സ്ട്രെസ് അകറ്റാനും സന്തോഷം അനുഭവപ്പെടാനും കഴിക്കാവുന്ന ഭക്ഷണങ്ങള്‍...

By Web TeamFirst Published Mar 21, 2023, 8:02 PM IST
Highlights

മാനസികാരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തിനോക്കാം. സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദമകറ്റുന്നതിനും സന്തോഷം അനുഭവപ്പെടുന്നതിനും സഹായകമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്.

നാം എന്ത് ഭക്ഷണമാണോ കഴിക്കുന്നത്, അതുതന്നെയാണ് വലിയൊരു പരിധി വരെ നമ്മുടെ ആരോഗ്യത്തെ നിര്‍ണയിക്കുന്നത്. അതിനാല്‍ തന്നെ എന്ത് ആരോഗ്യപ്രശ്നങ്ങളുണ്ടായാലും ആദ്യം ഡയറ്റില്‍ തന്നെ ചില അഴിച്ചുപണികള്‍ നടത്തിനോക്കണം. എന്നിട്ടും ഭേദപ്പെടുന്നില്ല എങ്കില്‍ തീര്‍ച്ചയായും അതിന് മറ്റെന്തെങ്കിലും കാരണമുണ്ടായിരിക്കുമെന്നതിനാല്‍ ഡോക്ടറെ കണ്ട് വേണ്ട നിര്‍ദേശം തേടണം. 

ഇത്തരത്തില്‍ മാനസികാരോഗ്യ നില മെച്ചപ്പെടുത്തുന്നതിനും ഡയറ്റില്‍ മാറ്റങ്ങള്‍ വരുത്തിനോക്കാം. സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദമകറ്റുന്നതിനും സന്തോഷം അനുഭവപ്പെടുന്നതിനും സഹായകമാകുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഡാര്‍ക് ചോക്ലേറ്റ്: ഇതിലടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്‍ 'എൻഡോര്‍ഫിൻസ്' എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നതിന് സഹായിക്കുന്നു. ഈ ഹോര്‍മോണ്‍ വേദനകളെയും സമ്മര്‍ദ്ദങ്ങളെയും ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. ഡാര്‍ക് ചോക്ലേറ്റിലുള്ള മഗ്നീഷ്യവും സ്ട്രെസും ഉത്കണ്ഠയുമകറ്റാൻ സഹായിക്കുന്നതാണ്. 

രണ്ട്...

അവക്കാഡോ: ആരോഗ്യത്തിന് ഒരുപാട് ഗുണങ്ങളള്‍ നല്‍കുന്നൊരു ഭക്ഷണമാണ് അവക്കാഡോ. ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍, പൊട്ടാസ്യം, ആരോഗ്യകരമായ കൊഴുപ്പുകള്‍, വൈറ്റമിൻ ബി6 എന്നിവയെല്ലാം ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാകുന്നു. സന്തോഷത്തിന്‍റെ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന 'സെറട്ടോണിൻ'
 ഉത്പാദിപ്പിക്കാനാണ് അവക്കാഡോ സഹായിക്കുന്നത്. 

മൂന്ന്...

ബ്ലൂബെറി: ധാരാളം ആന്‍റി-ഓക്സിഡന്‍റുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ബ്ലൂബെറി സ്ട്രെസിനെതിരെ പോരാടാൻ സഹായിക്കുന്നു. വൈറ്റമിൻ സിയുടെ നല്ലൊരു സ്രോതസ് കൂടിയാണ് ബ്ലൂബെറി. വൈറ്റമിൻ-സിയും സമ്മര്‍ദ്ദമകറ്റുന്നതിന് സഹായിക്കുന്ന ഘടകമാണ്. 

നാല്...

ഇലക്കറികള്‍ : ചീര, മുരിങ്ങ, ലെറ്റൂസ് എന്നിവ പോലത്തെ ഇലക്കറികള്‍ കഴിക്കുന്നതും സ്ട്രെസ് അകറ്റുന്നതിന് നല്ലതാണ്. ഇവയിലടങ്ങിയിരിക്കുന്ന വൈറ്റമിനുകളും ധാതുക്കളുമാണ് ഇതിന് സഹായിക്കുന്നത്. ഇലക്കറികളിലുള്ള മഗ്നീഷ്യവും സ്ട്രെസ് അകറ്റുന്നതിന് സഹായിക്കുന്നു. 

അഞ്ച്...

പുളിപ്പിച്ച ഭക്ഷണസാധനങ്ങള്‍ : പുളിപ്പിച്ച ശേഷം ഉപയോഗിക്കുന്ന ഭക്ഷണസാധനങ്ങളില്‍ അടങ്ങിയിട്ടുള്ള ബാക്ടീരിയ (ഉദാഹരണം- തൈര്) വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്തുന്നത് സ്ട്രെസില്‍ നിന്ന് ആശ്വാസം നല്‍കാൻ ഏറെ സഹായകമാണ്. ഉത്കണ്ഠയും ഇതോടൊപ്പം കുറയും.

ആറ്...

ചെറി ടൊമാറ്റോ: ഇതിലടങ്ങിയിരിക്കുന്ന 'ലൈസോപീൻ' ആണ് മാനസിക സന്തോഷം ഉണ്ടാക്കുന്നതിന് സഹായിക്കുന്നതത്രേ. 

ഏഴ്...

നട്ട്സ്- സീഡ്സ് : ദിവസവും അല്‍പം നട്ട്സ്- സീഡ്സ് എന്നിവ കഴിക്കുന്നതും സ്ട്രെസ് ഉള്ളവരെ സംബന്ധിച്ച് നല്ലൊരു ഡയറ്റ് ടിപ് ആണ്. ഇവയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയാണിതിന് സഹായിക്കുന്നത്. 

എട്ട്...

നേന്ത്രപ്പഴം: നേന്ത്രപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന 'സെറട്ടോണിൻ' വളരെ പെട്ടെന്ന് തന്നെ നമ്മുടെ മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിനും സമ്മര്‍ദ്ദങ്ങളില്‍ നിന്ന് ആശ്വാസം അനുഭവപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

Also Read:- ഉറങ്ങാൻ പോകുന്നതിന് മുമ്പ് ഈ ഭക്ഷണങ്ങള്‍ കഴിക്കല്ലേ...

 

click me!