ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് വെല്ലുവിളിയോ?

Published : Feb 27, 2023, 04:52 PM IST
ഉരുളക്കിഴങ്ങ് കഴിക്കുന്നത് വണ്ണം കൂട്ടുമോ? ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് വെല്ലുവിളിയോ?

Synopsis

എന്നാല്‍ പതിവായി ഉരുളക്കിഴങ്ങ് കഴിച്ചാല്‍ വണ്ണം കൂടുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ഇക്കാരണം കൊണ്ട് മാത്രം ഉരുളക്കിഴങ്ങ് ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നവരും നിയന്ത്രിക്കുന്നവരുമുണ്ട്. സത്യത്തില്‍ ഉരുളക്കിഴങ്ങ് വണ്ണം കൂട്ടുമോ? എന്താണ് ഈ പ്രചാരത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം?

മിക്ക വീടുകളിലും പതിവായി പാകം ചെയ്യുന്നൊരു വിഭവമാണ് ഉരുളക്കിഴങ്ങ്. കറിയായോ, ഉപ്പേരിയായോ, ഫ്രൈ ആയോ, സ്റ്റൂ ആയോ എല്ലാം ഉരുളക്കിഴങ്ങ് തയ്യാറാക്കാറുണ്ട്. വളരെ എളുപ്പത്തില്‍ ചെയ്തെടുക്കാമെന്നതും എങ്ങനെയും തയ്യാറാക്കാമെന്നതിനാലുമാണ് അധികപേരും മിക്കപ്പോഴും ഉരുളക്കിഴങ്ങ് വിഭവങ്ങള്‍ തന്നെ തെരഞ്ഞെടുക്കുന്നത്. 

എന്നാല്‍ പതിവായി ഉരുളക്കിഴങ്ങ് കഴിച്ചാല്‍ വണ്ണം കൂടുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. ഇക്കാരണം കൊണ്ട് മാത്രം ഉരുളക്കിഴങ്ങ് ഡയറ്റില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുന്നവരും നിയന്ത്രിക്കുന്നവരുമുണ്ട്. സത്യത്തില്‍ ഉരുളക്കിഴങ്ങ് വണ്ണം കൂട്ടുമോ? എന്താണ് ഈ പ്രചാരത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം?

വണ്ണം കൂട്ടാൻ കാരണമാകുന്ന, അല്ലെങ്കില്‍ സഹായിക്കുന്നൊരു ഭക്ഷണം തന്നെയാണ് ഉരുളക്കിഴങ്ങ്. എന്നാല്‍ പതിവായിട്ടാണെങ്കിലും മിതമായ അളവില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഒരു കാരണവശാലും വണ്ണം കൂട്ടില്ല. ആ പേടിയില്‍ ഇനി ഉരുളക്കിഴങ്ങ് ഒഴിവാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യേണ്ടതില്ല. 

സാധാരണഗതിയില്‍ നാം ഉരുളക്കിഴങ്ങ് കഴിക്കുന്നത് ആദ്യമേ സൂചിപ്പിച്ചത് പോലെ കറിയായോ, സ്റ്റൂ ആയോ, ഉപ്പേരിയായോ എല്ലാമാണല്ലോ. അത് പരമാവധി ഒരു വ്യക്തി ദിവസത്തില്‍ കഴിക്കുന്നതിന് പരിമിതിയുണ്ടല്ലോ. ഇതിലും കവിഞ്ഞ അളവില്‍ പതിവായി ഉരുളക്കിഴങ്ങ് കഴിക്കുമ്പോള്‍ മാത്രമേ വണ്ണം കൂടുമെന്ന പേടി വേണ്ടതുള്ളൂ.

അതുപോലെ തന്നെ ഉരുളക്കിഴങ്ങ് ആരോഗ്യത്തിന് നല്ലതല്ല എന്നൊരു വാദവും ചിലര്‍ ഉയര്‍ത്തിക്കാട്ടാറുണ്ട്. ഇതും ശരിയായ വാദമല്ല. ഉരുളക്കിഴങ്ങ് മിതമായ അളവിലാണ് കഴിക്കുന്നതെങ്കില്‍ ശരീരത്തിന് ഏറെ നല്ലതാണ്. ഫൈബര്‍, പൊട്ടാസ്യം, വൈറ്റമിൻ-സി, വൈറ്റമിൻ ബി6, മാംഗനീസ്, ആന്‍റി-ഓക്സിഡന്‍റുകള്‍ എന്നിവയാലെല്ലാം സമ്പന്നമാണ് ഉരുളക്കിഴങ്ങ്. ഇവയെല്ലാം തന്നെ ശരീരത്തിന്‍റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കും ധര്‍മ്മങ്ങള്‍ക്കുമെല്ലാം ഉപയോഗപ്രദമായി വരുന്ന ഘടകങ്ങളാണ്. 

ഉയര്‍ന്ന അളവില്‍ കാര്‍ബോഹൈഡ്രേറ്റ്, കലോറി എന്നിവ അടങ്ങിയിരിക്കുന്നതിനാലാണ് ഉരുളക്കിഴങ്ങ് വണ്ണം കൂട്ടാൻ കാരണമാകുന്നത്. അതിനാല്‍ ദിവസത്തില്‍ കഴിക്കുന്ന മറ്റ് ഭക്ഷണങ്ങളിലെ കാര്‍ബ്- കലോറി എല്ലാം ഇതിനെ സ്വാധീനിക്കും. മറ്റ് കാര്‍ബ്-കലോറി സമ്പന്നമായ ഭക്ഷണങ്ങളൊന്നും കാര്യമായി കഴിക്കാത്തവരാണെങ്കില്‍ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഏറെ നല്ലതുമാണ്. കാരണം ശരീരത്തിന് ദിവസത്തില്‍ ആവശ്യമായ കാര്‍ബ്- കലോറി എന്നിവ ഇതിലൂടെ ഉറപ്പുവരുത്താം. 

അതേസമയം ഉരുളക്കിഴങ്ങ് എണ്ണയില്‍ വറുത്തത്, ഉരുളക്കിഴങ്ങ് ചിപ്സ് എന്നിവയൊന്നും അത്ര ആരോഗ്യകരമായ ഭക്ഷണങ്ങളല്ല. വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ഫ്രൈ ആണെങ്കില്‍ മറ്റ് കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇല്ലാത്തവരാണെങ്കില്‍ കഴിക്കാവുന്നതാണ്. എന്നാല്‍ എണ്ണയും കൊഴുപ്പും കുറയ്ക്കണമെന്നുള്ളവര്‍ക്ക് ഇത് പരിമിതപ്പെടുത്താം. എന്നാല്‍ പുറത്തുനിന്ന് വാങ്ങിക്കുന്ന ഉരുളക്കിഴങ്ങ് ഫ്രൈ, ഫ്രൈസ്, ചിപ്സ് എന്നിവയൊന്നും അത്ര നല്ലതല്ല. 

Also Read:- മുഖഭംഗി നിലനിര്‍ത്താൻ തക്കാളിയടക്കം കഴിക്കേണ്ട പച്ചക്കറികള്‍; മറ്റ് ഭക്ഷണങ്ങളും

 

PREV
Read more Articles on
click me!

Recommended Stories

Health Tips: കുടലിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍
പിസിഒഎസ് പ്രശ്നമുള്ളവർ ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍