എന്നും കഴിക്കാം ഒരു നെല്ലിക്ക; അകറ്റാം ഈ രോഗങ്ങളെ...

By Web TeamFirst Published Sep 12, 2019, 3:46 PM IST
Highlights

ഒരു മരുന്നായിട്ടായിരുന്നു പണ്ട് കാലത്തുള്ളവര്‍ നെല്ലിക്കയെ കണക്കാക്കിയിരുന്നത്, പൊടിച്ചും, അരിഷ്ടമാക്കിയും, തേനില്‍ മുക്കിയുമെല്ലാം നെല്ലിക്ക വീടുകളില്‍ സൂക്ഷിച്ചുവച്ചിരുന്ന ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ അത് കേവലം അച്ചാര്‍, ഉപ്പിലിട്ടത് എന്നിവയിലേക്കെല്ലാം ചുരുങ്ങിയിട്ടുണ്ട്
 

നെല്ലിക്ക, നമുക്കറിയാം എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ്. അച്ചാറിട്ടോ, ഉപ്പിലിട്ടോ എല്ലാം ചോറിന്റെ കൂട്ടത്തില്‍ കഴിക്കാനാണ് സാധാരണഗതിയില്‍ നമ്മള്‍ നെല്ലിക്ക വാങ്ങിക്കാറ്. ചിലരെങ്കിലും പതിവായി നെല്ലിക്ക, പച്ചയ്ക്ക് കഴിക്കുന്നവരുമുണ്ട്. 

ഒരു മരുന്നായിട്ടായിരുന്നു പണ്ട് കാലത്തുള്ളവര്‍ നെല്ലിക്കയെ കണക്കാക്കിയിരുന്നത്, പൊടിച്ചും, അരിഷ്ടമാക്കിയും, തേനില്‍ മുക്കിയുമെല്ലാം നെല്ലിക്ക വീടുകളില്‍ സൂക്ഷിച്ചുവച്ചിരുന്ന ഒരു സംസ്‌കാരം നമുക്കുണ്ടായിരുന്നു. ഇപ്പോള്‍ അത് ആദ്യം സൂചിപ്പിച്ച പോലെ കേവലം അച്ചാര്‍, ഉപ്പിലിട്ടത് എന്നിവയിലേക്ക് ചുരുങ്ങിയിട്ടുണ്ട്. 

കണ്ണിനും തൊലിക്കും മുടിക്കും എല്ലിനും എന്നുവേണ്ട പലവിധ ആരോഗ്യഗുണങ്ങളാണ് നെല്ലിക്കക്കുള്ളത്. ദിവസവും ഒരു നെല്ലിക്കയെങ്കിലും കഴിക്കുന്നത് കൊണ്ട് എന്തെല്ലാം അസുഖങ്ങളെ ചെറുക്കാനാകുമെന്നോ! നമുക്ക് നോക്കാം...

ഒന്ന്...

നമ്മുടെ രോഗപ്രതിരോധശേഷി കുറയുന്നതോടെയാണ് നമ്മളില്‍ പലതരം അണുബാധകളുണ്ടാകുന്നത്. ഇടയ്ക്കിടെ ജലദോഷവും ചുമയും തൊണ്ടവേദനയും പനിയുമെല്ലാം വരുന്നത് ഒരുപക്ഷേ പ്രതിരോധശേഷിയിലുണ്ടായ കുറവിനാലാകാം. 

വേറെയും ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകാം. അപ്പോള്‍ രോഗപ്രതിരോധശേഷി നിലനിര്‍ത്തുകയെന്നത് ആരോഗ്യകാര്യങ്ങളില്‍ ഏറ്റവും പ്രധാനം തന്നെയാണ്. ഇതിന് നെല്ലിക്കയ്ക്ക് നമ്മളെ സഹായിക്കാനാകും. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും വിറ്റാമിന്‍- സിയുമാണ് ഇതിനായി സഹായിക്കുന്നത്. 

രണ്ട്...

മുടിക്കും ചര്‍മ്മത്തിനും നെല്ലിക്ക ഉത്തമമാണെന്ന് നമ്മള്‍ മുമ്പ് പലപ്പോഴും കേട്ടിട്ടുണ്ടാകും. ഡയറ്റില്‍ സ്ഥിരമായി നെല്ലിക്കയുള്‍പ്പെടുത്തുമ്പോള്‍ മുടിയുടെ ആരോഗ്യത്തിലും ചര്‍മ്മത്തിന്റെ തിളക്കത്തിലും ഈ മാറ്റം കാണാനാകുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. അതുപോലെ നെല്ലിക്കാപ്പൊടിയും തൈരും മുടിയില്‍ തേക്കുന്നത് താരനകറ്റാനും മുഖത്ത് തേക്കുന്നത് ചര്‍മ്മത്തിലെ പാടുകളകറ്റാനും സഹായകമാണ്. 

മൂന്ന്...

ഉദരസംബന്ധമായ അസ്വസ്ഥതകള്‍ക്ക്, പ്രത്യേകിച്ച് ദഹനപ്രശ്‌നങ്ങള്‍ക്ക് വളരെയധികം ഉപയോഗപ്രദമാണ് നെല്ലിക്ക. ഒരു ടീസ്പൂണോളം നെല്ലിക്കാപ്പൊടി ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ കലക്കി രാവിലെ കുടിക്കുന്നത മലബന്ധം, അസിഡിറ്റി എന്നീ പ്രശ്‌നങ്ങളുള്ളവര്‍ക്ക് വലിയ ആശ്വാസം നല്‍കും. അള്‍സര്‍ ഉള്ളവര്‍ക്ക് സ്വല്‍പം ആശ്വാസത്തിനായും നെല്ലിക്ക കഴിക്കാവുന്നതാണ്. 

നാല്...

പ്രമേഹമുള്ളവരും നെല്ലിക്ക കഴിക്കുന്നത് വളരെ നല്ലതാണ്. നെല്ലിക്കയിലടങ്ങിയിരിക്കുന്ന ക്രോമിയം എന്ന ഘടകം ഇന്‍സുലിനോട് പ്രതികരിക്കാന്‍ ശരീരത്തെ കൂടുതലായി പ്രേരിപ്പിക്കും. 

പലരിലും ആവശ്യത്തിനുള്ള ഇന്‍സുലിന്‍ അവരുടെ ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ ശരീരം അതിനോട് പ്രതികരിക്കാതിരിക്കുന്നു എന്ന ഘട്ടത്തിലാണ് പ്രശ്‌നമാകുന്നത്. ഈ പ്രശ്‌നം പരിഹരിക്കാനാണ് നെല്ലിക്ക സഹായകമാകുന്നത്. പ്രമേഹത്തിന് മരുന്ന് എടുക്കുന്നവര്‍ക്ക് ധൈര്യമായി നെല്ലിക്ക ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. 

അഞ്ച്...

രക്തത്തില്‍ ഹീമോഗ്ലോബിന്റെ അളവ് കുറയുന്നവരിലാണ് 'അനീമിയ' അഥവാ വിളര്‍ച്ചയുണ്ടാകുന്നത്. ഇത് ക്രമേണ പലതരം പ്രശ്‌നങ്ങള്‍ക്കിടയാക്കും. എന്നാല്‍ ഹീമോഗ്ലോബിന്റെ അളവ് വര്‍ധിപ്പിക്കാന്‍ ഏറ്റവുമധികം സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണ് നെല്ലിക്ക എന്ന് വേണമെങ്കില്‍ പറയാം. നെല്ലിക്കയും കരിപ്പെട്ടിയും ഒരുമിച്ച് കഴിക്കുന്നതാണ് ഇതിനേറ്റവും നല്ലതത്രേ.

click me!