ചൈനയിലേക്ക് കടത്താൻ കൊണ്ടുപോയ ഉറുമ്പുതീനിയെ രക്ഷപ്പെടുത്തി വനംവകുപ്പ്

By Web TeamFirst Published Nov 24, 2020, 11:54 AM IST
Highlights

ഒരു ഉറുമ്പ് തീനിയാണ് വവ്വാലുകളിൽ നിന്ന് കൊവിഡ് മനുഷ്യരിലേക്ക് പകർന്നത് എന്നൊരു വാദം ഇടക്ക് മാധ്യമങ്ങളിൽ സജീവമായിരുന്നു.

കൊവിഡ് പൊട്ടിപ്പുറപ്പെട്ട അന്ന് തൊട്ടുതന്നെ ചൈനയിലെ 'വെറ്റ് മാർക്കറ്റ്' അഥവാ കാട്ടുമൃഗങ്ങളെ ജീവനോടെയും ഇറച്ചിയായും വില്പനക്കെത്തിക്കുന്ന മാംസവിൽപന കേന്ദ്രങ്ങൾ. അവിടേക്ക് വില്പനക്കെത്തിച്ച ഏതോ ഒരു ഉറുമ്പ് തീനിയാണ് വവ്വാലുകളിൽ നിന്ന് കൊവിഡ് മനുഷ്യരിലേക്ക് പകർന്നത് എന്നൊരു വാദം ഇടക്ക് മാധ്യമങ്ങളിൽ സജീവമായിരുന്നു. അതിനു ശേഷം ചൈനക്കാർക്കിടയിൽ ഇതുപോലുള്ള മൃഗങ്ങളുടെ മാംസത്തോടുള്ള താത്പര്യം ചെറുതായി ഒന്നിടിഞ്ഞിരുന്നതാണ്. അത് വീണ്ടും സജീവമായി എന്നതിന്റെ സൂചനകളാണ് ഇപ്പോൾ കിട്ടുന്നത്. അതിന്റെ ഏറ്റവും പുതിയ ലക്ഷണമാണ്, കൊൽക്കത്തയിൽ നിന്ന് പുറത്തുവന്നിട്ടുള്ളത്. 

ഇന്ത്യയിൽ നിന്ന് ചൈനയിലെ ഈ വെറ്റ് മാർക്കറ്റ് ലക്ഷ്യമിട്ട് കള്ളക്കടത്തുകാർ ഒളിപ്പിച്ച് കൊണ്ടുപോയിരുന്ന ഒരു ഉറുമ്പുതീനിയെ കഴിഞ്ഞ ദിവസം എസ്എസ്ബിയുടെ മുപ്പത്തിനാലാം ബറ്റാലിയനിലെ ജവാന്മാരും വനംവകുപ്പും ചേർന്ന് പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാർ ജില്ലയിലെ ചിലാഖാനയ്ക്കടുത്തുവെച്ച് പിടികൂടി രക്ഷപ്പെടുത്തി. ഒരു ബൈക്കിൽ ഈ ജീവിയെ ഒരു സഞ്ചിയിലാക്കി കടത്താൻ ശ്രമിച്ച യുവാവിനെ ജവാന്മാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് കള്ളക്കടത്തു വെളിയിലായത്. ഉറുമ്പുതീനിയുടെ ഇറച്ചി ചൈനക്കാർക്ക് ഇഷ്ട ഭോജ്യമാണ്. അതിന്റെ ശല്ക്കങ്ങൾ പല ചൈനീസ് നാട്ടുമരുന്നുകളിലെയും ഒഴിവാക്കാനാവാത്ത കൂട്ടും. 

2009 നും 2017 നും ഇടക്ക് ചുരുങ്ങിയത് 6000 ഉറുമ്പുതീനികളെങ്കിലും ഇത്തരത്തിൽ ഇന്ത്യയിൽ നിന്ന് ചൈനയിലേക്ക് കടത്തപ്പെട്ടിട്ടുണ്ട് എന്നാണ് വൈൽഡ് ലൈഫ് ട്രേഡ് മോണിറ്ററിങ് നെറ്റവർക്ക് എന്ന എൻജിഒ പറയുന്നത്. ഇന്ത്യയിൽ നിന്ന് മ്യാന്മറിൽ എത്തിച്ച് അവിടെ നിന്നാണ് ഈ ഉറുമ്പുതീനികളെ കള്ളക്കടത്തുകാർ ചൈനയിലേക്ക് കൊണ്ടുപോകുന്നത്. ചൈനയിൽ കോവിഡ് കാലത്ത് അടച്ചിരുന്ന വെറ്റ് മാർക്കറ്റുകൾ രണ്ടാമതും തുറന്നതാണ് ഉറുമ്പുതീനികളുടെ ഡിമാൻഡ് ഉയർത്തിയത് എന്നും, ഇപ്പോൾ കള്ളക്കടത്തു സംഘങ്ങൾ രണ്ടാമതും സജീവമായത് എന്നുമാണ്  അധികൃതർ സംശയിക്കുന്നത്. 

click me!