ദിവസത്തില്‍ എത്ര ചായ കുടിക്കാറുണ്ട്? ഈ പതിവ് അവസാനം പണിയാകുമോ?

By Web TeamFirst Published Aug 17, 2019, 4:39 PM IST
Highlights

ഓരോരുത്തരും കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ചായ വ്യത്യസ്തമാണ്. പാലൊഴിച്ചത്, കട്ടന്‍ ചായ, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ചായ - അങ്ങനെ പോകുന്നു ഈ പട്ടിക. നമ്മള്‍ തെരഞ്ഞെടുക്കുന്ന ചായയുടെ സ്വഭാവം അനുസരിച്ചാണ് ഇത് ദഹനപ്രക്രിയയെ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു

ചായയില്ലാതെ ഒരു ദിവസം പോലും കഴിച്ചുകൂട്ടാന്‍ കഴിയാത്ത എത്രയോ ആളുകള്‍ നമുക്കിടയിലുണ്ട്, അല്ലേ? പലരും ദിവസത്തില്‍ രണ്ടോ മൂന്നോ ചായയോ അതിലധികമോ വരെ കഴിക്കുന്നവരാണ്. രാവിലെ വെറും വയറ്റില്‍ തുടങ്ങുന്ന ചായകുടി പാതിരാത്രി വരെ തുടരുന്നവരുണ്ട്. 

എന്നാല്‍ ദിവസത്തില്‍ ഇത്രയധികം ചായ കഴിക്കുന്നത് എന്ത് പറഞ്ഞാലും ഒട്ടും ആരോഗ്യകരമല്ലെന്നാണ് ഡോക്ടര്‍മാര്‍ സൂചിപ്പിക്കുന്നത്. അതേസമയം ചായ, സ്ഥിരമായ ദഹനക്കേട് ഉണ്ടാക്കുമെന്നുള്ള ഒരു വാദവും നമ്മള്‍ പല തവണ കേട്ടിരിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ യാഥാര്‍ത്ഥ്യത്തെക്കുറിച്ചാണ് വിശദീകരിക്കുന്നത്. 

ഓരോരുത്തരും കഴിക്കാന്‍ തെരഞ്ഞെടുക്കുന്ന ചായ വ്യത്യസ്തമാണ്. പാലൊഴിച്ചത്, കട്ടന്‍ ചായ, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ചായ - അങ്ങനെ പോകുന്നു ഈ പട്ടിക. നമ്മള്‍ തെരഞ്ഞെടുക്കുന്ന ചായയുടെ സ്വഭാവം അനുസരിച്ചാണ് ഇത് ദഹനപ്രക്രിയയെ ബാധിക്കുകയോ സ്വാധീനിക്കുകയോ ചെയ്യുന്നതെന്ന് വിദഗ്ധര്‍ പറയുന്നു. 

അതായത്, പാലൊഴിച്ച ചായയാണ് പലപ്പോഴും ദഹനപ്രശ്‌നങ്ങളുണ്ടാക്കുന്നത്. എന്നാലിത് എല്ലാവരുടെ കാര്യത്തിലും പൊതുവായി ഉണ്ടാകുന്ന ഒരു പ്രശ്‌നമല്ല. ചിലര്‍ക്ക് അമിതമായി ഗ്യാസ്ട്രബിളിന്റെ വിഷമതകളുണ്ടാകാറുണ്ട്. ഇത്തരക്കാര്‍ പാലൊഴിച്ച ചായ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. കാരണം, ഇവരില്‍ പാല്‍ ദഹിക്കാതെ കിടക്കാനും ഇതുവഴി വയറ് കേടാകാനും സാധ്യതയുണ്ട്. മാത്രമല്ല, ഇത്തരത്തില്‍ ദഹിക്കാതെ കിടക്കുന്ന പാല്‍ പുളിച്ചുതികട്ടുന്നതും വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. 

അതേസമയം കട്ടന്‍ ചായ വയറിന് പ്രശ്‌നങ്ങളൊന്നുമുണ്ടാക്കില്ലെന്ന് മാത്രമല്ല, അത് ദഹനത്തെ അല്‍പം ത്വരിതപ്പെടുത്തുകയും ചെയ്യും. അതുപോലെ തുളസിയില പോലുള്ള ഹെര്‍ബല്‍ ചേരുവകള്‍ ചേര്‍ത്ത ചായകളാണെങ്കില്‍ തീര്‍ച്ചയായും ദഹനത്തെ സുഗമമാക്കുകയും ആകെ ആരോഗ്യത്തെ നല്ലരീതിയില്‍ ്‌സ്വാധീനിക്കുകയുമേ ചെയ്യൂ. ഗ്രീന്‍ ടീയും ഒരു പ്രശ്‌നക്കാരനല്ലെന്ന് മനസ്സിലാക്കുക. കാര്യങ്ങളിങ്ങനെയെല്ലാമാണെങ്കിലും ചായകളില്‍ പഞ്ചസാര ചേര്‍ത്ത് അമിതമായി കഴിക്കുന്നത് അത്ര നല്ല കാര്യമല്ല. പരമാവധി പഞ്ചസാരയുടെ അളവ് കുറയ്ക്കുകയോ അല്ലെങ്കില്‍ പഞ്ചസാര ഒഴിവാക്കുകയോ ആവാം. ദിവസത്തില്‍ മൂന്ന ്ചായ കഴിക്കുന്നുവെങ്കില്‍ ഒരുനേരം മാത്രമാക്കി പഞ്ചസാരയിട്ട ചായ ഒതുക്കുകയും ചെയ്യാം. 

click me!