മഞ്ഞുകാലത്ത് പ്രമേഹം നിയന്ത്രിക്കാൻ ഭക്ഷണത്തില്‍ ശ്രദ്ധിക്കാം ഇവ...

By Web TeamFirst Published Jan 18, 2023, 3:29 PM IST
Highlights

ചില കേസുകളില്‍ പ്രമേഹം രോഗികളുടെ കാഴ്ചാശക്തി കവര്‍ന്നെടുക്കുകയോ കാലുകളോ വിരലുകളോ മുറിച്ചുനീക്കേണ്ട അവസ്ഥയിലെത്തിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള ഗൗരവതരമായ സാഹചര്യങ്ങളെല്ലാം ഒഴിവാക്കുന്നതിന് പ്രമേഹം കാര്യക്ഷമമായി നിയന്ത്രിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ മഞ്ഞുകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിന് ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

പ്രമേഹരോഗമെന്നത് ഒരു ജീവിതശൈലീരോഗം എന്ന നിലയ്ക്ക് അല്‍പം നിസാരമാക്കി തന്നെയാണ് മുൻകാലങ്ങളിലെല്ലാം കണക്കാക്കപ്പെട്ടിരുന്നത്. എന്നാലിപ്പോള്‍ പ്രമേഹമടക്കമുള്ള ജീവിതശൈലീരോഗങ്ങളെ അല്‍പം കൂടി ഗൗരവത്തോടെ ഏവരും സമീപിച്ചുതുടങ്ങി. 

ശരീരത്തില്‍ ഇൻസുലിൻ ഹോര്‍മോണ്‍ ഉത്പാദനം കുറയുകയോ അല്ലെങ്കില്‍ ഉള്ള ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനം കൃത്യമായി നടക്കാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് പ്രമേഹത്തിലുള്ളത്. പ്രമേഹം അറിഞ്ഞോ അറിയാതെയോ നിയന്ത്രിക്കാതെ മുന്നോട്ട് കൊണ്ടുപോയാല്‍ അത് ക്രമേണ ഹൃദയം, കരള്‍, നാഡീവ്യവസ്ഥ, കണ്ണുകള്‍ എന്നിങ്ങനെ പല അവയവങ്ങളെയും ബാധിക്കാം. 

ചില കേസുകളില്‍ പ്രമേഹം രോഗികളുടെ കാഴ്ചാശക്തി കവര്‍ന്നെടുക്കുകയോ കാലുകളോ വിരലുകളോ മുറിച്ചുനീക്കേണ്ട അവസ്ഥയിലെത്തിക്കുകയോ ചെയ്യാറുണ്ട്. ഇങ്ങനെയുള്ള ഗൗരവതരമായ സാഹചര്യങ്ങളെല്ലാം ഒഴിവാക്കുന്നതിന് പ്രമേഹം കാര്യക്ഷമമായി നിയന്ത്രിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ മഞ്ഞുകാലത്ത് പ്രമേഹം നിയന്ത്രിക്കുന്നതിന് ഡയറ്റിലുള്‍പ്പെടുത്താവുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

മഞ്ഞുകാലത്ത് സീസണലായി കിട്ടുന്ന ഫ്രൂട്ട് ആണ് ഓറഞ്ച്. പൊട്ടാസ്യം, ഫൈബര്‍, വൈറ്റമിൻ-സി എന്നിവയാലെല്ലാം സമ്പന്നമായ ഓറഞ്ചിന്‍റെ ഗ്ലൈസമിക് സൂചിക വളരെ കുറവാണ്. അതായത് ഇതിന് ഷുഗര്‍ കൂട്ടാനുള്ള കഴിവ് തീരെ കുറവാണ്. ഇതിന് പുറമെ വൈറ്റമിൻ-സി പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ ഗ്ലൂക്കോസ് നില താഴ്ത്തുന്നതിന് സഹായകമാണ്.  മറ്റ് പല പഴങ്ങളും കഴിക്കുന്നതിന് പകരം പ്രമേഹമുള്ളവര്‍ ഓറഞ്ചിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് നന്നായിരിക്കും. 

രണ്ട്...

മധുരക്കിഴങ്ങും ഈ സീസണലില്‍ പ്രമേഹരോഗികള്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്.  എന്നുവച്ചാല്‍ സാധാരണഗതിയില്‍ ഉപയോഗിക്കുന്ന ഉരുളക്കിഴങ്ങ് വേണ്ടെന്ന് വച്ച് മിതമായ അളവില്‍ മധുരക്കിഴങ്ങ് ഉപയോഗിക്കാം. പേരില്‍ മധുരമുണ്ടെങ്കിലും പ്രമേഹരോഗികള്‍ക്ക് പ്രശ്നമാകുന്ന തോതില്‍ മധുരക്കിഴങ്ങിന് ഗ്ലൂക്കോസ് വര്‍ധിപ്പിക്കാൻ കഴിയില്ല. ഒരുപാട് പോഷകങ്ങളടങ്ങിയ ഭക്ഷണം കൂടിയാണ് മധുരക്കിഴങ്ങ്. ഫൈബറിന്‍റെയും നല്ലൊരു സ്രോതസാണിത്. 

മൂന്ന്...

മഞ്ഞുകാലത്ത് സീസണലായി ലഭിക്കുന്നൊരു പച്ചക്കറിയാണ് ക്യാരറ്റ്. ഇതും പ്രമേഹരോഗികള്‍ക്ക് ഏറെ അനുയോജ്യമായ ഭക്ഷണമാണ്. ഗ്ലൈസമിക് സൂചിക കുറവാണെന്നതും വൈറ്റമിൻ-സി നല്ലരീതിയില്‍ അടങ്ങിയിരിക്കുന്നു എന്നതിനാലുമാണ് ക്യാരറ്റ് പ്രമേഹരോഗികള്‍ക്ക് അനുയോജ്യമായി വരുന്നത്. പ്രമേഹമുള്ളവരുടെ കണ്ണുകളെ പിന്നീട് ബാധിക്കാനിടയുള്ള റെറ്റിനോപ്പതി എന്ന പ്രശ്നത്തെ അകറ്റിനിര്‍ത്താനും ക്യാരറ്റ് സഹായകമാണ്. ക്യാരറ്റിലടങ്ങിയിരിക്കുന്ന ബീറ്റ കെരോട്ടിൻ, വൈറ്റമിൻ -എ എന്നീ ഘടകങ്ങളാണ് ഇതിന് സഹായിക്കുന്നത്. 

നാല്...

സ്പൈസുകള്‍ക്കെല്ലാം സാധാരണഗതിയില്‍ ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്. ഇക്കൂട്ടത്തില്‍ കറുവപ്പട്ടയാണെങ്കില്‍ ഇത് ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പോസിറ്റീവ് ആയ രീതിയില്‍ സ്വാധീനിക്കുകയും രക്തത്തിലെ ഷുഗര്‍നില താഴ്ത്താൻ സഹായിക്കുകയും ചെയ്യും. കറുവപ്പട്ട ജ്യൂസുകളിലോ സ്മൂത്തികളിലോ ചായയിലോ വെള്ളത്തിലോ എല്ലാം ചേര്‍ക്കാവുന്നതാണ്. 

അഞ്ച്...

ചില സീസണല്‍ പച്ചക്കറികളും  മഞ്ഞുകാലത്ത് പ്രമേഹരോഗികളുടെ ഡയറ്റിലുള്‍ഡപ്പെടുത്താവുന്നതാണ്. ബ്രൊക്കോളി, ക്യാബേജ്, കോളിഫ്ളവര്‍ എന്നിവയെല്ലാമാണ് പ്രധാനമായും ഈ പച്ചക്കറികള്‍. വൈറ്റമിൻ-സിയാല്‍ സമ്പന്നാണ് ഇവ. അതുപോലെ ഇവയിലെ ഫൈബറിന്‍റെ അളവും കൂടുതലാണ്. ഇതും പരോക്ഷമായി പ്രമേഹനിയന്ത്രണത്തിന് സഹായിക്കും. 

ആറ്...

പല ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് ആപ്പിള്‍. ആപ്പിളും പ്രമേഹരോഗികള്‍ക്ക് സധൈര്യം കഴിക്കാവുന്നതാണ്. ഇതില്‍ മധുരമുണ്ടെങ്കിലും ഇത് രക്തത്തിലെ ഷുഗര്‍നില കൂട്ടുകയില്ല. ഇൻസുലിൻ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ പോസിറ്റീവായി സ്വാധീനിക്കാൻ ആപ്പിളിനും കഴിവുണ്ട്. ആപ്പിളിലടങ്ങഇയിരിക്കുന്ന ആന്‍റി-ഓക്സിഡന്‍റ് ആന്തോ- സയാനിൻ ടൈപ്പ്- 2 പ്രമേഹത്തെ പ്രതിരോധിക്കാനും സഹായിക്കുന്നു. 

Also Read:- മഞ്ഞുകാലമായിട്ട് സ്കിൻ വല്ലാതെ ഡ്രൈ ആകുന്നോ? വീട്ടില്‍ ചെയ്യാം പരിഹാരങ്ങള്‍...

click me!