പേരയ്ക്ക അത്ര നിസാരക്കാരനല്ല; ​പ്രധാനപ്പെട്ട 5 ​ഗുണങ്ങൾ

By Web TeamFirst Published Dec 16, 2019, 7:01 PM IST
Highlights

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. 

ഔഷധ ഗുണങ്ങളുടെ ഒരു കലവറയാണ് പേരയ്ക്ക. വൈറ്റമിൻ എ, സി എന്നിവയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. സാധാരണ വലിപ്പമുള്ള ഒരു ഓറഞ്ചിലുള്ളതിനേക്കാൾ നാലിരട്ടി  വൈറ്റമിൻ സി  ഒരു പേരയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ ബി2, ഇ, കെ, ഫൈബർ, മാംഗനീസ്, പൊട്ടാസ്യം, അയൺ, ഫോസ്ഫറസ് എന്നിവയാൽ സമ്പുഷ്ടമാണ്  പേരയ്ക്ക. നിരവധി രോഗങ്ങളിൽ നിന്നു സംരക്ഷണം നൽകാൻ പേരയ്ക്കക്ക് കഴിയും. പേരയ്ക്ക കഴിച്ചാലുള്ള ആരോ​​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം...

ഒന്ന്...

ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വൈറ്റമിൻ സി, പൊട്ടാസ്യം എന്നിവ രക്തസമ്മർദം കുറയ്ക്കുകയും രക്തത്തിൽ കൊഴുപ്പടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. പേരയില ഉണക്കി പൊടിച്ചത് ചേർത്ത് വെള്ളം തിളപ്പിച്ചു കുടിക്കുന്നത് കൊളസ്ട്രോൾ കുറയാൻ സഹായിക്കും. നേരിയ ചുവപ്പു കലർന്ന പേരയ്ക്ക പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തും.

രണ്ട്...

 പ്രമേഹം നിയന്ത്രിക്കാൻ ദിവസവും തൊലികളയാത്ത ഒന്നോ രണ്ടോ പേരയ്ക്കാ കഴിച്ചാൽ മതി. രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാൻ ഉണക്കിപ്പൊ‌ടിച്ച പേരയിലയിട്ട വെള്ളം കുടിക്കാം.

മൂന്ന്...

രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ ഏറ്റവും മികച്ചതാണ് പേരയ്ക്ക. സാധാരണ രോഗങ്ങളായ പനി, ചുമ, ജലദോഷം എന്നിവയിൽ നിന്നു രക്ഷനേടാൻ ദിവസവും ഒരു പേരയ്ക്ക വീതം കഴിച്ചാൽ മതി. സാലഡായോ, ജ്യൂസായോ എങ്ങനെ വേണമെങ്കിലും പേരയ്ക്ക കഴിച്ച് രോഗങ്ങളിൽ നിന്നു രക്ഷനേടാം. സ്തനാർബുദം, സ്കിൻ ക്യാൻസർ, വായിലുണ്ടാകുന്ന ക്യാൻസറുകൾ എന്നിവ ത‌ടയാൻ പേരയ്ക്ക കഴിക്കാവുന്നതാണ്.

നാല്...

കാഴ്ചശക്തിക്കു വൈറ്റമിൻ എ അത്യന്താപേക്ഷിതമാണ്, കാഴ്ചശക്തി കൂട്ടാൻ കണ്ണുമടച്ച് പേരയ്ക്കയെ കൂട്ടുപിടിക്കാം. കാരണം വൈറ്റമിൻ എയാൽ സമ്പുഷ്ടമാണ് പേരയ്ക്ക. വൈറ്റമിൻ എയുടെ അഭാവം മൂലമുണ്ടാകുന്ന നിശാന്ധത തടയാൻ പേരയ്ക്ക ധാരാളമായി കഴിച്ചാൽ മതി.പ്രായാധിക്യം മൂലവുള്ള കാഴ്ചക്കുറവു പരിഹരിക്കാൻ പതിവായി പേരയ്ക്കാ ജ്യൂസ് കുടിക്കാം.

അഞ്ച്....

ധാരാളം ഫൈബർ അടങ്ങിയിരിക്കുന്ന പഴവർഗമാണ് പേരയ്ക്ക. ഇതുമൂലം നിങ്ങളുടെ ദഹനപ്രക്രിയ സുഗമമായി നടക്കുകയും അമിതവണ്ണത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. 


 

click me!