'കഴിക്ക് മോനേ'; പിറന്നാൾ ദിനത്തിൽ മോദിയുടെ ഇഷ്ടഭക്ഷണം വിളമ്പി അമ്മ

By Web TeamFirst Published Sep 17, 2019, 6:39 PM IST
Highlights

ഭക്ഷണശേഷം തന്റെ പതിവ് സമ്മാനം നല്‍കാനും ഹീരാബെന്‍ മറന്നില്ല. ഇക്കുറി 501 രൂപയായിരുന്നു മോദിക്ക് അമ്മയുടെ വക സമ്മാനം. അമ്മയാണ് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള പണമെല്ലാം നല്‍കാറെന്ന് മോദി അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു

എത്ര തിരക്കാണെങ്കിലും പിറന്നാള്‍ ദിനത്തില്‍ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള വീട്ടിലെത്തി അമ്മയുടെ അനുഗ്രഹം വാങ്ങിക്കുകയെന്നത് പ്രധാനമന്ത്രിയാകും മുമ്പേ തന്നെ മോദിയുടെ പതിവാണ്. തിരക്കുള്ള നേതാവും, മുഖ്യമന്ത്രിയുമെല്ലാമായി നിറഞ്ഞുനില്‍ക്കുന്ന കാലത്തും പരമാവധി പിറന്നാള്‍ ദിനത്തില്‍ അമ്മയോടൊപ്പം ഭക്ഷണം കഴിക്കാന്‍ ശ്രമിക്കാറുണ്ടെന്ന് മോദി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 

ഇന്ന് അദ്ദേഹത്തിന്റെ 69ാം പിറന്നാള്‍ ദിനമാണ്. കഴിഞ്ഞ പിറന്നാളിന് പലവിധ തിരക്കുകള്‍ കാരണം, വീട്ടിലേക്കെത്താനോ അമ്മയെ കാണാനോ കഴിഞ്ഞിരുന്നില്ല. അതിനാല്‍ ഇക്കുറി ആ കുറവ് നികത്താന്‍ അമ്മയുടെ മേല്‍നോട്ടത്തില്‍ പാകം ചെയ്ത ഭക്ഷണം അമ്മയ്‌ക്കൊപ്പം തന്നെയിരുന്ന് കഴിച്ചു.

മോദി പലപ്പോഴായി തന്റെ ഇഷ്ടഭക്ഷണമായി ചൂണ്ടിക്കാണിച്ചിട്ടുള്ള ഒന്നാണ് ഗുജറാത്തിന്റെ തനത് രുചിയായ 'താലി മീല്‍സ്'. അതുതന്നെയാണ് അമ്മയായ ഹീരാബെന്‍ പിറന്നാള്‍ ദിനത്തില്‍ മകന് വേണ്ടി തയ്യാറാക്കിയിരുന്നതും. 

ബസ്മതി റൈസും, പൂരിയും, പരിപ്പും, പപ്പടവും, പച്ചക്കറി കൊണ്ടുളള രണ്ടോ മൂന്നോ ഇനം കറികള്‍, എന്തെങ്കിലും പയറുവര്‍ഗത്തില്‍ പെട്ട ഒന്നിന്റെ കറി, മോര്, മധുരം, പലതരം ചട്ണികള്‍ - എന്നിങ്ങനെ പോകും താലി മീല്‍സിലെ വിഭവങ്ങള്‍. താലി മീല്‍സ് എന്ന് പറഞ്ഞാല്‍ത്തന്നെ സമ്പൂര്‍ണ്ണ ഭക്ഷണം എന്നാണത്രേ അര്‍ത്ഥം. അത്രയും പോഷകസമ്പത്തുള്ള ആഹാരമായതിനാലാകാം ഇതിന് ഈ പേര് വന്നതും. 

മോദിയുടെ ഇഷ്ടവിഭവമായ കിച്ച്ഡിയും താലി മീല്‍സില്‍ ഉണ്ടാകാറുണ്ട്. വഴുതനങ്ങയും ഉലുവയിലയും ചേര്‍ത്ത കറി, മധുരവും പുളിയും കലര്‍ത്തിയുള്ള പരിപ്പ്, വെണ്ടയ്ക്ക കറി, ഉരുളക്കിഴങ്ങും തക്കാളിയും കൊണ്ടുള്ള കറി- ഇങ്ങനെ നമ്മള്‍ മലയാളികളുടെ രുചിഭേദങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമായാണ് താലി മീല്‍സിലെ വിഭവങ്ങളുള്ളത്. 

എന്നാല്‍ മോദി പിറന്നാള്‍ ദിനത്തില്‍ കഴിച്ച താലി മീല്‍സ് പരിമിതമായ വിഭവങ്ങളോട് കൂടിയതായിരുന്നു എന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. റൊട്ടി, പരിപ്പ്, പയര്‍, സലാഡ്, ഒന്നുരണ്ട് പച്ചക്കറി കറികള്‍ എന്നിവ മാത്രമാണ് ഇതില്‍ കാണാനുള്ളത്. എന്തായാലും പരമ്പരാഗതമായ രീതിയില്‍ത്തന്നെയാണ് കഴിക്കുന്നതെല്ലാം. ചെമ്പിന്റെ വലിയ പിഞ്ഞാണത്തില്‍ ഭംഗിയായി കറികള്‍ നിരത്തിവച്ച് ആസ്വദിച്ച് കഴിക്കുന്ന ഒരു 'ഫീല്‍'. അമ്മയോട് കുശലം ചോദിച്ചുകൊണ്ടാണ് അദ്ദേഹം കഴിക്കുന്നതും. 

ഭക്ഷണശേഷം തന്റെ പതിവ് സമ്മാനം നല്‍കാനും ഹീരാബെന്‍ മറന്നില്ല. ഇക്കുറി 501 രൂപയായിരുന്നു മോദിക്ക് അമ്മയുടെ വക സമ്മാനം. അമ്മയാണ് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കുള്ള പണമെല്ലാം നല്‍കാറെന്ന് മോദി അടുത്തിടെ നല്‍കിയൊരു അഭിമുഖത്തില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.

click me!