മുട്ട കഴിക്കുന്നത് ഹൃദയത്തിന് 'പണി'യാകുമോ?

By Web TeamFirst Published Feb 4, 2023, 12:50 PM IST
Highlights

മുട്ട കഴിക്കുന്നത് കൊളസ്ട്രോള്‍ കൂട്ടുമെന്നും ഇത് ക്രമേണ ഹൃദയത്തിന് പ്രശ്നമാകുമെന്നും ചൂണ്ടിക്കാട്ടി മുട്ട ഡയറ്റില്‍ നിന്നൊഴിവാക്കുന്നവരും കുറച്ച് കഴിക്കുന്നവരും ഏറെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുട്ട കഴിക്കുന്നത് ഹൃദയത്തിന് 'പണി'യാകുമോ? പുതിയൊരു പഠനം പറയുന്നത് ശ്രദ്ധിക്കൂ. 

മിക്ക വീടുകളിലും പതിവായി വാങ്ങിക്കുകയും കഴിക്കുകയും ചെയ്യുന്നൊരു ഭക്ഷണമാണ് മുട്ട. എളുപ്പത്തില്‍ തയ്യാറാക്കാം എന്നതിനാലും ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട് എന്നതിനാലുമാണ് അധികപേരും മുട്ടയെ കാര്യമായി ആശ്രയിക്കുന്നത്.

എന്നാല്‍ മുട്ട കഴിക്കുന്നത് കൊളസ്ട്രോള്‍ കൂട്ടുമെന്നും ഇത് ക്രമേണ ഹൃദയത്തിന് പ്രശ്നമാകുമെന്നും ചൂണ്ടിക്കാട്ടി മുട്ട ഡയറ്റില്‍ നിന്നൊഴിവാക്കുന്നവരും കുറച്ച് കഴിക്കുന്നവരും ഏറെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ മുട്ട കഴിക്കുന്നത് ഹൃദയത്തിന് 'പണി'യാകുമോ? പുതിയൊരു പഠനം പറയുന്നത് ശ്രദ്ധിക്കൂ. 

ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് പിന്നില്‍. ഇവരുടെ കണ്ടെത്തല്‍ പ്രകാരം മിതമായ അളവിലാണ് മുട്ട കഴിക്കുന്നതെങ്കില്‍ അത് ആരിലും ആരോഗ്യത്തിന് വെല്ലുവിളിയാകില്ല എന്നാണ്. 

'മുട്ടയുടെ മഞ്ഞയില്‍ നിന്നാണ് കാര്യമായും കൊളസ്ട്രോള്‍ വരുന്നത്. പ്രത്യേകിച്ച് ശരീരത്തിന് ദോഷകരമായി വരുന്ന കൊഴുപ്പ് രക്തത്തില്‍ അടിയുന്നത് ക്രമേണ ഹൃദയത്തിന് പ്രശ്നം തന്നൊണ്. എന്നാല്‍ കൊളസ്ട്രോള്‍ ഭക്ഷണത്തിലൂടെ മാത്രമല്ല വരുന്നത്. കരള്‍ തന്നെ കൊഴുപ്പുണ്ടാക്കാം. ഇത് പല പഠനങ്ങളും നേരത്തെ തന്നെ തെളിയിച്ചിട്ടുള്ളതാണ്. ഇങ്ങനെയുള്ള കേസുകളും ഏറെയുണ്ട്. അങ്ങനെയെങ്കില്‍ മുട്ട പോലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് കൊണ്ട് എന്താണ് പ്രയോജനം... '- ഗവേഷകര്‍ പറയുന്നു. 

എന്ന് മാത്രമല്ല, നിശ്ചിത അളവിലാണെങ്കില്‍ മുട്ട കഴിക്കുന്നത് ഹൃദയസുരക്ഷയ്ക്ക് നല്ലതാണെന്നും പഠനം അവകാശപ്പെടുന്നു. സ്ത്രീകളും പുരുഷന്മാരുമടക്കം മൂവായിരത്തിലധികം പേരെ പങ്കെടുപ്പിച്ചാണ് ഗവേഷകര്‍ പഠനം നടത്തിയിരിക്കുന്നത്. എല്ലാവരും മുട്ട കഴിക്കുന്നവര്‍ തന്നെ. എന്നാല്‍ ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇവരില്‍ ആരോഗ്യപ്രശ്നങ്ങളൊന്നും കണ്ടെത്താനായില്ലെന്നും സാധാരണഗതിയില്‍ ഇത്രയധികം പേരെ എടുത്തുകഴിഞ്ഞാല്‍ അതില്‍ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ ബാധിക്കാൻ സാധ്യതയുള്ള അത്രയും പേരിലാണ് അസുഖങ്ങളോ ആരോഗ്യപ്രശ്നങ്ങളോ കണ്ടെത്തിയതെന്നും ഗവേഷകര്‍ വിശദീകരിക്കുന്നു. 

ആഴ്ചയില്‍ ഒന്ന് മുതല്‍ മൂന്ന് മുട്ട വരെ കഴിക്കുന്നവര്‍ക്ക് 60 ശതമാനത്തോളം ഹൃദ്രോഗസാധ്യത കുറയ്ക്കാമെന്നും നാല് മുതല്‍ ഏഴ് മുട്ട വരെ കഴിക്കുന്നവരില്‍ ഇത് 75 ശതമാനമാകുമെന്നും പഠനം വിശദമാക്കുന്നു. അതേസമയം ഡയറ്റിലെ മറ്റ് ഭക്ഷണങ്ങള്‍, പ്രായം, ആരോഗ്യസ്ഥിതി, ജീവിതരീതികള്‍ എന്നിവ കൂടി ഇതില്‍ ഘടകങ്ങളായി വരുമെന്നും ഗവേഷകര്‍ പ്രത്യേകമായി ഓര്‍മ്മപ്പെടുത്തുന്നു. 

Also Read:- ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കം ചെയ്ത് മെലിയാം ; കഴിക്കേണ്ട ഭക്ഷണങ്ങള്‍...

click me!