
ശരീരത്തിൽ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാം. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. അതിന് ആദ്യം ആരോഗ്യകരമായ ഭക്ഷണശീലവും ചിട്ടയായ ജീവിതശൈലിയും കെട്ടിപ്പെടുത്തുകയാണ് വേണ്ടത്. കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യണം. അതുപോലെ തന്നെ എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതും വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
ഇന്ത്യൻ വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒരു എണ്ണയാണ് റിഫൈൻഡ് ഓയിൽ. ഇത്തരത്തില്‍ ശുദ്ധീകരിച്ച എണ്ണയുടെ അമിത ഉപഭോഗം നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. ഇവ പലപ്പോഴും വയറില്‍ കൊഴുപ്പടിയാന്‍ കാരണമാകും. അതിനാല്‍ ഇത്തരത്തില്‍ ശുദ്ധീകരിച്ച എണ്ണയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന ചില എണ്ണകളെ പരിചയപ്പെടാം...
ഒന്ന്...
വെളിച്ചെണ്ണയാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നിരവധി ആരോഗ്യ ഗുണങ്ങൾ നല്‍കുന്ന ഒന്നാണ് വെളിച്ചെണ്ണ. ഇവ അധിക കിലോ കുറയ്ക്കാനും മികച്ചതാണ്. വെളിച്ചെണ്ണയിൽ അടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകൾ കൊഴുപ്പ് വേഗത്തിൽ കത്തിക്കാനും മൊത്തത്തിലുള്ള മെറ്റബോളിസം വർധിപ്പിക്കാനും സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാല്‍ വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ വെളിച്ചെണ്ണ പാചകത്തിനായി ഉപയോഗിക്കാം.
രണ്ട്...
നെയ്യ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നെയ്യ് കഴിച്ചാൽ വണ്ണം കൂടുമെന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ അത് അങ്ങനെയല്ല. നെയ്യിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ മിതമായ അളവില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വയറിലെ കൊഴുപ്പിനെ കത്തിക്കാന്‍ സഹായിക്കും.
മൂന്ന്...
ഒലീവ് ഓയിൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഏറ്റവും ആരോഗ്യകരമായ എണ്ണയാണ്. ഇവ അപൂരിത ഫാറ്റി ആസിഡുകളാൽ സമ്പന്നമാണ്. കൂടാതെ ഇവയില്‍ ഒലിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
നാല്...
ഫ്ളാക്സ് സീഡ് ഓയിൽ ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫ്ളാക്സ് ചെടിയുടെ വിത്തിൽ നിന്നാണ് ഇത് വേർതിരിച്ചെടുക്കുന്നത്. ഫൈബറും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഇവ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.
അഞ്ച്...
കടുകെണ്ണ ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇത് ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പുഷ്ടമാണ്. കടുകെണ്ണ മെറ്റബോളിസത്തിനും നല്ലതാണ്. ശുദ്ധീകരിച്ച എണ്ണയ്ക്ക് പകരം കടുകെണ്ണ ഉപയോഗിക്കുന്നത് വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
Also Read: മുട്ട അലർജിയെ എങ്ങനെ തിരിച്ചറിയാം? പകരം കഴിക്കാം ഈ ഭക്ഷണങ്ങള്‍...