എന്തുകൊണ്ടാണ് പൊട്ടാറ്റോ ചിപ്സിന് ഈ ആകൃതിയെന്ന് അറിയാമോ?

Published : Jan 05, 2024, 02:00 PM IST
എന്തുകൊണ്ടാണ് പൊട്ടാറ്റോ ചിപ്സിന് ഈ ആകൃതിയെന്ന് അറിയാമോ?

Synopsis

പൊട്ടാറ്റോ ചിപ്സ് അഥവാ ഉരുളക്കിഴങ്ങ് ചിപ്സ് അധികവും വളഞ്ഞ ഘടനയില്‍ വരുന്നതിന് പിന്നിലെ 'സയൻസ്' വിശദീകരിക്കുകയാണൊരു ഫുഡ് വ്ളോഗര്‍. അധികമാര്‍ക്കുമറിയാത്ത രഹസ്യം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം.

ഭക്ഷണസാധനങ്ങള്‍, അത് നാം വീട്ടില്‍ പാകം ചെയ്ത് എടുക്കുന്നതായാലും പുറത്തുനിന്ന് വാങ്ങിക്കുന്നതായാലും ഓരോന്നും തയ്യാറാക്കിയെടുക്കുന്നതിന് പിന്നില്‍ ചില 'സയൻസ്' കൂടി മറഞ്ഞിരിക്കാൻ സാധ്യതയുണ്ട്. ഭക്ഷണസാധനങ്ങളുടെ ആകൃതി, നിറം, അതിന്‍റെ പാകം എന്നിവയ്ക്ക് പിന്നിലെല്ലാം ഇത്തരത്തിലുള്ള 'ഗൂഢ ലക്ഷ്യങ്ങള്‍' ഉണ്ടാകാം. എന്നാലിവയൊന്നും നാം തിരിച്ചറിയണമെന്നോ മനസിലാക്കണമെന്നോ ഇല്ല. 

ഇത്തരത്തില്‍ പൊട്ടാറ്റോ ചിപ്സ് അഥവാ ഉരുളക്കിഴങ്ങ് ചിപ്സ് അധികവും വളഞ്ഞ ഘടനയില്‍ വരുന്നതിന് പിന്നിലെ 'സയൻസ്' വിശദീകരിക്കുകയാണൊരു ഫുഡ് വ്ളോഗര്‍. അധികമാര്‍ക്കുമറിയാത്ത രഹസ്യം എന്നുതന്നെ ഇതിനെ വിശേഷിപ്പിക്കാം. അതേസമയം ഈ വീഡിയോയില്‍ പറയുന്ന വിവരങ്ങള്‍ നമ്മളില്‍ ഏറെ കൗതുകം നിറയ്ക്കുന്നതുമാണ്. 

'flickthrough.in' എന്ന പേരിലുള്ള ഫുഡ് വ്ളോഗറാണ് രസകരമായ ഈ വിവരം വീഡിയോയിലൂടെ വിശദീകരിച്ചിരിക്കുന്നത്. 1950കളില്‍ വലിയ രീതിയില്‍ ഉത്പാദിപ്പിക്കപ്പെട്ടിരുന്ന പൊട്ടാറ്റോ ചിപ്സിനെ ചൊല്ലി ഉപഭോക്താക്കള്‍ക്കിടയില്‍ നിന്ന് ധാരാളം പരാതികള്‍ വന്നുവത്രേ. 

ചിപ്സ് കയ്യില്‍ കിട്ടുമ്പോഴേക്ക് പൊടിഞ്ഞുപോകുന്നു. അതുപോലെ ചിപ്സിന്‍റെ പാക്കിനുള്ളില്‍ 'എയര്‍' കൂടുതലാണ് എന്നിവയായിരുന്നു ഉയര്‍ന്നുവന്ന പ്രധാന പരാതികള്‍. അങ്ങനെ ഈ പരാതികള്‍ പരിഹരിച്ച് പുതിയ രീതിയില്‍ ഉത്പന്നം വിപണിയിലെത്തിക്കാൻ കമ്പനി ഒരു വിദഗ്ധന്‍റെ സഹായം തേടി.

കെമിസ്ട്രിയിലും കണക്കിലും വിരുതനായിരുന്ന സയന്‍റിസ്റ്റ് ഫ്രെഡ് ബോര്‍ ആയിരുന്നു അത്. അദ്ദേഹം തന്‍റെ ഗവേഷണത്തിലൂടെ ഈ പരാതികള്‍ക്കുള്ള പരിഹാരം കണ്ടെത്തി. ചിപ്സിനെ ഇപ്പോള്‍ കാണുന്ന വളഞ്ഞ ഘടനയില്‍ ആണ് ഉത്പാദിപ്പിച്ചെടുക്കുന്നതെങ്കില്‍ ഇത് പൊട്ടിപ്പോകാനുള്ള സാധ്യത കുറയുന്നു. അതുപോലെ പാക്കിനുള്ളില്‍ അധികം എയര്‍ ഇരിക്കുന്ന സാഹചര്യവും ഉണ്ടാകുന്നില്ല. 

കേള്‍ക്കുമ്പോള്‍ നിസാരമെന്ന് തോന്നുമെങ്കിലും കണക്ക് വച്ചുള്ള ഒരു കളി തന്നെയായിരുന്നു ഇതെന്നാണ് വ്ളോഗര്‍ സമര്‍ത്ഥിക്കുന്നത്. പൊട്ടാറ്റോ ചിപ്സില്‍ തന്നെ ഏറ്റവും വലിയ ബ്രാൻഡായിട്ടുള്ള 'പ്രിങ്കിള്‍സ്'നെ മുൻനിര്‍ത്തിയാണ് വ്ളോഗര്‍ ഇതെല്ലാം വിശദീകരിക്കുന്നത്. പ്രിങ്കിള്‍സിന്‍റെ പാക്കിംഗും ഇതിന് അനുയോജ്യമായ രീതിയിലാണത്രേ ഡിസൈൻ ചെയ്തിരിക്കുന്നത്. ഈ പാക്കിംഗിന് പേറ്റന്‍റ് അടക്കമുണ്ടത്രേ. 

എന്തായാലും ചിപ്സിന്‍റെ ആകൃതിക്ക് പിന്നിലെ ഈ കഥ വീഡിയോ കണ്ടവരെയെല്ലാം ആകര്‍ഷിച്ചിട്ടുണ്ട്. നിരവധി പേരാണ് പുതിയൊരു വിവരം പങ്കിട്ടതിന് വ്ളോഗര്‍ക്ക് നന്ദി അറിയിക്കുന്നത്. 

വീഡിയോ നിങ്ങളും കണ്ടുനോക്കൂ...

 

Also Read:- 'ന്യൂ ഇയര്‍' രണ്ടുവട്ടം ആഘോഷിക്കാൻ ഫ്ളൈറ്റില്‍ പോയ യാത്രക്കാര്‍ക്ക് സംഭവിച്ചത്...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV
Read more Articles on
click me!

Recommended Stories

രാത്രി നല്ല ഉറക്കം കിട്ടാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍
ഹെല്‍ത്തി ഉള്ളി സാലഡ് തയ്യാറാക്കാം; റെസിപ്പി