പ്രമേഹരോഗിയാണോ? എങ്കിൽ ഈ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉൾപ്പെടുത്തിക്കോളൂ...

By Web TeamFirst Published Feb 27, 2021, 12:38 PM IST
Highlights

പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം, മധുരം കഴിക്കാമോ, തുടങ്ങി നിരവധി സംശയങ്ങളാണ് പ്രമേഹ രോഗികള്‍ക്കുള്ളത്.

ജീവിതശൈലിയില്‍ വന്നിരിക്കുന്ന മാറ്റങ്ങള്‍ കൊണ്ടാണ് പ്രമേഹരോഗികളുടെ എണ്ണം ഇന്ന് കൂടുന്നത്. പ്രമേഹം നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിനുള്ള പങ്ക് വളരെ പണ്ടു തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

അതുകൊണ്ടുതന്നെ, പ്രമേഹ രോഗികൾക്ക് ഏറ്റവും സംശയമുള്ളതും ഭക്ഷണകാര്യത്തിലാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാം, മധുരം കഴിക്കാമോ, തുടങ്ങി നിരവധി സംശയങ്ങളാണ് പ്രമേഹ രോഗികള്‍ക്കുള്ളത്.  ഇതു സംബന്ധിച്ച് പുത്തൻ വിവരങ്ങളാണ് ദിനംപ്രതി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം... 

ഒന്ന്...

തക്കാളിയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്ലൈസമിക് സൂചിക കുറഞ്ഞ തക്കാളി പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.  ഇവ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും. 

രണ്ട്...

ഓറഞ്ച് നാരുകളും വൈറ്റമിൻ സി യും ധാരാളം അടങ്ങിയ ഫലമാണ്. വൈറ്റമിൻ സി, പ്രമേഹ രോഗികളിൽ ബ്ലഡ് ഷുഗർ ലെവൽ കുറയ്ക്കാൻ സഹായിക്കുന്ന ഒരു ആന്റി ഓക്സിഡന്റ് ആണ്. ഭക്ഷണശേഷം പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നതിനെ ഇത് തടയുന്നു. കൂടാതെ ഓറഞ്ചിന്‍റെ  ഗ്ലൈസമിക് സൂചികയും കുറവാണ്. ഓറഞ്ച് ജ്യൂസിനെക്കാള്‍ നല്ലത് വെറുതേ കഴിക്കുന്നതാണ്. 

മൂന്ന്...

പയറുവർഗങ്ങളിലെ പോഷകഘടങ്ങൾ പ്രമേഹരോഗികൾക്കു ഉത്തമമാണ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. 

നാല്...

ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്നു പണ്ടേതെളിഞ്ഞതാണ്. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത്  രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. 

അഞ്ച്...

നട്സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വാള്‍നട്സ്, ഫ്‌ളാക്‌സ് സീഡ് തുടങ്ങിയവയില്‍ ഫൈബര്‍, മഗ്നീഷ്യം, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Also Read: പ്രമേഹമുള്ളവർക്ക് കരിക്കിൻ വെള്ളം കുടിക്കാമോ...? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നത്...

click me!