്‍ നമുക്കിടയിലുണ്ട്. 

കാപ്പിയെ കുറിച്ച് നല്ലതും ചീത്തതുമായ പല വിവരങ്ങളും നിങ്ങള്‍ കേട്ടിരിക്കാം. എന്തായാലും കാപ്പിയെ കുറിച്ച് ചില നല്ല വശങ്ങള്‍ പങ്കുവയ്ക്കുകയാണ് ഈ 'ഇന്റര്‍നാഷണല്‍ കോഫി ഡേ'യില്‍...

ഒന്ന്...

മോശമായിരിക്കുന്ന ഒരു മാനസികാവസ്ഥയില്‍ നിന്ന് പെട്ടെന്ന് രക്ഷ നേടാനായി ഒരു കപ്പ് കാപ്പിയെ നമ്മളില്‍ പലരും ആശ്രയിക്കാറുണ്ട്. യതാര്‍ത്ഥത്തില്‍ കാപ്പി ഇത്തരത്തില്‍ 'മൂഡ്' മാറ്റുന്നതിന് സഹായകമാണോ? 

 

 

ആണെന്നാണ് പഠനങ്ങള്‍ അടിവരയിട്ട് പറയുന്നത്. പെട്ടെന്ന് തന്നെ സന്തോഷമോ സുഖമോ നല്‍കാന്‍ കാപ്പിക്ക് സാധ്യമാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. എന്നുമാത്രമല്ല, കാപ്പി പതിവാക്കിയവരില്‍ സന്തോഷം, കരുണ, സൗഹൃദമനോഭാവം, ശാന്തത എന്നിവയെല്ലാം കൂടുതലായി കാണാമെന്നും ചില പഠനങ്ങള്‍ പറുന്നു. 

വിഷാദം പോലുള്ള മാനസിക വിഷമതകള്‍ക്ക് ആശ്വാസമാകാനും ഒരു പരിധി വരെ കാപ്പിക്ക് സാധിക്കുമത്രേ. എന്തായാലും ദിവസത്തില്‍ മൂന്നോ നാലോ ചെറിയ കപ്പ് കാപ്പിയിലും കൂടുതല്‍ കഴിക്കുന്നത് അത്ര നല്ലതല്ലെന്ന് തന്നെയാണ് വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്. 

രണ്ട്...

കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകള്‍ ഹൃദ്രോഗം- പ്രമേഹം പോലെ പല അസുഖങ്ങളെയും ചെറുക്കാന്‍ സഹായകമാണത്രേ. അതുപോലെ കാപ്പിയിലടങ്ങിയിട്ടുള്ള 'ക്ലോറോജെനിക് ആസിഡ്' എന്ന പല ആരോഗ്യപ്രശ്‌നങ്ങളെയും പ്രതിരോധിക്കാനും ബിപി കുറയ്ക്കാനുമെല്ലാം സഹായിക്കുന്നു. 

മൂന്ന്...

2018ല്‍ പുറത്തിറങ്ങിയ ഒരു പഠനം പറയുന്നത്, കാപ്പി പതിവാക്കിയവരില്‍ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 6 ശതമാനത്തോളം കുറയുമെന്നാണ്. നേരത്തേ നടന്നിട്ടുള്ള മുപ്പതോളം പഠനങ്ങളെ കൂടി അടിസ്ഥാനപ്പെടുത്തിയാണ് 2018ലെ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളോ, കലോറികളെ എരിച്ച് കളയാനുള്ള കാപ്പിയുടെ കഴിവോ, വയറിനകത്തെ നല്ലയിനം ബാക്ടീരിയകളെ സംരക്ഷിച്ചുനിര്‍ത്താനുള്ള കാപ്പിയുടെ മിടുക്കോ ഏതുമാകാം ടൈപ്പ്- 2 പ്രമേഹത്തെ ചെറുക്കാന്‍ കാരണമാകുന്നതത്രേ. 

നാല്...

കാപ്പിയും തലച്ചോറിന്റെ പ്രവര്‍ത്തനവും തമ്മിലും ബന്ധമുണ്ട്. പെട്ടെന്ന് നമ്മുടെ മാനസികാവസ്ഥയെ മാറ്റാനുള്ള കാപ്പിയുടെ കഴിവിനെ കുറിച്ച് പറഞ്ഞുവല്ലോ. '

 


അതുപോലെ ദീര്‍ഘകാലത്തേക്കും ചില മാറ്റങ്ങള്‍ തലച്ചോറില്‍ വരുത്താന്‍ കാപ്പിക്ക് സാധിക്കുമത്രേ. അത്തരത്തില്‍ 'പാര്‍ക്കിന്‍സണ്‍സ്' എന്ന രോഗത്തെ ചെറുക്കാന്‍ ഒരു പരിധി വരെ കാപ്പിക്ക് കഴിയുമെന്നാണ് ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഓര്‍മ്മശക്തി മെച്ചപ്പെടുത്താനും കാപ്പി സഹായിക്കുമത്രേ. 

അഞ്ച്...

കാപ്പി കുടിക്കുന്നത് കായികമായ പ്രവര്‍ത്തങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കുമത്രേ. അതായത് വര്‍ക്കൗട്ട് വേഗത്തിലും തീവ്രതയിലും ചെയ്യാന്‍ കാപ്പിക്ക് ഒരു പ്രേരകമായി പ്രവര്‍ത്തിക്കാമെന്ന്. പേശികളിലെ വേദന കുറയ്ക്കുന്നതിനും കാപ്പി സഹായകമാണത്രേ. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണത്തിനൊപ്പം അല്‍പം കാപ്പി കുടിക്കുന്നത് പേശികളില്‍ കൂടുതല്‍ കാര്‍ബോഹൈഡ്രേറ്റ് സംഭരിച്ചുവയ്ക്കപ്പെടാന്‍ വഴിയൊരുക്കുകയും ചെയ്യാം. 

Also Read:- പ്രതിരോധശേഷി കൂട്ടാൻ മസാല ചായ; റെസിപ്പി

PREV
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍