കണ്ണുകളുടെ ആരോഗ്യം പോകുന്നതായി തോന്നുന്നോ? എങ്കില്‍ ഇത് ചെയ്തുനോക്കൂ...

By Web TeamFirst Published Jan 26, 2023, 10:13 PM IST
Highlights

കണ്ണുകളുടെ ആരോഗ്യം പതിയെ നഷ്ടപ്പെടുന്നത് തടയാൻ തീര്‍ച്ചയായും സ്ക്രീൻ സമയം പരിമിതപ്പെടുത്തണം.ഇതിനൊപ്പം തന്നെ ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

കണ്ണുകള്‍ക്ക് ഒരുപാട് സമ്മര്‍ദ്ദം വരുന്ന തരത്തിലുള്ള ജീവിതരീതിയിലൂടെയാണ് ഇന്ന് മിക്കവരും പോകുന്നത്. ഒന്നുകില്‍ ജോലിയുടെ ഭാഗമായി ദീര്‍ഘസമയം കംപ്യൂട്ടര്‍- ലാപ്ടോപ് സ്ക്രീൻ നോക്കിയിരിക്കുന്നവരാണ് ഏറെ പേരും. അല്ലെങ്കില്‍ മൊബൈല്‍ സ്ക്രീനിലേക്ക് നോക്കി മണിക്കൂറുകള്‍ ചെലവിടും. 

ഈ ജീവിതരീതി മൂലം ഏറെ കഷ്ടപ്പെടുന്നത് കണ്ണുകള്‍ തന്നെയാണ്. ക്രമേണയാണ് ഇതിന്‍റെ പരിണിതഫലങ്ങള്‍ നാം അറിയുകയുള്ളൂ. അതിനാല്‍ തന്നെ മിക്കവരും ഇക്കാര്യങ്ങളിലൊന്നും വേണ്ടവിധം ശ്രദ്ധ ചെലുത്തില്ല. കണ്ണുകളുടെ ആരോഗ്യം പതിയെ നഷ്ടപ്പെടുന്നത് തടയാൻ തീര്‍ച്ചയായും സ്ക്രീൻ സമയം പരിമിതപ്പെടുത്തണം.ഇതിനൊപ്പം തന്നെ ഡയറ്റില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ചില ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. ഇത്തരത്തിലുള്ള ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മിക്കവര്‍ക്കും അറിയുന്ന കാര്യമാണ്, ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നത്. ചീര, മുരിങ്ങ പോലുള്ള ഇലക്കറികളെല്ലാം ഇങ്ങനെ കഴിക്കാവുന്നതാണ്.

രണ്ട്...

മിക്ക വീടുകളിലും പതിവായി ഉപയോഗിക്കുന്നൊരു വിഭവമാണ് മുട്ട. പ്രോട്ടീൻ, സിങ്ക്, കെരോട്ടിനോയിഡ്സ് എന്നിവയാല്‍ സമ്പന്നമായ മുട്ട, കാഴ്ചാശക്തി മങ്ങുന്നത് തടയുന്നതിനും മറ്റും സഹായകമാകുന്നു. 

മൂന്ന്...

ബ്രൊക്കോളി അല്ലെങ്കില്‍ ബ്രസല്‍ സ്പ്രൗട്ട്സ് എന്നിവയും കണ്ണിന് ഏറെ നല്ലതാണ്. വൈറ്റമിൻ-എ, സി, ഇ എന്നിവയാലും ആന്‍റി-ഓക്സിഡന്‍റുകള്‍, കെരോട്ടിനോയിഡ്സ് എന്നിവയാലും സമ്പന്നമാണ് ഇവ. അധികവും പ്രായാധിക്യം മൂലമുണ്ടാകുന്ന കണ്ണിലെ പ്രശ്നങ്ങളെ അകറ്റാനാണ് ഇവ സഹായകമാവുക. 

നാല്...

പരിപ്പ്- പയറുവര്‍ഗങ്ങള്‍ നിത്യവും ഡയറ്റിലുള്‍പ്പെടുത്തുന്നതും കണ്ണുകള്‍ക്ക് നല്ലതാണ്. വെള്ളക്കടല (ചന്ന), രാജ്മ, ബീൻസ്,പരിപ്പ്, വെള്ളപ്പയര്‍ എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ഒരുപാട് പോഷകങ്ങളുടെ കലവറയാണ് പരിപ്പ്- പയര്‍വര്‍ഗങ്ങള്‍.

അഞ്ച്...

സാല്‍മണ്‍- ടൂണ- ട്രൗട്ട് പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതും കണ്ണുകള്‍ക്ക് വളരെ നല്ലതാണ്. ഒമേഗ- 3 ഫാറ്റി ആസിഡാണ് പ്രധാനമായും ഇവയില്‍ അടങ്ങിയിട്ടുള്ളത്. ഗ്ലൂക്കോമ പോലുള്ള രോഗങ്ങളെ അകറ്റുന്നതിന് ഇവ സഹായകമായിരിക്കും. 

ആറ്...

വിവിധ കറികളിലേക്കും വിഭവങ്ങളിലേക്കുമെല്ലാം ചേരുവയായി ചേര്‍ക്കുന്ന ഒന്നാണ് കാപ്സിക്കം. ഇവയും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും. തിമിരം പോലുള്ള അസുഖങ്ങളെ ചെറുക്കുന്നതിനാണ് ഇവ കാര്യമായും സഹായകമാകുന്നത്. 

ഏഴ്...

പല ആരോഗ്യഗുണങ്ങളുമുള്ള ഭക്ഷണങ്ങളാണ് നട്ട്സും സീഡ്സും. ഇവയും പതിവായി മിതമായ അളവില്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തും. 

എട്ട്...

ഓറഞ്ച് നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളുമാണ് അടുത്തതായി കണ്ണുകള്‍ക്ക് വേണ്ടി കഴിക്കേണ്ട ഭക്ഷണങ്ങള്‍. എന്തെന്നാല്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റ കെരോട്ടിൻ (വൈറ്റമിൻ-എ)രാത്രിയില്‍ കാഴ്ചശക്തി നല്ലരീതിയില്‍ പ്രവര്‍ത്തിക്കുന്നതിന് സഹായകമാകുന്നു. ക്യാരറ്റ്, മാമ്പഴം, ആപ്രിക്കോട്ട് എന്നിവയെല്ലാം ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. 

Also Read:-കണ്ണുകളെ ദോഷകരമായി ബാധിക്കുന്ന നിങ്ങളുടെ അഞ്ച് ശീലങ്ങള്‍...

click me!