ക്യാൻസറിന് കാരണമാകുന്ന 6 ഭക്ഷണങ്ങൾ

By Web TeamFirst Published Aug 2, 2019, 9:44 PM IST
Highlights

സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് കാരണമാകാമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.  

ക്യാൻസർ എന്ന രോ​ഗത്തെ എല്ലാവരും പേടിയോടെയാണ് കാണുന്നത്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാന്‍സര്‍ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകിയാൽ ക്യാൻസർ ഒരു പരിധി വരെ തടയാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ക്യാൻസറിന് കാരണമാകുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയേണ്ടേ...

ഒന്ന്...

പോപ്കോണ്‍ ഇഷ്‌ടപ്പെടാത്തവരായി അധികമാരും ഉണ്ടാകില്ല. സിനിമയ്‌ക്കുപോകുമ്പോഴും മറ്റും പോപ്‌കോണ്‍ കൊറിക്കുകയെന്നത് പലരുടെയും ശീലമാണ്. മൈക്രോവേവ് ഓവനിൽ തയ്യാറാക്കുന്ന പോപ്‌കോണ്‍ സ്ഥിരമായി കഴിക്കുന്നതിലൂടെ പ്രമേഹവും ശ്വാസകോശ ക്യാൻസറും പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പോപ്‌കോണിൽ ഉപയോഗിക്കുന്ന മസാല ചൂടാക്കുന്നതിലൂടെയും ക്യാൻസറിന് കാരണമാകുന്ന ഘടകങ്ങള്‍ രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ്.

രണ്ട്...

പാക്കറ്റിലും കുപ്പികളിലുമായി വരുന്ന ഭക്ഷണം അപകടകരമാണ്. റെഡി ടു ഈറ്റ്, റെഡി ടു കുക്ക് വിഭാഗത്തിൽപ്പെടുന്ന ഇത്തര ഭക്ഷണങ്ങള്‍ അധികനാള്‍ കേടാകാതിരിക്കാൻ ചില പ്രിസര്‍വേറ്റീവ്സ് ചേര്‍ക്കാറുണ്ട്. ഇതാണ് ഇത്തരം ഭക്ഷണങ്ങളെ അപകടകരമാക്കുന്നത്. ഇവ ക്യാൻസറിന് കാരണമാകാം. 

മൂന്ന്...

അമിത മധുരവും ട്രാൻസ് ഫാറ്റും ഉപയോഗിച്ചിട്ടുള്ള ബേക്കറി ഭക്ഷണങ്ങളും, ഫാസ്റ്റ് ഫുഡും ക്യാൻസര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നവയാണ്. സാധാരണ പഞ്ചസാരയിൽനിന്ന് വേര്‍തിരിച്ചെടുക്കുന്ന ഫ്രക്‌ടോസ് അമിതമായി അടങ്ങിയിട്ടുള്ള ബ്രൗണ്‍ ഷുഗര്‍ പോലെയുള്ളവ ചേര്‍ത്തുവരുന്ന ഭക്ഷണങ്ങള്‍, കഴിക്കുന്നതിലൂടെ ക്യാൻസര്‍ കോശങ്ങള്‍ അതിവേഗം പുറത്തുവരാനും വളരാനും കാരണമാകുന്നു. പഞ്ചസാര കഴിയുന്നയത്ര കുറച്ച് തേൻ പോലെയുള്ള പ്രകൃതിദത്ത മധുരമാര്‍ഗങ്ങള്‍ തേടുന്നതാണ് ഉത്തമം.

നാല്...

അമിത ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നതും ക്യാൻസർ സാധ്യത വർധിപ്പിക്കും. 150 ഡിഗ്രിയിൽ അധികം ചൂടുള്ള പാനീയങ്ങൾ കഴിക്കുന്നത്​ ആരോഗ്യത്തിന്​ ഹാനികരമാണെന്നാണ്​ ലോക ആരോഗ്യസംഘടനയുടെ ഏജൻസിയുടെ പഠനത്തിൽ പറയുന്നത്​.

അഞ്ച്... 

പ്രോസസ്ഡ് മീറ്റ് കഴിക്കുന്നവരിൽ ​ഗുരുതര ശാരീരിക മാനസിക പ്രത്യാഘാതങ്ങൾ കണ്ടുവരുന്നതായാണ് വിവിധ പഠനങ്ങളിൽ നിന്നും വ്യക്തമാക്കുന്നത്. സോസേജ്, ബേക്കൻ ഹാം, ഹോട്ട്ഡോഗ്, ബീഫ് ജെർക്കി തുടങ്ങിയ സംസ്കരിച്ച ഇറച്ചി വിഭവങ്ങൾ നിത്യേന കഴിക്കുന്നത് ക്യാൻസറിന് കാരണമാകും. ഇറച്ചിയുടെ അമിത ഉപയോഗം വൻ‌കുടലിൽ ക്യാൻസറിന് കാരണമാകും എന്ന് നേരത്തെ തന്നെ കണ്ടെത്തിയിട്ടുണ്ട്.  

ആറ്...

സോഡ കുടിക്കുന്നത്​ ഭാരം വർധിക്കാൻ ഇടയാക്കിയേക്കും. എന്നാൽ ഇത്​ ക്യാൻസറിന്​ വഴിവച്ചേക്കുമെന്ന്​ കൂടുതൽ പേർക്കും അറിയില്ല. 2012ൽ സ്വീഡിഷ്​ ഗവേഷകർ പ്രസിദ്ധീകരിച്ച പഠനത്തിൽ പ്രതിദിനം ഒരു സോഡ കുടിക്കുന്നവരിൽ 40 
ശതമാനം പേർക്ക് പ്രോസ്റ്റേറ്റ് ക്യാൻസർ കണ്ടെത്തിയെന്നാണ്​ പഠനത്തിൽ പറയുന്നത്​. 45 വയസിന്​ മുകളിൽ പ്രായമുള്ളവരിൽ ഇതിനുള്ള സാധ്യത കൂടുതലാണെന്നും പഠനത്തിൽ പറയുന്നു.


 

click me!