അമിതവണ്ണം കുറയ്ക്കാന്‍ ബീറ്റ്‌റൂട്ട് സഹായകമോ?

By Web TeamFirst Published Jun 30, 2019, 5:31 PM IST
Highlights

വര്‍ക്കൗട്ടുകള്‍ കൊണ്ട് മാത്രം ശരീരവണ്ണം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാനാകില്ല. ഇതിന് കൃത്യമായ ഡയറ്റും ആവശ്യമാണ്. മാത്രമല്ല, ഡയറ്റ് നോക്കാതെയുള്ള വര്‍ക്കൗട്ട് പലതരം അപകടങ്ങളിലേക്കും ശരീരത്തെ നയിക്കാന്‍ സാധ്യതയുമുണ്ട്. പഴങ്ങളും പച്ചക്കറിയുമാണ് മറ്റ് ആശങ്കകളൊന്നുമില്ലാതെ ഇത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാനാകുന്ന പ്രധാന ഭക്ഷണം
 

അമിതവണ്ണം കുറയ്ക്കാന്‍ കഠിനമായ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നവരുണ്ട്. എന്നാല്‍ വര്‍ക്കൗട്ടുകള്‍ കൊണ്ട് മാത്രം ശരീരവണ്ണം പൂര്‍ണ്ണമായും നിയന്ത്രണത്തിലാക്കാനാകില്ല. ഇതിന് കൃത്യമായ ഡയറ്റും ആവശ്യമാണ്. മാത്രമല്ല, ഡയറ്റ് നോക്കാതെയുള്ള വര്‍ക്കൗട്ട് പലതരം അപകടങ്ങളിലേക്കും ശരീരത്തെ നയിക്കാന്‍ സാധ്യതയുമുണ്ട്. 

പഴങ്ങളും പച്ചക്കറിയുമാണ് മറ്റ് ആശങ്കകളൊന്നുമില്ലാതെ ഇത്തരത്തില്‍ വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് കഴിക്കാനാകുന്ന പ്രധാന ഭക്ഷണം. അങ്ങനെയൊന്നാണ് ബീറ്റ്‌റൂട്ട്. പച്ചയ്‌ക്കോ, ജ്യൂസാക്കിയോ, ചെറുതായി ആവിയില്‍ വേവിച്ചോ ഒക്കെ ബീറ്റ്‌റൂട്ട് കഴിക്കാവുന്നതാണ്. 

കഴിക്കുമ്പോള്‍ പെട്ടെന്ന് വയറ് നിറഞ്ഞതായി തോന്നിക്കാന്‍ കഴിവുള്ള ഒന്നാണ് ബീറ്റ്‌റൂട്ട്. വിശപ്പിനെ ഇത്തരത്തില്‍ ശമിപ്പിക്കാന്‍ കഴിവുള്ളത് കൊണ്ടുതന്നെ, പിന്നീട് കൂടുതല്‍ ഭക്ഷണം വാരിവലിച്ച് കഴിക്കുന്നതില്‍ നിന്ന് ഇത് നമ്മളെ പിന്തിരിപ്പിക്കുന്നു. ഇതിലൂടെ ഡയറ്റ് 'ബാലന്‍സ്' ചെയ്ത് കൊണ്ടുപോകാന്‍ ബീറ്റ്‌റൂട്ട് സഹായിക്കുന്നു.

ഫൈബര്‍ ആണ് ബീറ്റ്‌റൂട്ടിന്റെ മറ്റൊരു സവിശേഷത. ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്ന ഫൈബര്‍ കൊണ്ട് സമ്പുഷ്ടമാണ് ബീറ്റ്‌റൂട്ട്. കൂടാതെ കലോറിയുടെ അളവ് വളരെ കുറവായതിനാലും ഇത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാകുന്നു. ഒരിക്കലും കൊഴുപ്പ് കൂട്ടാനുള്ള സാധ്യത ബീറ്റ്‌റൂട്ട് നല്‍കുന്നില്ലെന്നതും ശ്രദ്ധേയമാണ്. 

അങ്ങനെ എന്തുകൊണ്ടും ആശങ്കയില്ലാതെ ധൈര്യപൂര്‍വ്വം കഴിക്കാവുന്ന ഒന്നായി ബീറ്റ്‌റൂട്ടിനെ കണക്കാക്കാം. ഇനി ഇതിന്റെ രുചി മടുപ്പുണ്ടാക്കുന്നുവെങ്കില്‍, വിഭവങ്ങള്‍ മാറ്റി മാറ്റി പരീക്ഷിക്കാവുന്നതാണ്. സലാഡില്‍ ചേര്‍ത്തോ, നാരങ്ങാനീര് ചേര്‍ത്ത് ജ്യൂസാക്കിയോ, ക്യാരറ്റ് പോലുള്ള മറ്റെന്തെങ്കിലും ചേര്‍ത്ത് ജ്യൂസാക്കിയോ ഒക്കെ ബീറ്റ്‌റൂട്ടിന്റെ സാന്നിധ്യം ഡയറ്റില്‍ ഉറപ്പിക്കാം.

click me!