സഹിക്കാനാകാത്ത സ്‌ട്രെസോ?; കഴിക്കാം ഈ അഞ്ച് ഭക്ഷണം...

By Web TeamFirst Published Sep 16, 2019, 9:16 PM IST
Highlights

വ്യായാമമോ, യോഗയോ സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ല മാര്‍ഗങ്ങളാണ്. ഇതോടൊപ്പം തന്നെ ഡയറ്റിന്റെ കാര്യത്തിലും കൃത്യമായ ശ്രദ്ധ വേണം. സ്‌ട്രെസ് കുറയ്ക്കാനും കൂട്ടാനുമെല്ലാം ഭക്ഷണത്തിന് എളുപ്പത്തില്‍ കഴിയും. അതിനാല്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞുവയ്ക്കാം

ഓഫീസ് ജോലിയുടെ ഭാഗമായോ, പഠനഭാരം കൊണ്ടോ, വീട്ടുകാര്യങ്ങളോര്‍ത്തോ ഒക്കെ നമുക്ക് പലപ്പോഴും കഠിനമായ സ്‌ട്രെസ് അനുഭവപ്പെടാറുണ്ട്, അല്ലേ? അസഹനീയമായ ഉത്കണ്ഠ, തലവേദന, ക്ഷീണം- ഇതെല്ലാം സ്‌ട്രെസിന്റെ ഭാഗമായി ഉണ്ടാകുന്നതാണ്. 

ഇത്തരത്തില്‍ സ്‌ട്രെസ് അമിതമായി താങ്ങിയാല്‍ അത് ക്രമേണ ദഹനപ്രവര്‍ത്തനങ്ങളേയും രക്തസമ്മര്‍ദ്ദത്തേയും ശരീരഭാരത്തേയുമെല്ലാം ബാധിക്കാന്‍ തുടങ്ങും. അനവധി ആരോഗ്യപ്രശ്‌നങ്ങളാണ് സ്‌ട്രെസിന്റെ ഭാഗമായി ഉണ്ടാകുന്നത്. അതിനാല്‍ സ്‌ട്രെസ് ഉള്ളവര്‍ അതിനെ മറികടക്കാനുള്ള മാര്‍ഗങ്ങള്‍ തീര്‍ച്ചയായും തേടേണ്ടതാണ്. േ

വ്യായാമമോ, യോഗയോ സ്‌ട്രെസ് കുറയ്ക്കാനുള്ള നല്ല മാര്‍ഗങ്ങളാണ്. ഇതോടൊപ്പം തന്നെ ഡയറ്റിന്റെ കാര്യത്തിലും കൃത്യമായ ശ്രദ്ധ വേണം. സ്‌ട്രെസ് കുറയ്ക്കാനും കൂട്ടാനുമെല്ലാം ഭക്ഷണത്തിന് എളുപ്പത്തില്‍ കഴിയും. അതിനാല്‍ സ്‌ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന അഞ്ച് തരം ഭക്ഷണങ്ങളെക്കുറിച്ച് ഒന്ന് അറിഞ്ഞുവയ്ക്കാം. 

ഒന്ന്...

ഒരുപിടി ചോറും പരിപ്പ് കറിയും അല്‍പം നെയ്യും കഴിക്കുന്നത് സ്‌ട്രെസിനെ അകറ്റാന്‍ സഹായിക്കുമെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ രുജുത ദിവേകര്‍ പറയുന്നു. 


സാധാരണഗതിയില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കൂടുതലാണെന്ന് പറഞ്ഞ് മിക്കവരും മാറ്റിവയ്ക്കുന്ന ഭക്ഷണമാണിത്. എന്നാല്‍ മാനസികസമ്മര്‍ദ്ദം ഒഴിവാക്കാന്‍ മികച്ച ഡിഷ് ആണിതെന്നാണ് രുജുത അവകാശപ്പെടുന്നത്. 

രണ്ട്...

തിരക്കുപിടിച്ച ഓഫീസ് ജോലികള്‍ക്കിടയില്‍ സമ്മര്‍ദ്ദമനുഭവപ്പെട്ടാല്‍ കഴിക്കാവുന്ന ഒന്നിനെക്കുറിച്ചാണ് ഇനി പറയുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഒരുപിടി അണ്ടിപ്പരിപ്പ് കഴിക്കാമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് രുജുത പറയുന്നത്. മീറ്റിംഗുകളും ചര്‍ച്ചകളുമായി തിരക്കാകുന്ന നേരങ്ങളില്‍ 'റിലാക്‌സ്ഡ്' ആകാനായി ചായയോ കാപ്പിയോ കഴിക്കുന്നതിന് പകരം അല്‍പം അണ്ടിപ്പരിപ്പ് കഴിക്കുന്നത്, പ്രസരിപ്പും ഊര്‍ജ്ജവും നല്‍കുമത്രേ. 

മൂന്ന്...

മൂന്നാമതായി ഈ പട്ടികയിലുള്‍പ്പെടുത്തുന്ന കപ്പലണ്ടിയും ശര്‍ക്കരയുമാണ്. നമ്മുടെ നാട്ടില്‍ സര്‍വസാധാരണമായി കടകളില്‍ കിട്ടുന്നവയാണ് ഇത് രണ്ടും. സ്ത്രീകള്‍ക്കാണെങ്കില്‍ ആര്‍ത്തവസമയത്തുണ്ടാകുന്ന വയറുവേദന- പേശീവേദന എന്നിവയ്ക്ക് ആശ്വാസം നല്‍കാനും ഇവയ്ക്കാകുമത്രേ. 

നാല്...

ഈ ലിസ്റ്റില്‍ പ്രധാനിയായ ഭക്ഷണമേതെന്നറിയാമോ? നേന്ത്രപ്പഴമാണ് ഈ താരം. സ്‌ട്രെസിനെ അകറ്റാനും മോശം മൂഡ് മറികടക്കാനും ഇത്രമാത്രം സഹായകമാകുന്ന മറ്റൊരു ഭക്ഷണമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ അവകാശപ്പെടുന്നത്. 

അമിതമായ സമ്മര്‍ദ്ദങ്ങളുണ്ടാകാന്‍ സാധ്യതയുള്ള ദിവസം ബ്രേക്ക്ഫാസ്റ്റായി നേന്ത്രപ്പഴം കഴിക്കുന്നത് വളരെയധികം ഉപയോഗപ്രദമാണെന്നും ഇവര്‍ പറയുന്നു.

അഞ്ച്...

മത്തന്‍കുരുവും സ്‌ട്രെസ് അകറ്റാന്‍ വളരെയധികം സഹായിക്കുന്ന ഒന്നാണത്രേ. സ്‌ട്രെസും ഉത്കണ്ഠയും അമിതമായ രക്തസമ്മര്‍ദ്ദവും മാറാന്‍ ഒരുപിടി മത്തന്‍കുരു ധാരാളമാണെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ പറയുന്നത്. ഇതിലടങ്ങിയിരിക്കുന്ന സിങ്ക് പോലുള്ള ധാതുക്കളാണത്രേ ഇതിന് ഏറെ സഹായിക്കുന്നത്.

click me!