തട്ട് നിറയെ സ്‌നേഹം നിറച്ച് വിളമ്പാന്‍ ഇനി 'ഗ്രാന്‍ഡ്പ'യില്ല...

By Web TeamFirst Published Oct 31, 2019, 6:15 PM IST
Highlights

വലിയ അളവില്‍ ഭക്ഷണം പാകം ചെയ്യുന്നതായിരുന്നു 'ഗ്രാന്‍ഡ്പ'യുടെ ഒരു രീതി. ഇംഗ്ലീഷിലായിരിക്കും പാചകത്തിന്റെ വിവരണങ്ങളെല്ലാം. ഇതിനെല്ലാം മുമ്പ് 'ഗ്രാന്‍ഡ്പ'യുടെ ഒരു കിടിലന്‍ ആമുഖമുണ്ട്. 'ലവിംഗ്... കെയറിംഗ്... ഷെയറിംഗ് ദിസ് ഈസ് മൈ ഫാമിലി..' എന്നും പറഞ്ഞ് ചിരിയോടെയാണ് ഈ തുടക്കം

ഭക്ഷണം പാകം ചെയ്ത് അത് വീഡിയോ ആക്കി യൂട്യൂബ് പോലുള്ള സോഷ്യല്‍ ഇടങ്ങളില്‍ പങ്കുവയ്ക്കുന്ന എത്രയോ പേരെ നമുക്കറിയാം. ഏതെല്ലാമോ നാട്ടില്‍ നിന്നുള്ളവര്‍... ഏതെല്ലാമോ രുചി പരിചയപ്പെടുത്തുന്നവര്‍... എന്നാല്‍ അവരില്‍ നിന്നൊക്കെ എന്തോ ഒരു വ്യത്യസ്തയയുണ്ടായിരുന്നു തെലങ്കാനക്കാരനായ നാരായണ റെഡ്ഡിക്ക്. 

അല്ലെങ്കിലൊരു പക്ഷേ ഇത്രമാത്രം ആഘോഷിക്കപ്പെടുന്ന ഒരു തലത്തിലേക്ക് ഈ മനുഷ്യന് എത്താനാകുമായിരുന്നില്ല. ചില്ലറയൊന്നുമല്ല, 60 ലക്ഷത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് 'ഗ്രാന്‍ഡ്പാ കിച്ചന്‍' എന്ന നാരായണ റെഡ്ഡിയുടെ യൂട്യൂബ് ചാനലിനുള്ളത്. അതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍. ഭാഷയോ ദേശമോ സംസ്‌കാരമോ ഒന്നും പ്രിയപ്പെട്ട 'ഗ്രാന്‍ഡ്പ'യുടെ രുചിഭേദങ്ങള്‍ക്ക് മുന്നില്‍ ഒന്നുമായിരുന്നില്ല. 

ഇപ്പോഴിതാ വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് എഴുപത്തിമൂന്നാം വയസില്‍ അദ്ദേഹം വിട പറഞ്ഞിരിക്കുന്നു. സ്വദേശത്ത് വച്ച് തന്നെയായിരുന്നു അന്ത്യം. മാസങ്ങളായി അവശതയിലായിരുന്ന നാരായണ റെഡ്ഡി, ഇതിനിടയിലും 'ഗ്രാന്‍ഡ്പ കിച്ചനി'ലൂടെ തന്റെ പ്രേക്ഷകരെ കാണാന്‍ എത്തിയിരുന്നു. 

 

 

പല രാജ്യങ്ങളില്‍ നിന്നുമായി അദ്ദേഹത്തിനെത്തിയ സുഖാന്വേഷണങ്ങളായിരുന്നു ഈ വീഡിയോയിലുണ്ടായിരുന്നത്. 

വലിയ അളവില്‍ ഭക്ഷണം പാകം ചെയ്യുന്നതായിരുന്നു 'ഗ്രാന്‍ഡ്പ'യുടെ ഒരു രീതി. ഇംഗ്ലീഷിലായിരിക്കും പാചകത്തിന്റെ വിവരണങ്ങളെല്ലാം. ഇതിനെല്ലാം മുമ്പ് 'ഗ്രാന്‍ഡ്പ'യുടെ ഒരു കിടിലന്‍ ആമുഖമുണ്ട്. 'ലവിംഗ്... കെയറിംഗ്... ഷെയറിംഗ് ദിസ് ഈസ് മൈ ഫാമിലി..' എന്നും പറഞ്ഞ് ചിരിയോടെയാണ് ഈ തുടക്കം. 

 

 

പിന്നെ പാചകത്തിലേക്ക്. സഹായികളായി മൂന്നോ നാലോ ചെറുപ്പക്കാരുണ്ടാകും. അസ്സല്‍ ഹൈദരാബാദി ബിരിയാണിയോ, ചെമ്മീന്‍ മസാലക്കറിയോ, മട്ടന്‍ സുക്കയോ, മീന്‍ കറിയോ മുതല്‍ പിസയും പാസ്തയും ബര്‍ഗറും കേക്കും വരെ അനായാസം 'ഗ്രാന്‍ഡ്പ'യുടെ തുറന്ന അടുക്കളയില്‍ തയ്യാറാകും. 

 

 

ഭക്ഷണം ആയിക്കഴിഞ്ഞാല്‍ അത് ആദ്യം രുചിച്ചുനോക്കുന്നത് 'ഗ്രാന്‍ഡ്പ' തന്നെയായിരിക്കും. തുടര്‍ന്ന് അതിന്റെ പങ്കിന് അവകാശികളാകുന്നത് അനാഥരായ കുഞ്ഞുങ്ങളായിരിക്കും. ഭക്ഷണമെന്നത് സ്‌നേഹത്തിന്റേയും കരുണയുടേയും അടയാളമാണെന്ന ഏറ്റവും വലിയ ദര്‍ശനമായിരുന്നു നാരായണ റെഡ്ഡിയെന്ന 'ഗ്രാന്‍ഡ്പ' നല്‍കിയിരുന്നത്. ഒരുപക്ഷേ ഈ വീക്ഷണം തന്നെയാകാം അതിരുകള്‍ ഭേദിച്ച് എങ്ങെങ്ങോ അദ്ദേഹത്തിന്റെ രുചികളെത്താനുള്ള കാരണവും. 

 

 

 

click me!