പ്രമേഹത്തെ നിയന്ത്രിക്കാന്‍ അവക്കാഡോ പഴം കഴിക്കാം...

By Web TeamFirst Published Nov 25, 2019, 5:16 PM IST
Highlights

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി ഉയർന്നു നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്ന ഒരവസ്ഥയാണ്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കണമെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ അവക്കാഡോ പഴം കഴിക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുമെന്നാണ് പുതിയൊരു പഠനം പറയുന്നത്. 

Molecular Nutrition and Food Research എന്ന ജേണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവക്കാഡോ പഴം നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം വരാതിരിക്കാന്‍ ഏറെ ഗുണം ചെയ്യുമെന്നും ഗവേഷകര്‍ പറയുന്നത്. അവക്കാഡോയില്‍ കാണപ്പെടുന്ന ഒരു മൂലകം ഇന്‍സുലിനെ തടയുന്നത് നിയന്ത്രിക്കുമെന്നും പഠനം പറയുന്നു. മനുഷ്യരില്‍ ഈ പഠനം നടത്തിയതായാണ് ഗവേഷകര്‍ പറയുന്നത്. 

 

 

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന അവക്കാഡോ ശരീരഭാരം കുറയ്ക്കാനും നല്ലതാണ്.ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ആരോഗ്യത്തെ വളരെയധികം മെച്ചപ്പെടുത്തും.

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റ് ചില  ഭക്ഷണങ്ങൾ നോക്കാം.

മുട്ട...

മുട്ട രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ സഹായിക്കുമെന്ന് യുകെയിലെ നാഷണൽ ഹെൽത്ത് സ്റ്റഡിയിൽ പറയുന്നു. പ്രോട്ടീൻ ഡയറ്റിന്റെ ഭാഗമായി ദിവസവും രണ്ടു മുട്ട കഴിച്ച പ്രമേഹരോഗികളിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് മെച്ചപ്പെട്ടതായി കണ്ടു. മുട്ട, ടൈപ്പ് 2 പ്രമേഹത്തിന് ആരോഗ്യകരമായ സമീകൃതാഹാരത്തിന്റെ ഭാഗമാക്കണമെന്ന് പഠനം പറയുന്നു. 

വെണ്ടയ്ക്ക...

നാരുകളാല്‍ സമ്പമാന്നയ വെണ്ടയ്ക്ക പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. വെണ്ടയ്ക്കയില്‍ വിറ്റാമിന്‍ ബിയും ആന്റിഓക്‌സിഡന്റുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നു.

പാവയ്ക്ക...

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഏറ്റവും നല്ലതാണ് പാവയ്ക്ക. പാവയ്ക്കയ്ക്ക് പ്രമേഹം നിയന്ത്രിക്കാൻ കഴിവുണ്ടെന്ന് തന്നെയാണ് മിക്ക പഠനങ്ങളും തെളിയിച്ചിരിക്കുന്നത്. പാവയ്ക്ക പാൻക്രിയാസിലെ ബീറ്റാകോശങ്ങളെ ഉത്തേജിപ്പിക്കുകയും സംരക്ഷണം നൽകുകയും ചെയ്യുന്നു. അന്നജത്തിന്റെ ആഗിരണം കൂട്ടുന്ന ചില എൻസൈമുകളെ നിയന്ത്രിക്കാനും പാവയ്ക്കയ്ക്ക് സാധിക്കും.

ഉലുവ....

ഉലുവ പ്രമേഹനിയന്ത്രണത്തിന് ഉത്തമമാണെന്ന് മിക്ക പഠനങ്ങളിലും പറയുന്നു. ഉലുവയിൽ ധാരാളം നാരുകൾ അടങ്ങിയിരിക്കുന്നു. ഉലുവയിലടങ്ങിയിരിക്കുന്ന ആൽക്കലോയിഡ് ട്രൈനല്ലീൻ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഉലുവ മുളപ്പിച്ച് ഉപയോഗിക്കുന്നതും പൊടിച്ച് ഉപയോഗിക്കുന്നതും നല്ലതാണ്. 

click me!