ഞെട്ടിക്കുന്ന റെയ്ഡ്; പിടിച്ചെടുത്തത് 30,000 കിലോ വ്യാജ ജീരകം

By Web TeamFirst Published Dec 10, 2019, 6:00 PM IST
Highlights

ജീരകത്തിലാണ് ഇത്തവണ മായം കലര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. അത്ര നിസാരമെന്ന് കരുതേണ്ട, 30,000 കിലോ വരുന്ന വ്യാജ ജീരകമാണ് പൊലീസ് റായ്ബറേലിയിലെ ഒരു ഗോഡൗണില്‍ നടന്ന റെയ്ഡിനിടെ കണ്ടുകെട്ടിയത്. ജീരകത്തിലൊക്കെ എങ്ങനെ മായം കലര്‍ത്താനാണെന്ന് ഒരുപക്ഷേ നമ്മള്‍ ചിന്തിച്ചേക്കും. അതിനൊന്നും സാധ്യതയില്ലെന്ന് ചിലപ്പോള്‍ നമ്മള്‍ ആ ചിന്തയെ തള്ളിക്കളയുകയും ചെയ്യും. ഈ സാധ്യതയാണ് പ്രതികള്‍ മുതലെടുത്തിരിക്കുന്നത്

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ മായം ചേര്‍ക്കുന്നുവെന്ന വാര്‍ത്ത നമ്മളെ സംബന്ധിച്ച് പുതിയതല്ല. എത്രയോ തവണ പല സാധനങ്ങളിലായി മായം കലര്‍ത്തിയെന്ന് തെളിയിക്കുന്ന ആധികാരികമായ റിപ്പോര്‍ട്ടുകള്‍ നമ്മള്‍ കണ്ടിരിക്കുന്നു. അക്കൂട്ടത്തില്‍ ഇതാ ഏറ്റവുമധികം നമ്മെ ഞെട്ടിക്കുന്ന ഒരു വാര്‍ത്തയാണ് ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്ന് പുറത്തുവരുന്നത്. 

ജീരകത്തിലാണ് ഇത്തവണ മായം കലര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്. അത്ര നിസാരമെന്ന് കരുതേണ്ട, 30,000 കിലോ വരുന്ന വ്യാജ ജീരകമാണ് പൊലീസ് റായ്ബറേലിയിലെ ഒരു ഗോഡൗണില്‍ നടന്ന റെയ്ഡിനിടെ കണ്ടുകെട്ടിയത്. ജീരകത്തിലൊക്കെ എങ്ങനെ മായം കലര്‍ത്താനാണെന്ന് ഒരുപക്ഷേ നമ്മള്‍ ചിന്തിച്ചേക്കും. 

അതിനൊന്നും സാധ്യതയില്ലെന്ന് ചിലപ്പോള്‍ നമ്മള്‍ ആ ചിന്തയെ തള്ളിക്കളയുകയും ചെയ്യും. ഈ സാധ്യതയാണ് പ്രതികള്‍ മുതലെടുത്തിരിക്കുന്നത്. അത്ര പെട്ടെന്നൊന്നും സംശയിക്കാത്ത ഉത്പന്നങ്ങളില്‍ മായം കലര്‍ത്തുക. അതുതന്നെയാണ് ജീരകത്തിന്റെ കാര്യത്തിലും നടന്നിരിക്കുന്നത്. 

ഈര്‍ക്കില്‍, ജീരകത്തിന്റെ വലിപ്പത്തില്‍ ഒന്നിച്ച് ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് ലോഡുകണക്കിന് സൂക്ഷിക്കും. ഇതിന് എന്തെങ്കിലും മെഷീന്‍ ഉപയോഗിക്കുന്നുണ്ടായിരിക്കുമെന്നാണ് സൂചന. അതില്‍ ശര്‍ക്കരയും മറ്റെന്തോ പുല്ലിന്റെ ഭാഗങ്ങളും, കല്ലുപൊടിയും ചേര്‍ത്താണ് വ്യാജ ജീരകം നിര്‍മ്മിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഇപ്പോള്‍ പിടിച്ചെടുത്തിരിക്കുന്ന വ്യാജ ജീരകം വിറ്റാല്‍ ആകെ 60 ലക്ഷം രൂപ പ്രതികള്‍ക്ക് കിട്ടുമായിരുന്നുവെന്നും പൊലീസ് അറിയിച്ചു. 

80 ശതമാനം യഥാര്‍ത്ഥ ജീരകവും അതിനോടൊപ്പം 20 ശതമാനം വ്യാജനും കലര്‍ത്തി പല ഭാഗങ്ങളിലുള്ള കച്ചവടക്കാര്‍ക്ക് വിതരണം നടത്തലാണ് ഇവര്‍ പതിവായി ചെയ്യുന്നതെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി പ്രതികള്‍ ഇത് ചെയ്തുവരുന്നുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. അതായത് പല ഭാഗങ്ങളിലായി മാർക്കറ്റിൽ വന്നുകൊണ്ടിരുന്ന ജീരകത്തിൽ വ്യാജനും കലർന്നിട്ടുണ്ടാകാമെന്ന് സാരം. സംശയത്തെ തുടര്‍ന്ന് ഏറെ നാളായി പ്രതികള്‍ നിരീക്ഷണത്തിലായിരുന്നു. ഇപ്പോള്‍ തെളിവുസഹിതം പൊക്കിയതോടെ മഹാരാജ്ഗഞ്ച് സ്വദേശികളായ ആറ് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

click me!