ഹൃദയം സൂക്ഷിക്കാം; ഭക്ഷണത്തില്‍ ഇവ ശ്രദ്ധിച്ചാല്‍...

By Web TeamFirst Published Nov 19, 2019, 10:46 PM IST
Highlights

ചില അവശ്യം ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തിയാല്‍ ചെറിയ പരിധി വരെയെങ്കിലും ഹൃദയത്തെ സുരക്ഷിതമാക്കാന്‍ നമുക്കാകും അത്തരത്തിലുള്ള ഘടകങ്ങളെക്കുറിച്ചും അവയടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ചുമാണ്  പറയുന്നത്

ഹൃദയാരോഗ്യം ഏതൊരു മനുഷ്യന്റേയും അടിസ്ഥാനമാണ്. മറ്റേത് അവയവങ്ങളേക്കാളൊക്കെ നമ്മള്‍ അത്രമേല്‍ പ്രാധാന്യം കൊടുക്കുന്ന ഒന്നാണ് ഹൃദയം. മോശം ഭക്ഷണക്രമവും മോശം ജീവിതരീതികളുമെല്ലാം ഇന്ന് ഹൃദ്രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ട്. 

ചില അവശ്യം ഘടകങ്ങള്‍ ഭക്ഷണത്തിലൂടെ ഉറപ്പുവരുത്തിയാല്‍ ചെറിയ പരിധി വരെയെങ്കിലും ഹൃദയത്തെ സുരക്ഷിതമാക്കാന്‍ നമുക്കാകും അത്തരത്തിലുള്ള ഘടകങ്ങളെക്കുറിച്ചും അവയടങ്ങിയ ഭക്ഷണങ്ങളെക്കുറിച്ചുമാണ് ഇനി പറയുന്നത്. 

ഒന്ന്...

വിറ്റാമിന്‍ ബി12 ഹൃദയത്തിന്റെ ആരോഗ്യത്തിന് നിര്‍ബന്ധമായും വേണ്ട ഘടകമാണ്. ബി12 കുറയുന്ന പക്ഷം ഹൃദയത്തെ അസുഖങ്ങള്‍ ബാധിക്കാറുണ്ട്. അതിനാല്‍ ബി12 അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്താം. പുഴമീന്‍, സാല്‍മണ്‍ മത്സ്യം, ചൂര തുടങ്ങിയ മത്സ്യങ്ങള്‍ മുട്ട, ചിക്കന്‍ തുടങ്ങിയ ഭക്ഷണങ്ങളില്‍ ബി12 ധാരാളമായി അടങ്ങിയിരിക്കുന്നു. 

 

 

വെജിറ്റേറിയന്‍ ഭക്ഷണമാണെങ്കില്‍ കട്ടത്തൈര്, കൊഴുപ്പ് കുറഞ്ഞ പാല്‍, ചീസ്, നാച്വറല്‍ ഈസ്റ്റ് എന്നിവയിലെല്ലാം വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. 

രണ്ട്...

വിറ്റാമിന്‍ സിയും ഹൃദയാരോഗ്യത്തിന് ഉത്തമം തന്നെ. രക്തസമ്മര്‍ദ്ദത്തെ വരുതിയിലാക്കാനും കൊളസ്‌ട്രോള്‍ വര്‍ധിക്കാതിരിക്കാനുമെല്ലാം വിറ്റാമിന്‍ സി ഏറെ സഹായകമാണ്. സിട്രസ് ഫ്രൂട്ട്‌സ് ഇനത്തില്‍പ്പെടുന്ന നാരങ്ങ, ഓറഞ്ച്, മുന്തിരി, കിവി എന്നിവയിലും ബ്രക്കോളി, പേരയ്ക്ക, പപ്പായ, സ്‌ട്രോബെറി എന്നിവയിലുമെല്ലാം വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ഒമേഗ-3- ഫാറ്റി ആസിഡുകളാണ് ഹൃദയത്തിന് ആവശ്യമായ മറ്റൊരു ഘടകം. ഹൃദയത്തെ ബാധിക്കുന്ന പല അസുഖങ്ങളെ ചെറുക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും രക്തം കട്ട പിടിക്കുന്നത് പ്രതിരോധിക്കാനുമെവ്വാം ഒമേഗ-3- ഫാറ്റി ആസിഡുകള്‍ സഹായകമാണ്. 

 

 

സാല്‍മണ്‍ മത്സ്യം, ചിയ സീഡ്‌സ്, ഫ്‌ളാക്‌സ് സീഡ്‌സ്, വാള്‍നട്ട്‌സ്, വന്‍പയര്‍, സോയാബീന്‍ ഓയില്‍ എന്നിലയിലെല്ലാം ധാരാളം ഒമേഗ-3- ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നതോടെ ഹൃദയാരോഗ്യത്തിനായി ഒരു ചുവട് മുന്നോട്ടുവച്ചുവെന്ന് സ്വയം വിശ്വസിക്കാം.

click me!