തക്കാളി ചോറ് കഴിക്കാൻ തോന്നുന്നുണ്ടോ; ഉണ്ടാക്കി നോക്കിയാലോ...

By Web TeamFirst Published Jul 17, 2020, 9:46 AM IST
Highlights

ഇടയ്ക്കൊക്കെ കുട്ടികൾക്ക് തക്കാളി ചോറ്  ഉണ്ടാക്കി കൊടുക്കൂ. വളരെ ഹെൽത്തിയും ടേസ്റ്റിയുമായ വിഭവമാണ് ഇത്. എങ്ങനെയാണ് സ്വാദൂറും തക്കാളി ചോറ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ...
 

മൂന്നും നാലും കറികൾ വച്ചാണല്ലോ നമ്മൾ ഉച്ചയ്ക്ക് ചോറ് കഴിക്കാറുള്ളത്. ഇടയ്ക്കൊന്ന് മാറ്റി പിടിക്കുന്നത് നല്ലതാണ്. എളുപ്പം തയ്യാറാക്കാവുന്നതും രുചികരവുമായ വിഭവമാണ് തക്കാളി ചോറ്. ഇതിന്റെ കൂടെ കഴിക്കാൻ കുറച്ച് അച്ചാറോ അല്ലെങ്കിൽ ഒരു പപ്പടമോ മതിയാകും. അച്ചാറോ പപ്പടമോ ഇല്ലെങ്കിൽ അൽപം തെെര് കൂട്ടി കഴിക്കാവുന്നതും ആണ്. ഇനി എങ്ങനെയാണ് രുചികരമായി തക്കാളി ചോറ് തയ്യാറാക്കുന്നതെന്ന് നോക്കാം...

വേണ്ട ചേരുവകൾ ...

1.തക്കാളി                 3 എണ്ണം
2അരി                        1 കപ്പ്
3.സവാള                   1 എണ്ണം
4.ഇഞ്ചി                     1 കഷ്ണം
5.പച്ചമുളക്               3 എണ്ണം
6.വെളുത്തുള്ളി       3 അല്ലി
7.കറുവപട്ട               1 ടീസ്പൂൺ( ചെറുതയൊന്ന് പൊടിച്ചത്)
8.ഏലയ്ക്ക                5 എണ്ണം
9.ഗ്രാമ്പൂ                     3 എണ്ണം
10. മല്ലി                      1 ടീസ്പൂൺ
11. ജീരകം                1/4 ടീസ്പൂൺ
12.അണ്ടിപരിപ്പ്       8 എണ്ണം
13.മഞ്ഞൾപ്പൊടി    1/2 ടീസ്പൂൺ
14.മുളകുപൊടി        1 ടീസ്പൂൺ
15.ഉപ്പ്                          ആവശ്യത്തിന്
16.എണ്ണ                       ആവശ്യത്തിന്
17. തേങ്ങ                    പകുതി ( ഒന്നിന്റെ പകുതി)

തയ്യാറാക്കുന്ന വിധം....

ആദ്യം തേങ്ങ, ഇഞ്ചി, വെളുത്തുള്ളി, കറുവപട്ട, ഗ്രാമ്പൂ, ഏലയ്ക്ക, മല്ലി, ജീരകം എന്നിവ കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. ശേഷം, കുക്കറിൽ എണ്ണ ചൂടാക്കി അതിലേക്ക് ബാക്കിയുള്ള പട്ട, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ഇട്ട് നന്നായി വഴറ്റി എടുക്കുക. കൂടെ അണ്ടിപ്പരിപ്പും ചേർത്ത് വറക്കുക. ശേഷം സവാളയും പച്ചമുളകും ഇട്ട് വഴറ്റുക. ഇതിലേക്ക് തക്കാളി ഇട്ട് മഞ്ഞൾപ്പൊടി, മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിക്കുക. ശേഷം അതിന്റെ കൂടെ അരച്ച് വച്ചിരിക്കുന്ന തേങ്ങ, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്  ഇട്ട് നന്നായി വഴറ്റുക. ശേഷം കഴുകി വച്ചിരിക്കുന്ന അരിയും ചേർത്ത് ഒരു മിനിറ്റ് വഴറ്റിയെടുക്കുക. അതിലേക്ക് ഒന്നര കപ്പ് വെള്ളം ഒഴിച്ച് കുക്കറിൽ മൂന്ന് വിസിൽ വരുന്നത് വരെ വേവിക്കുക. മല്ലിയിലയിട്ട് ഇളക്കിയ ശേഷം ചൂടോടെ വിളമ്പുക. തക്കാളി ചോറ് തയ്യാറായി...

അവൽ കൊണ്ടുള്ള ഒരു കിടിലൻ നാല് മണി പലഹാരം...

തയ്യാറാക്കിയത്;
​ഗീതാ കുമാരി 

click me!