മുട്ടയുടെ വെള്ള മാത്രമോ മുഴുവനോ? ആരോഗ്യത്തിന് മികച്ചതാര് ?

Published : Jan 09, 2020, 12:14 PM IST
മുട്ടയുടെ വെള്ള മാത്രമോ മുഴുവനോ? ആരോഗ്യത്തിന് മികച്ചതാര് ?

Synopsis

മുട്ട എല്ലാവര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്.  ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്​.

മുട്ട എല്ലാവര്‍ക്കും ഇഷ്ടമുളള ഭക്ഷണമാണ്.  ഭക്ഷണത്തിൽ മുട്ടയുടെ സാന്നിധ്യം ഇല്ലാത്ത അവസ്​ഥ പലർക്കും ആലോചിക്കാൻ കഴിയില്ല. പ്രഭാതഭക്ഷണത്തിലും ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ഡസർട്ടുകളിലുമെല്ലാം മുട്ട ഒഴിവാക്കാനാവാത്ത സാന്നിധ്യമാണ്​. മുട്ടക്ക്​ പകരം വെക്കാൻ മുട്ടയല്ലാതെ മറ്റൊന്നില്ലെന്ന്​ വ്യക്​തം. പോഷകങ്ങളുടെ ഒരു കലവറയാണ് മുട്ട. വൈറ്റമിന്‍ എ, ബി, കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ ധാരാളം ഘടകങ്ങള്‍ അടങ്ങിയ ഒന്നാണ് മുട്ട. മുട്ടയുടെ മഞ്ഞയും വെള്ളയും ഒരുപോലെ ആരോഗ്യകരമാണ്. പൂര്‍ണഫലം ലഭിക്കണമെങ്കില്‍ ഇവ മുഴുവന്‍ കഴിക്കണം. ചിലര്‍ക്ക് മുട്ടയുടെ വെള്ള മാത്രമാണ് ഇഷ്ടമെങ്കില്‍ മറ്റുചിലര്‍ക്ക് മഞ്ഞയോടാണ് പ്രിയം. 

നിങ്ങള്‍ മുട്ടയുടെ വെള്ള മാത്രമാണോ കഴിക്കുന്നത് അതോ മുഴുവനായി കഴിക്കുമോ? ഏത് ഭാഗമാണോ കഴിക്കുന്നത് അതനുസരിച്ച് മുട്ടയില്‍ നിന്നും നിങ്ങള്‍ക്ക് ലഭിക്കുന്ന ഗുണവും മാറും. 

പ്രോട്ടീനിന്‍റെ സാന്നിധ്യം തന്നെയാണ്​ മിക്ക ഭക്ഷണത്തിലും മുട്ടയെ ചേരുവയാക്കിയത്​. മുഴുവനോടെ കഴിക്കുമ്പോള്‍ പ്രോട്ടീന്‍ മാത്രമല്ല മറിച്ച് വൈറ്റമിനും മിനറലുകളും ലഭിക്കും. 

മുട്ടയുടെ വെള്ളയില്‍ നിന്നും മഞ്ഞയില്‍ നിന്നും ധാരാളം പ്രോട്ടീന്‍ ലഭിക്കും. അതേ സമയം വെള്ളയില്‍ കലോറി കുറവായിരിക്കും. മഞ്ഞയില്‍ കലോറി കൂടുതലും. മഞ്ഞയില്‍ നിന്ന് വൈറ്റമിനും മിനറലുകളും ധാരാളം കിട്ടുമ്പോള്‍ വെള്ളയില്‍ അവ കുറവായിരിക്കും. അതിനാല്‍ മുട്ട മുഴുവനായി കഴിക്കുന്നതാണ് ഏറ്റവും മികച്ചത്. 

 

മുട്ടയുടെ മഞ്ഞയെ പലരും ശത്രുവായാണ് കാണുന്നത്. മുട്ടയുടെ മഞ്ഞ കഴിച്ചാൽ കൊളസ്ട്രോൾ കൂടുമെന്നാണ് പൊതുവേ പറയുന്നത്. മഞ്ഞക്കരു ആരോ​ഗ്യത്തിന് വളരെ നല്ലതാണെന്നാണ് പ്രമുഖ ഓസ്ട്രേലിയന്‍ ഡയറ്റീഷ്യനായ ലിന്‍ഡി കോഹന്‍ പറയുന്നത്. മഞ്ഞക്കരു കഴിച്ചാൽ ശരീരത്തിൽ ചീത്ത കൊളസ്ട്രോൾ കൂടുമെന്നാണ് വിചാരം. പലർക്കും മഞ്ഞക്കരുവിന്റെ ​ഗുണങ്ങളെ  കുറിച്ച് അറിയില്ലെന്നും ലിന്‍ഡി പറയുന്നു.

വൈറ്റമിനുകളായ എ, ഡി, ഇ, കെ എന്നിവ കൂടാതെ ഒമേഗ 3 ഫാറ്റി ആസിഡിന്റെയും കലവറയാണ് മുട്ടയുടെ മഞ്ഞ. ഹൃദയാരോഗ്യത്തിന്‌ ഏറ്റവും മികച്ചതാണ് ഒമേഗ 3. മനുഷ്യരിലെ പ്രതിരോധശേഷി കൂട്ടാനും മുടിവളര്‍ച്ചയ്ക്കും, ചര്‍മത്തിന്റെ ആരോഗ്യത്തിനുമെല്ലാം ഈ പോഷകങ്ങള്‍ ആവശ്യമാണ്. ലോ ഫാറ്റ് ഡയറ്റ് എന്ന ആശയത്തിന്റെ ഭാഗമായിട്ടായിരുന്നു മുട്ടയുടെ വെള്ള മാത്രം കഴിക്കുക എന്ന ശീലം വ്യാപകമായത്.

 

 

മുട്ട മുഴുവനായി കഴിക്കുന്നതിന്‍റെ ഗുണങ്ങള്‍...

1. പ്രോട്ടീൻ പേശികളുടെ കേടുപാടുകൾ തീർക്കുകയും രക്​തത്തിലെ പഞ്ചസാരയുടെ അളവിനെ ക്രമീകരിക്കുകയും ചെയ്യുന്നു. പ്രതിരോധ ശേഷി വർധിപ്പിക്കുകയും ശരീരഭാരം കുറക്കാനും സഹായിക്കുന്നു. മുട്ടയിലെ മഞ്ഞക്കരു പേശി നിർമാണത്തെ സഹായിക്കുന്നു.

2. വിറ്റാമിൻ ഡിയാൽ സമ്പുഷ്​ഠമാണ്​ മുട്ട. ഇതിന്​ പുറ​മെ ഫോസ്​ഫറസി​ന്‍റെ സാന്നിധ്യവും ബലമുള്ള എല്ലുകളുടെയും പല്ലി​ന്‍റെയും നിർമാണത്തിന്​ സഹായിക്കും. 

3. വിറ്റാമിൻ ബിയുടെ മികച്ച ഉറവിടം ആണ്​ മുട്ട. ഇത്​  മികച്ച നാടീവ്യവസ്​ഥക്കും മസ്​തിഷ്​കത്തി​ന്‍റെ പ്രവർത്തനത്തിനും  സഹായകമാണ്​. കൊളൈ​ന്‍റെ സാന്നിധ്യം ഓർമശക്​തി വർധിപ്പിക്കാൻ സഹായിക്കുന്നു. ​പ്രോട്ടീൻ സാന്നിധ്യം മാനസിക പ്രവർത്തനങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യും. 

4. മുട്ടയിലെ ഉയർന്ന ആന്‍റി ഓക്​സിഡന്‍റ്​  ഘടകങ്ങളുടെ സാന്നിധ്യം കണ്ണുകളുടെ സംരക്ഷണത്തിന്​ വഴിവെക്കുകയും പ്രായവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്​നങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതി​ലെ അമിനോ ആസിഡി​ന്‍റെ സാന്നിധ്യം ഹൃദ്രോഗത്തെ തടയാൻ സഹായിക്കുന്നു.  

5. ഉയർന്ന പ്രോട്ടീനി​ന്‍റെ അപൂർവമായ മികച്ച ഉറവിടമാണ്​ മുട്ട. പ്രോട്ടീൻ ദഹനത്തിന്​ കൂടുതൽ സമയമെടുക്കുന്നതിനാൽ വിശപ്പ്​ തോന്നിക്കുകയുമില്ല. കൊഴുപ്പിനെ തടയുന്ന വിറ്റാമിനുകളുടെ സാന്നിധ്യവും പ്രോട്ടീൻ സാന്നിധ്യവും അമിതഭാരം കുറക്കാൻ സഹായിക്കും. 

6. ശരീരത്തിലെ പോഷണ പ്രവർത്തനങ്ങളെ മുട്ട സഹായിക്കുമെന്നാണ്​ കണ്ടെത്തലുകൾ. ദഹനസമയത്ത്​ മുട്ടയിൽ നിന്നുള്ള പ്രോട്ടീനുകൾ പെപ്​റ്റിഡൈസ്​ ആയി രൂപാന്തരപ്പെടുകയും അതുവഴി രക്തസമ്മർദം ക്രമീകരിച്ച്​ നിർത്തുകയും ​ചെയ്യപ്പെടും. 

7. മുട്ടയിൽ കലോറിയുടെ അളവ്​ കുറവാണ്​. വലിയ മുട്ടയിൽ 78 കലോറിയേ അടങ്ങിയിട്ടുണ്ടാവുകയുള്ളൂ.

8. ഉയർന്ന കൊളസ്​ട്രോൾ ഭക്ഷണങ്ങളിലാണ്​ മുട്ടയുടെ സ്​ഥാനം. എന്നാൽ  കൊളസ്ട്രോൾ സാന്നിധ്യം കാരണം ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കേണ്ടതില്ല എന്നാണ്​ വിദഗ്​ദർ പറയുന്നത്​. രക്തത്തിലെ കൊളസ്ട്രോളി​ന്‍റെ അളവിൽ  പൂരിത കൊഴുപ്പ് (‘മോശം’ കൊഴുപ്പ്) അളവ് പരിശോധിക്കണം. മോശം കൊഴുപ്പ്​ ഉയർത്താൻ വഴിവെക്കുന്നത്​ മഞ്ഞക്കരുവാണ്​. അതിനാൽ അവ ഒഴിവാക്കി  ദിവസം രണ്ട്​  മുട്ടയുടെ വെള്ള കഴിക്കാവുന്നതാണ്​. 

മുട്ടയുടെ വെള്ള  കഴിച്ചാലുള്ള ഗുണങ്ങള്‍

ദിവസവും മുട്ടയുടെ വെള്ള കഴിച്ചാൽ നിരവധി ​ഗുണങ്ങളാണുള്ളത്. കണ്ണിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് മുട്ടയുടെ വെള്ള. തിമിരം പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മുട്ട. തിമിരത്തിനു മാത്രമല്ല, മൈഗ്രേന്‍, ഹൈപ്പര്‍ ഹോമോ സിസ്‌റ്റേനിയ എന്ന അവസ്ഥയ്ക്കും ഇതു പരിഹാരമാണ്. സോഡിയം സമ്പുഷ്ടമാണ് മുട്ടയുടെ വെള്ള. ഹൃദയം, നാഡി, വൃക്ക എന്നിവയുടെ പ്രവര്‍ത്തനത്തിന്, മസില്‍ വേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സോഡിയം ഏറെ അത്യാവശ്യമാണ്. 

സോഡിയത്തിന്റെ കുറവ് മനംപിരട്ടല്‍ പോലുള്ള അസ്വസ്ഥതകള്‍ക്കു വഴി വയ്ക്കുകയും ചെയ്യും.സോഡിയത്തിന്റെ കുറവുള്ളവര്‍ക്ക് കഴി‌ക്കാവുന്ന ഒന്നാണ് മുട്ട. ഹൃദ്രോ​ഗങ്ങളെ തടയാൻ ദിവസവും മുട്ട കഴിക്കുന്നത് ഏറെ നല്ലതാണ്.  ഇതില്‍ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ബിപി പ്രശ്‌നങ്ങളുള്ളവര്‍ക്ക് ആശ്രയിക്കാവുന്ന ഒന്നാണ് മുട്ടയുടെ വെള്ള. ഇതിലെ പൊട്ടാസ്യം തന്നെയാണ് സഹായകമാകുന്നത്. മസിൽ വളർത്താൻ ആ​ഗ്രഹിക്കുന്നവർ നിർബന്ധമായും മുട്ടയുടെ വെള്ളം കഴിക്കണം. കാരണം ഇവര്‍ക്ക് പ്രോട്ടീന്‍ അത്യാവശ്യമായ ഒന്നാണ്.

 

 മുട്ടയുടെ വെള്ളയില്‍ പ്രോട്ടീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനപ്രശ്നം അകറ്റാൻ ഏറ്റവും നല്ല മാർ​ഗമാണ് മുട്ട.  ദിവസവും മുട്ട കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. ഇതുകൊണ്ടു തന്നെ പുരുഷന്മാര്‍ മുട്ടയുടെ വെള്ള നിർബന്ധമായും കഴിച്ചിരിക്കണം. പുരുഷന്മാർ ലൈംഗികശക്തിക്ക് ദിവസവും മുട്ടയുടെ വെള്ള കഴിക്കുന്നത് ഏറെ നല്ലതാണ്.എല്ലുകളുടെ കരുത്തിന് ഏറ്റവും നല്ലതാണ് മുട്ടയുടെ വെള്ള. കാല്‍സ്യം, വൈറ്റമിന്‍ ഡി എന്നിവയാണ് എല്ലിന്റെ ബലത്തിനു സഹായിക്കുന്നത്.

ഉയർന്ന കലോറി ഭക്ഷണങ്ങളിൽ മുന്നിൽ അല്ല മുട്ട. മഞ്ഞ നീക്കുന്നതോടെ മുട്ട കുറഞ്ഞ കലോറി ഭക്ഷണമായി മാറുന്നു. നിങ്ങൾ ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ മുട്ട പൂർണമായി കഴിക്കുന്നതിന്​ പകരം വെള്ള മാത്രം കഴിക്കുക.


 

PREV
click me!

Recommended Stories

വിളര്‍ച്ചയെ തടയാന്‍ കഴിക്കേണ്ട ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍