പോളിംഗ് സ്‌റ്റേഷനില്‍ നോട്ടപ്പുള്ളിയായി 'നമോ' ഭക്ഷണപ്പൊതി!

Published : Apr 11, 2019, 01:24 PM IST
പോളിംഗ് സ്‌റ്റേഷനില്‍ നോട്ടപ്പുള്ളിയായി 'നമോ' ഭക്ഷണപ്പൊതി!

Synopsis

തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം പോളിംഗ് നടക്കുന്ന സ്ഥലത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ സ്ഥാനാര്‍ത്ഥിയേയോ പാര്‍ട്ടിയോ പ്രതിനിധീകരിക്കുന്ന ഒന്നും ഉപയോഗിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വാഹനത്തിനുള്ളില്‍ തന്നെ 'നമോ' ഭക്ഷണപ്പൊതികള്‍ പ്രദര്‍ശനത്തിന് വച്ചതിന് സമാനമായി കണ്ടെത്തിയിരിക്കുന്നത്  

നോയിഡ: രാജ്യത്തെ ആദ്യഘട്ട വോട്ടെടുപ്പ് തകൃതിയായി തുടരുകയാണ്. ഇതിനിടെ, ദില്ലിക്കടുത്ത് നോയിഡയില്‍ നിന്ന് വരുന്ന ഒരു റിപ്പോര്‍ട്ട് വളരെയധികം ശ്രദ്ധ നേടുകയാണ്. പോളിംഗ് സ്‌റ്റേഷനില്‍ 'നമോ' എന്നുപേരിലുള്ള ഭക്ഷണപ്പൊതികള്‍ കണ്ടതാണ് സംഗതി. 

നരേന്ദ്ര മോദിയുടെ പേരിന്റെ ചുരുക്കമായ 'നമോ' നേരത്തേ തന്നെ പല ചര്‍ച്ചകള്‍ക്കും വഴിവച്ചിട്ടുണ്ട്. 'നമോ ചായ', 'നമോ തൊപ്പി' എന്നിവയ്‌ക്കെല്ലാം ശേഷം രംഗത്തുവന്ന 'നമോ ടിവി' വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്. ഇതിനിടെയാണ് പോളിംഗ് സ്‌റ്റേഷനിലും 'നമോ' എത്തിയിരിക്കുന്നത്. 

നോയിഡയിലെ പോളിംഗ് സ്‌റ്റേഷനില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരിക്കുന്ന പൊലീസുകാര്‍ക്ക് എത്തിച്ച ഭക്ഷണപ്പൊതിയിലാണ് 'നമോ' എന്ന പേര് കണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പ്രകാരം പോളിംഗ് നടക്കുന്ന സ്ഥലത്തിന്റെ 200 മീറ്റര്‍ പരിധിയില്‍ സ്ഥാനാര്‍ത്ഥിയേയോ പാര്‍ട്ടിയോ പ്രതിനിധീകരിക്കുന്ന ഒന്നും ഉപയോഗിക്കുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യരുത്.

ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരുടെ വാഹനത്തിനുള്ളില്‍ തന്നെ 'നമോ' ഭക്ഷണപ്പൊതികള്‍ പ്രദര്‍ശനത്തിന് വച്ചതിന് സമാനമായി കണ്ടെത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സംഭവം വിവാദമായി.

 

 

എന്നാല്‍ സെക്ടര്‍-2 നോയിഡയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന കടയുടെ പേരാണ് 'നമോ' എന്ന മറുവാദവും ഇതിനോടകം വന്നുകഴിഞ്ഞു. 

പാവ് ബാജി, ചാട്ട്, സമൂസ എന്നിങ്ങനെയുള്ള ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന 'നമോ ഫുഡ് കോര്‍ണറി'ന്റെ ചിത്രവും ട്വിറ്ററില്‍ വന്നു. ഇവിടെ നിന്ന് വാങ്ങിയ ഭക്ഷണസാധനങ്ങളാകാം ഉദ്യോഗസ്ഥരുടെ വാഹനത്തില്‍ കണ്ടെത്തിയത്. എന്നാല്‍ ഇക്കാര്യം ഇതുവരെ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.

 

 

അതേസമയം ഭക്ഷണപ്പൊതി എത്തിയത് എങ്ങനെയെന്നും അതില്‍ ഗൂഢാലോചനയുണ്ടോയെന്ന കാര്യം അന്വേഷിക്കണമെന്നുമുള്ള ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്തായാലും വോട്ടെടുപ്പിന്റെ ആദ്യദിവസം തന്നെ നോയിഡയെ ഇളക്കിമറിച്ചത് ഈ ഭക്ഷണപ്പൊതികളാണെന്ന് വേണമെങ്കില്‍ പറയാം!

PREV
click me!

Recommended Stories

ദിവസവും രാവിലെ കുതിർത്ത ബദാം കഴിച്ചാൽ...
ശ്വാസകോശത്തിന്‍റെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍