'സ്‌ട്രെസ്' കുറയ്ക്കാം, തലച്ചോറിന്റെ പ്രവര്‍ത്തനം കൂട്ടാം; കഴിക്കാം ഈ നാല് ഭക്ഷണങ്ങള്‍...

By Web TeamFirst Published Jan 9, 2020, 8:41 PM IST
Highlights

മാനസികാരോഗ്യത്തിന് ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ചില പോഷകങ്ങളുണ്ട്. നമ്മുടെ മൂഡ് വ്യത്യാസങ്ങള്‍, ഉത്കണ്ഠ, സമ്മര്‍ദ്ദങ്ങള്‍ ഇവയെല്ലാം ഒരു പരിധി വരെ ഭക്ഷണത്തിലെ അപാകതകള്‍ കൊണ്ട് കൂടി സംഭവിക്കുന്നതാണ്. അതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഡയറ്റ് തീര്‍ച്ചയായും പിന്തുടരുക

നമ്മള്‍ കഴിക്കുന്ന ഭക്ഷണം എന്തുമാകട്ടെ അത്, ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തെ ഒരുപോലെ സ്വാധീനിക്കുന്നുണ്ട്. പലപ്പോഴും മനസ് എന്നത് ശരീരത്തിന് പുറത്തുള്ള ഒന്നായിട്ടാണ് ആളുകള്‍ സങ്കല്‍പിക്കുന്നത്. എന്നാല്‍, അങ്ങനെയല്ല, തലച്ചോറിനെ തന്നെയാണ് നമ്മള്‍ മനസ് എന്നും വിളിക്കുന്നത്. തലച്ചോര്‍ ശരീരത്തിന്റെ ഭാഗമല്ലേ? അപ്പോള്‍ അതിന്റെ പ്രവര്‍ത്തനത്തേയും നമ്മുടെ ഭക്ഷണം സ്വാധീനിക്കുന്നുണ്ട്.

ഭക്ഷണം ബുദ്ധിയുടെ പ്രവര്‍ത്തനവുമായി വളരെ അടുത്തുകിടക്കുന്ന ഘടകമാണെന്ന് മുമ്പ് പല പഠനങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. അതിനെ സാധൂകരിക്കും വിധത്തിലുള്ള പുതിയൊരു പഠനത്തെക്കുറിച്ച് 'യൂറോപ്യന്‍ ന്യൂറോ സൈക്കോഫാര്‍മക്കോളജി' എന്ന പ്രസിദ്ധീകരണത്തില്‍ വന്ന വിശദാംശങ്ങള്‍ നോക്കുക.

മാനസികാരോഗ്യത്തിന് ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ചില പോഷകങ്ങളുണ്ട്. നമ്മുടെ മൂഡ് വ്യത്യാസങ്ങള്‍, ഉത്കണ്ഠ, സമ്മര്‍ദ്ദങ്ങള്‍ ഇവയെല്ലാം ഒരു പരിധി വരെ ഭക്ഷണത്തിലെ അപാകതകള്‍ കൊണ്ട് കൂടി സംഭവിക്കുന്നതാണ്. അതിനാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്ന തരത്തിലുള്ള ഡയറ്റ് തീര്‍ച്ചയായും പിന്തുടരുക.

 


ധാരാളം പച്ചക്കറികളും, പഴങ്ങളും, ധാന്യങ്ങളും, നട്ട്‌സും, ബീന്‍സും, ഒലീവ് ഓയിലുമെല്ലാം പ്രധാന ഘടകങ്ങളായി വരുന്ന 'മെഡിറ്ററേനിയന്‍' ഡയറ്റ് ആണത്രേ ബുദ്ധിക്ഷമതയ്ക്ക് ഏറ്റവും ഗുണകരമാകുന്ന ഡയറ്റ്. റെഡ് മീറ്റിന്റെ അളവ് കുറയ്ക്കുകയും പാലും പാലുത്പന്നങ്ങളും പരിമിതമായ അളവില്‍ ഉപയോഗിക്കുകയും ചെയ്യുകയെന്നതും 'മെഡിറ്ററേനിയന്‍' ഡയറ്റിന്റെ പ്രത്യേകതയാണ്.

കൃത്യമായി ഒരു ഡയറ്റ് തന്നെ പിന്തുടരാന്‍ കഴിയാത്തവര്‍ക്കും നിത്യജീവിതത്തില്‍ അല്‍പം ശ്രദ്ധ പുലര്‍ത്തിയാല്‍ മാനസികാരോഗ്യം മെച്ചപ്പെടുത്താവുന്നതാണ്. അത്തരത്തില്‍ കഴിക്കാവുന്ന നാല് ഭക്ഷണത്തെക്കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്...

നട്ട്‌സും സീഡ്‌സും തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നവയാണ്. അതില്‍ തന്നെ വാള്‍നട്ട്‌സ് ആണ് ഏറ്റവും ഗുണകരമായിട്ടുള്ളത്.

 


ഇതിലടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകളാണ് തലച്ചോറിനെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കുന്നത്.

രണ്ട്...

വിവിധയിനം ബെറികളും ബുദ്ധിയുടെ പ്രവര്‍ത്തനത്തെ ഊര്‍ജ്ജിതമാക്കുന്നു. ബ്ലൂബെറീസ്, റാസ്‌ബെറീസ്, ബ്ലാക്ക്‌ബെറീസ്, സ്‌ട്രോബെറീസ് എന്നിവയെല്ലാം ആന്റി ഓക്‌സിഡന്റുകള്‍ കൊണ്ട് സമ്പുഷ്ടമാണ്. തലച്ചോറിലെ കോശങ്ങളുടെ കേടുപാടുകള്‍ തീര്‍ക്കാന്‍ ഇവ ഏറെ സഹായകമാണ്. ഇതോടൊപ്പം തന്നെ വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും ഇവയ്ക്ക് കഴിവുണ്ട്.

മൂന്ന്...

ഫാറ്റി ഫിഷ് എന്ന ഗണത്തില്‍പ്പെടുന്ന മീനുകളും ബുദ്ധിക്ക് വളരെ നല്ലതാണ്. സാല്‍മണ്‍, അയല, ചൂര, മത്തി എന്നീ മീനുകള്‍ ഇതിലുള്‍പ്പെടുത്താം. വാള്‍നട്ട്‌സിന്റെ കാര്യം സൂചിപ്പിച്ചത് പോലെ ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഇവയുടേയും പ്രത്യേകത.

 

 

ബുദ്ധിയുടെ ആകെ ആരോഗ്യം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി വര്‍ധിപ്പിക്കാനുമെല്ലാം ഇവ ഉപകരിക്കും.

നാല്...

നാലാമതായി പറയാനുള്ളത് യോഗര്‍ട്ടിനെ കുറിച്ചാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതല്‍ പേര്‍ ഇപ്പോള്‍ യോഗര്‍ട്ട് പതിവായി കഴിക്കുന്നുണ്ട്. ശരീരത്തിന് ആവശ്യമായ ബാക്ടീരിയകളെ ഉത്പാദിപ്പിക്കുന്ന കാര്യത്തില്‍ യോഗര്‍ട്ട് മുന്‍പന്തിയിലാണ്. ഇത്തരം ബാക്ടീരിയകള്‍ മാനസികാരോഗ്യത്തേയും അനുകൂലമായി സ്വാധീനിക്കാറുണ്ട്. വിഷാദവും സ്‌ട്രെസും ഉത്കണ്ഠയും കുറയ്ക്കാനും യോഗര്‍ട്ട് കഴിക്കുന്നത് കൊണ്ട് കഴിഞ്ഞേക്കും.

click me!