'സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങള്‍ ഏറ്റവുമധികം വില്‍ക്കുന്നത് ഈ സംസ്ഥാനത്തില്‍'

By Web TeamFirst Published Nov 28, 2019, 5:39 PM IST
Highlights

പല ഉത്പന്നങ്ങളിലും രാസപദാര്‍ത്ഥങ്ങളുള്‍പ്പെടെയുള്ള മായം കലര്‍ന്നിട്ടുള്ളതായും, ചിലതില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നെത്തുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന അണുക്കള്‍ വലിയ തോതില്‍ അടങ്ങിയിട്ടുള്ളതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഏതെല്ലാം ഉത്പന്നങ്ങളില്‍ എന്തെല്ലാം തരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടെത്തിയത് എന്ന കാര്യം എഫ്എസ്എസ്‌ഐഎ വിശദീകരിച്ചിട്ടില്ല

രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നായി ശേഖരിച്ച പാല്‍ സാമ്പിളുകളുടെ പരിശോധനാഫലം കഴിഞ്ഞ മാസം ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) പുറത്തുവിട്ടിരുന്നു. മാരകമായ പല പദാര്‍ത്ഥങ്ങളും പരിശോധനയ്‌ക്കെത്തിയ പാല്‍ സാമ്പിളുകളില്‍ കണ്ടെത്തിയെന്നായിരുന്നു ലാബ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവര്‍ പുറത്തുവിട്ടിരുന്നില്ല. 

ഇതിന് പിന്നാലെ സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന സംസ്ഥാനങ്ങളെയും പട്ടികപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ എഫ്എസ്എസ്‌ഐഎ. രാജ്യത്ത് തന്നെ ഏറ്റവുമധികം സുരക്ഷിതമല്ലാത്ത ഭക്ഷണസാധനങ്ങള്‍ വില്‍ക്കപ്പെടുന്നത് തമിഴ്‌നാട്ടിലാണെന്നാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

പലചരക്കുസാധനങ്ങള്‍, പച്ചക്കറി, പഴങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ സാധാരണക്കാര്‍ വാങ്ങി ഉപയോഗിക്കുന്ന ഒരുപിടി ഭക്ഷണസാധനങ്ങളുടെ നിലവരാമാണ് സര്‍ക്കാര്‍ പരിശോധിച്ചിരിക്കുന്നത്. ഇതില്‍ തമിഴ്‌നാട്ടില് നിന്ന് പരിശോധനയ്‌ക്കെത്തിയ 45 ശതമാനം ഉത്പന്നങ്ങളും വില്‍പനയ്ക്ക് യോഗ്യതയില്ലാത്തവയാണെന്ന് എഫ്എസ്എസ്‌ഐഎ വിലയിരുത്തി. 

പല ഉത്പന്നങ്ങളിലും രാസപദാര്‍ത്ഥങ്ങളുള്‍പ്പെടെയുള്ള മായം കലര്‍ന്നിട്ടുള്ളതായും, ചിലതില്‍ വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നെത്തുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന അണുക്കള്‍ വലിയ തോതില്‍ അടങ്ങിയിട്ടുള്ളതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഏതെല്ലാം ഉത്പന്നങ്ങളില്‍ എന്തെല്ലാം തരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടെത്തിയത് എന്ന കാര്യം എഫ്എസ്എസ്‌ഐഎ വിശദീകരിച്ചിട്ടില്ല. 

ഈ സാഹചര്യത്തില്‍ പരാതിയുമായി കാര്‍ഷികവകുപ്പിനെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലെ 'ഫുഡ്‌ഗ്രെയ്ന്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍'. തങ്ങള്‍ വിപണിയിലെത്തിക്കുന്ന ഭൂരിപക്ഷം ഉത്പന്നങ്ങളും വില്‍പനയ്ക്ക് യോഗ്യമല്ലെന്നാണ് എഫ്എസ്എസ്‌ഐഎയുടെ റിപ്പോര്‍ട്ടെന്നും ഇക്കാര്യത്തില്‍ വിധമായ റിപ്പോര്‍ട്ട് അവര്‍ പുറത്തുവിടണമെന്നതാണ് തങ്ങളുടെ ആവശ്യമെന്നും അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എസ് പി ജയപ്രകാശന്‍ പ്രതികരിച്ചു. 

click me!