പിസയ്ക്ക് കോംബിനേഷന്‍ പുതിന ചട്ണി; കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നോ?

By Web TeamFirst Published Nov 5, 2021, 6:18 PM IST
Highlights

ഭക്ഷണപ്രിയരായ ധാരാളം പേര്‍ വൈശാലിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. സ്‌പൈസിയായ പിസയാണെങ്കില്‍ ഈ കോംബോ നന്നായിരിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം പിസയുടെ തനത് രുചിയെ ഇല്ലാതാക്കുന്ന കോംബോ ആണിതെന്ന് വിമര്‍ശിക്കുന്നവരും ഏറെ

ഓണ്‍ലൈന്‍ ഭക്ഷണങ്ങളെ (Online Food ) ആളുകള്‍ കാര്യമായി ആശ്രയിക്കാന്‍ തുടങ്ങിയത് മുതലാണ് പിസ പോലുള്ള വിദേശ വിഭവങ്ങള്‍ക്ക് നമ്മുടെ നാട്ടിലും വലിയ സ്വീകാര്യതയുണ്ടാകുന്നത്. ഇപ്പോള്‍ മിക്ക കൗമാരക്കാരുടെയും ചെറുപ്പക്കാരുടെയുമെല്ലാം ഇഷ്ടവിഭവങ്ങളിലൊന്നാണ് (Favourite Food) പിസയും. 

സാധാരണഗതിയില്‍ നമ്മള്‍ പിസ കഴിക്കുന്നത് ടൊമാറ്റോ കെച്ചപ്പിനൊപ്പമാണ്. ഒറിഗാനോയോ ചില്ലി ഫ്‌ളേക്ക്‌സോ എല്ലാം പിസയുടെ കോംബോ ആയി വരാറുണ്ട്. 

യഥാര്‍ത്ഥത്തില്‍ ഒരു ഇറ്റാലിയന്‍ വിഭവമാണ് പിസ. എന്നാല്‍ അവിടെ പിസയ്‌ക്കൊപ്പം സോസ് കഴിക്കുന്നത് അധികപേര്‍ക്കും അത്ര താല്‍പര്യമുള്ള സംഗതിയല്ലത്രേ. ഇത്തരത്തില്‍ ഓരോ സ്ഥലങ്ങളിലും അവിടങ്ങളിലെ പ്രാദേശികമായ ഇഷ്ടാനിഷ്ടങ്ങള്‍ കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ പിസ തയ്യാറാക്കപ്പെടുന്നത്. 

എന്തായാലും സോസ്, ചില്ലി ഫ്‌ളേക്‌സ്, പെപ്പര്‍, ഒറിഗാനോ ഒക്കെ പോലുള്ളവ തന്നെയേ പിസയ്ക്ക് അനുയോജ്യമായ കോംബോ ആയി നമ്മള്‍ ഉപയോഗിക്കാറുള്ളൂ. എന്നാല്‍ ഇവയ്‌ക്കെല്ലാം പകരം പിസയ്‌ക്കൊപ്പം അല്‍പം ചട്ണി ആയാലോ!

ബജി, ചാട്ടുകള്‍ എന്നിങ്ങനെയുള്ള തനത് 'സ്‌പൈസ്' വിഭവങ്ങള്‍ക്കൊപ്പമാണ് നമ്മള്‍ ചട്ണി ഉപയോഗിക്കാറ്. ഇത് ഇന്ത്യക്കാരുടെ ഒരിഷ്ട 'ഡിപ്' തന്നെയാണുതാനും. എന്നാല്‍ പിസയ്‌ക്കൊപ്പം ചട്ണി എന്നത് അല്‍പം വിചിത്രമായി തന്നെ തോന്നാം. 

എന്തായാലും ഈ കോംബോ പരീക്ഷിച്ച് 'കിടിലന്‍' ആണെന്ന അഭിപ്രായം പങ്കുവയ്ക്കുകയാണ് ഫുഡ് ബ്ലോഗറായ വൈശാലി ഖുറാന. തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ വൈശാലി ഇതിന്റെയൊരു വീഡിയോയും പങ്കുവച്ചിട്ടുണ്ട്. പിസയ്ക്ക് മുകളില്‍ ഒറിഗാനോ വേണ്ടെന്ന് പറഞ്ഞ ശേഷം അല്‍പം പുതിന ചട്ണി തൂവി കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. സംഗതി ഉഗ്രന്‍ രുചിയാണെന്നും വൈശാലി വീഡിയോയില്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 

ഭക്ഷണപ്രിയരായ ധാരാളം പേര്‍ വൈശാലിയുടെ വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്. സ്‌പൈസിയായ പിസയാണെങ്കില്‍ ഈ കോംബോ നന്നായിരിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതേസമയം പിസയുടെ തനത് രുചിയെ ഇല്ലാതാക്കുന്ന കോംബോ ആണിതെന്ന് വിമര്‍ശിക്കുന്നവരും ഏറെ. ഏതായാലും ഭക്ഷണകാര്യത്തില്‍ ഇത്തിരി പരീക്ഷണങ്ങളെല്ലാം ആവാം എന്ന കാഴ്ചപ്പാടുള്ളവര്‍ക്ക് തീര്‍ച്ചയായും ഇതൊന്ന് ശ്രമിച്ചുനോക്കാവുന്നത് തന്നെയാണ്. 

വൈശാലിയുടെ വീഡിയോ....

 

 

Also Read:- ഇത് തീ പാറും മോമോസ്; വൈറലായി പാചകപരീക്ഷണ വീഡിയോ

click me!