ഞൊട്ടാഞൊടിയൻ വെറുമൊരു കാട്ടുപഴമല്ല; ​ഗുണത്തിൽ കേമൻ

By Web TeamFirst Published Jul 10, 2019, 9:26 AM IST
Highlights

പാഴ്ചെടികളുടെ പട്ടികയിൽപ്പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയിൽ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒൻപത് ദിർഹവുമാണ് വില.

മൊട്ടാബ്ലി എന്ന കാട്ടു പഴമാണ് ഇപ്പോഴത്തെ താരം. വിദേശ രാജ്യങ്ങളിൽ മികച്ച വിലയും ഔഷധമൂല്യവുമുള്ള ഈ പഴം കാന്തല്ലൂർ, മറയൂർ മേഖലകളിലെ കാലാവസ്ഥയിൽ നന്നായി വളരാറുണ്ട്. പാഴ്ചെടികളുടെ പട്ടികയിൽപ്പെടുത്തിയ ഈ ചെടിയുടെ പഴത്തിന് ഒന്നിന് 17 രൂപയാണ് വില. യു.എ.ഇയിൽ 10 എണ്ണത്തിന്റെ ഒരു പാക്കറ്റിന് ഒൻപത് ദിർഹവുമാണ് വില. ഇതിന്‍റെ ഉയർന്ന വില, പുതിയ സാധ്യതകളാണ് കര്‍ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്.

ഈ പഴത്തിന്റെ മികച്ച വിലയും വിപണ സാധ്യതയും കർഷകർക്ക് പുതിയ അവസരങ്ങൾ ഒരുക്കുമെന്നതിനാൽ കൃഷിവകുപ്പ് ഇടപെട്ട് ശാസ്ത്രീയമായി വിപണനാടിസ്ഥാനത്തിൽ വ്യാപകമായി കൃഷിചെയ്യാനുള്ള സൗകര്യമൊരുക്കിയാൽ കർഷകർക്ക് പുത്തൻ വഴിയൊരുങ്ങും.

തെക്കന്‍ കേരളത്തില്‍ ഞൊട്ടാഞൊടിയൻ എന്ന് വിളിക്കുന്ന കാട്ട് ചെടിപഴത്തിന് കേരളത്തില്‍ പലയിടത്ത് പല പേരുകളാണ്. മൊട്ടാബ്ലി, മുട്ടാംബ്ളിങ്ങ,ഞൊറിഞ്ചൊട്ട, മുട്ടമ്പുളി, ഞൊട്ടയ്ക്ക എന്നിങ്ങനെ പല പേരുകൾ. ഇംഗ്ലീഷില്‍ ഗോൾഡൻബെറി എന്നാണ് വിളിക്കുന്നത്. പറമ്പിലും വഴിയരികിലും തഴച്ച് വളർന്നിരുന്ന, തമാശയായി മാത്രം മലയാളി കരുതിയിരുന്ന ഈ പഴത്തിന്റെ ഔഷധ ഗുണങ്ങൾ എന്താണെന്ന് പോലും ഭൂരിഭാഗം മലയാളികൾക്കും അറിയില്ല. 

ജീവകം എ,സി , ഇരുമ്പ്, പോളിഫിനോൾ, കാത്സ്യം, ഫോസ്ഫറസ്, കൊഴുപ്പ്, കലോറി എന്നിവയാൽ സമൃദ്ധമായതിനാൽ   ശരീര വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും മുതൽ വൃക്കരോഗത്തിനും മൂത്രതടസ്സത്തിനും വരെ ഈ പഴം ഏറെ ഉത്തമമാണ്. അതിനാൽ തന്നെ കായികതാരങ്ങൾ ഹെൽത്ത് സപ്ലിമെന്റായി ഇത് ഉപയോഗിക്കുന്നു.  

100 ഗ്രാം ഞൊട്ടാഞൊടിയനിൽ 53 കാലറി മാത്രമേ ഉള്ളൂ. കാലറി കുറഞ്ഞ ഈ ഫലം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ഇതിൽ ഭക്ഷ്യനാരുകളും ജലവും ധാരാളമുണ്ട്. പൊണ്ണത്തടി നിയന്ത്രിക്കാനും ഈ പഴം സഹായിക്കും. 
80 ശതമാനവും ജലം ആയതുകൊണ്ടു തന്നെ ശരീരഭാരം കൂടുമോ എന്ന ഭയം വേണ്ട. ഉപാപചയപ്രവർത്തനങ്ങളെ മെച്ചപ്പെടുത്തി കൂടുതൽ കാലറി കത്തിച്ചു കളയാനും ഇത് സഹായിക്കുന്നു.

 ‌പ്രമേഹരോഗികൾക്കും പ്രമേഹം ഉണ്ടാകാൻ സാധ്യതയുള്ളവർക്കും ഏറെ നല്ലതാണ് ഈ പഴം. ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാലും ഭക്ഷ്യനാരുകൾ ധാരാളം ഉള്ളതിനാലും പ്രമേഹം നിയന്ത്രിക്കാന്‍ ഈ പഴത്തിനാകും. ഞൊട്ടാഞൊടിയനിൽ ഭക്ഷ്യനാരുകൾ അടങ്ങിയതിനാൽ ഈ ഫലം പതിവായി കഴിക്കുന്നത് ദഹനം സുഗമമാക്കാനും മലബന്ധം അകറ്റാനും സഹായിക്കും. 

click me!