വണ്ണം കുറയ്ക്കാന്‍ പിസ്ത; കഴിക്കേണ്ടതിങ്ങനെ...

By Web TeamFirst Published Dec 2, 2019, 8:44 PM IST
Highlights

പിസ്തയ്ക്ക് ഒരുപാട് ആരാധകരുണ്ട്. എത്ര കഴിച്ചാലും മടുപ്പ് വരില്ലെന്നത് തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒപ്പം തന്നെ എങ്ങനെയെല്ലാമാണ് ഇത് വണ്ണം കുറയ്ക്കാന് സഹായിക്കുന്നത് എന്ന് കൂടി അറിയാം

ആരോഗ്യത്തിന് ഏറെ ഗുണകരമായിട്ടുള്ളവയാണ് നട്ട്‌സ്. വണ്ണം കുറയ്ക്കാന്‍ പാടുപെടുന്നവരാണെങ്കില്‍ അവര്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ള 'സ്‌നാക്ക്' ആയിട്ടാണ് നട്ട്‌സ് അറിയപ്പെടുന്നത് തന്നെ. ഇതില്‍ പ്രധാനിയാണ് പിസ്ത. 

പിസ്തയ്ക്ക് ഒരുപാട് ആരാധകരുണ്ട്. എത്ര കഴിച്ചാലും മടുപ്പ് വരില്ലെന്നത് തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ഒപ്പം തന്നെ എങ്ങനെയെല്ലാമാണ് ഇത് വണ്ണം കുറയ്ക്കാന് സഹായിക്കുന്നത് എന്ന് കൂടി അറിയാം. 

പിസ്തയില്‍ ധാരാളമായി ഫൈബര്‍ അടങ്ങിയിട്ടുണ്ട്. നമുക്കറിയാം, വണ്ണം കുറയ്ക്കാനുള്ള ആദ്യപടിയായി ഉറപ്പിക്കേണ്ടത് സുഗമമായ ദഹനമാണ്. ഇതിന് ഫൈബര്‍ നല്ലരീതിയില്‍ സഹായിക്കുന്നു. അതുപോലെ തന്നെ, പിസ്ത എളുപ്പത്തില്‍ വിശപ്പിനെ ശമിപ്പിക്കുന്നു. അതിനാല്‍ കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട സാഹചര്യത്തെ ഇത് ഒഴിവാക്കുന്നു. 

 

 

പ്രോട്ടീനാല്‍ സമ്പുഷ്ടമാണ് പിസ്ത. പ്രോട്ടീനും വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവശ്യം വേണ്ട ഘടകം തന്നെ. 100 ഗ്രാം പ്‌സിതയില്‍ ഏകദേശം 20 ഗ്രാമോളം പ്രോട്ടീന്‍ അടങ്ങിയിരിക്കും. ദിവസം മുഴുവന്‍ നമുക്കാവശ്യമായ ഊര്‍ജ്ജം നല്‍കാന്‍ അപ്പോള്‍ പിസ്തയ്ക്കുള്ള കഴിവ് ഇനി എടുത്ത് പറയേണ്ടതില്ലല്ലോ. 

പിസ്തയിലടങ്ങിയിരിക്കുന്ന 'മോണോസാച്വറേറ്റഡ് ഫാറ്റ്' അഥവാ ആരോഗ്യകരമായ കൊഴുപ്പ് വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകമാണ്. അതുപോലെ തന്നെ കുറഞ്ഞ കലോറിയേ അടങ്ങിയിട്ടുള്ളൂ എന്നതും പിസ്തയെ ഡയറ്റില്‍ ചേര്‍ക്കാനുള്ള കാരണമാകുന്നു. 

പിസ്ത എങ്ങനെയെല്ലാം കഴിക്കാം?

സത്യത്തില്‍ ഈ സംശയം തികച്ചും അപ്രസക്തമാണ്. ആദ്യമേ സൂചിപ്പിച്ചത് പോലെ പിസ്ത വെറുതെ കഴിക്കാന്‍ തന്നെ താല്‍പര്യപ്പെടുന്നവരാണ് മിക്കവരും. എങ്കിലും ചിലപ്പോഴെങ്കിലും ഒരു വ്യത്യസ്തത നമ്മള്‍ ആഗ്രഹിക്കാറില്ലേ. അത്തരം സന്ദര്‍ഭങ്ങളില്‍ റോസ്റ്റ് ചെയ്ത പിസ്ത ഒന്ന് പരീക്ഷിക്കാം. 

 

 

ഇനി, പിസ്ത തനിയെ തന്നെ എപ്പോഴും കഴിക്കണമെന്നില്ല. സലാഡുകളിലോ ഡെസേര്‍ട്ടുകളിലോ ഷെയ്ക്ക് പോലുള്ള പാനീയങ്ങളിലോ ചേര്‍ത്ത് വ്യത്യസ്തമായി പിസ്ത കഴിക്കാവുന്നതാണ്. 

ചിലരെങ്കിലും പിസ്ത അരച്ച് പേസ്റ്റ് പരുവത്തിലാക്കി, സാധാരണ നമ്മള്‍ ഉണ്ടാക്കാറുള്ള ചിക്കന്‍- മീന്‍ പോലുള്ള വിഭവങ്ങളില്‍ ചേര്‍ത്തും കഴിക്കാറുണ്ട്. ഇതും വളരെ വ്യത്യസ്തമായ രീതി തന്നെയാണ്. ഫ്രൈ ഐറ്റംസിനൊപ്പമാണ് ഇത്തരത്തിലുള്ള 'പിസ്ത സോസ്' ഏറ്റവും യോജിച്ചതായി വരിക. അതല്ലെങ്കിലും ബ്രഡ്, നാന്‍, കുബ്ബൂസ് പോലുള്ള ഭക്ഷണങ്ങളില്‍ ചേര്‍ത്തും കഴിക്കാം. എങ്കിലും മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിക്കുന്ന 'പിസ്ത സോസി'നേക്കാള്‍ എപ്പോഴും നല്ലത്, വീട്ടില്‍ നമ്മള്‍ തന്നെ അരച്ച് തയ്യാറാക്കുന്ന 'സോസ്' തന്നെയാണെന്ന് ഓര്‍ക്കുക. 

click me!