ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ ഇത്തവണ വ്യത്യസ്ത തരം ദോശ റെസിപ്പികൾ. ഇന്ന് ദീപ നായർ തയ്യാറാക്കിയ പാചകക്കുറിപ്പ്.
'രുചിക്കാലം' വ്യത്യസ്തമായ പാചകക്കുറിപ്പുകളുടെ ഈ ആഘോഷത്തിൽ പങ്കാളിയാവാൻ താൽപ്പര്യമുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ തയ്യാറാക്കിയ വ്യത്യസ്തമായ പാചകക്കുറിപ്പുകൾ നല്ലൊരു ഫോട്ടോയും വിശദമായ വിലാസവും അടക്കം ruchikalamrecipes@gmail.com എന്ന വിലാസത്തിൽ അയക്കുക. യൂ ട്യൂബ് വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് കൂടി അയക്കാം. സബ്ജക്റ്റ് ലൈനിൽ Recipes എന്ന് എഴുതണം. മികച്ച പാചകക്കുറിപ്പുകൾ രുചിക്കാലം പ്രസിദ്ധീകരിക്കും.
ദോശയ്ക്ക് വേണ്ട ചേരുവകൾ
ദോശയരി/പച്ചരി 3 കപ്പ്
പുഴുങ്ങലരി 1 കപ്പ്
ഉഴുന്നുപരിപ്പ് 1/2 കപ്പ്
ഉലുവ 1 ടീസ്പൂൺ
കടലപരിപ്പ് 1 ടീസ്പൂൺ
ഉപ്പ് പാകത്തിന്
വെള്ളം ആവശ്യത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
രണ്ടരിയും ഒന്നിച്ചാക്കി നന്നായി കഴുകി അഞ്ചാറ് മണിക്കൂർ കുതിർക്കാൻ വയ്ക്കുക. ഉഴുന്നു പരിപ്പ്, ഉലുവ, കടലപരിപ്പ് നല്ലതു പോലെ കഴുകി കുതിർക്കുക. ഉഴുന്നും അരിയും വെവ്വേറെ നല്ല മയത്തിൽ അരച്ചെടുക്കുക. പാകത്തിന് ഉപ്പ് ചേർത്ത് നന്നായി ഇളക്കി എട്ടു മുതൽ പത്തു മണിക്കൂർ പുളിക്കാൻ വയ്ക്കുക.
ഓംലെറ്റ് തയ്യാറാക്കാനായി വേണ്ടത്
മുട്ട ഒരെണ്ണം
ഉപ്പ് പാകത്തിന്
ഉള്ളി ചെറുത് ഒരെണ്ണം
പച്ചമുളക് 1 എണ്ണം
ഇഞ്ചി ഒരു കഷ്ണം
കുരുമുളക് പൊടി അര സ്പൂൺ
എണ്ണ 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവ ചെറുതായി മുറിച്ചതും മുട്ടയും ഉപ്പും ചേർത്ത് നന്നായി അടിച്ചു വയ്ക്കുക. ദോശക്കല്ല് ചൂടാക്കി പാകത്തിന് തയ്യാറായിട്ടുള്ള മാവ് ഒരു കയിൽ ഒഴിച്ചു കനം കുറച്ചു പരത്തി എണ്ണ തൂവി അടിച്ചു വച്ച മുട്ട ഒഴിച്ചു പരത്തി എണ്ണ തൂവി അടിവശം മൊരിഞ്ഞു സ്വർണ്ണവർണ്ണത്തിലാവുമ്പോൾ മറിച്ചിടുക. കുറച്ചുനേരം കഴിഞ്ഞു ദോശക്കല്ലിൽ നിന്നും വാങ്ങി വിളമ്പാം. ചട്നി, സാമ്പാർ, ഉള്ളി ചമ്മന്തി കൂട്ടി കഴിക്കാം.


