Latest Videos

കൊതിയൂറുന്ന ചട്ണി തയ്യാറാക്കാം നിമിഷങ്ങള്‍ കൊണ്ട്...

By Web TeamFirst Published Jan 13, 2021, 9:39 PM IST
Highlights

വിശന്നിരിക്കുമ്പോള്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു കൊതിയൂറുന്ന കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. തക്കാളി- ഗാര്‍ലിക് ചട്ണി. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തക്കാളിയും വെളുത്തുള്ളിയുമാണ് ഇതിലെ പ്രധാന ചേരുവകള്‍

തിരക്കുപിടിച്ച ജോലികള്‍ക്കിടെ ചിലപ്പോഴെങ്കിലും രുചികരമായി ഭക്ഷണം തയ്യാറാക്കി കഴിക്കാന്‍ നമ്മളില്‍ പലര്‍ക്കും സാധിക്കാതെ പോകാറുണ്ട്. വിശക്കുമ്പോഴാകട്ടെ ആര്‍ബാഡങ്ങളേറെയുള്ള ഭക്ഷണത്തെക്കാള്‍ രുചികരമായ തനത് ഭക്ഷണമാണ് മിക്കവാറും പേരും ആഗ്രഹിക്കാറ്.

അത്തരത്തില്‍ വിശന്നിരിക്കുമ്പോള്‍ എളുപ്പത്തില്‍ തയ്യാറാക്കാവുന്നൊരു കൊതിയൂറുന്ന കറിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. തക്കാളി- ഗാര്‍ലിക് ചട്ണി. പേരില്‍ സൂചിപ്പിക്കുന്നത് പോലെ തന്നെ തക്കാളിയും വെളുത്തുള്ളിയുമാണ് ഇതിലെ പ്രധാന ചേരുവകള്‍. 

നമുക്കറിയാം ഈ രണ്ട് ചേരുവകളും ആരോഗ്യത്തിന് ഏറെ ഗുണങ്ങള്‍ സമ്മാനിക്കാന്‍ കഴിവുള്ളവയാണ്. രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന ഘടകങ്ങള്‍, ആന്റിഓക്‌സിഡന്റുകളെല്ലാം ഇവയിലടങ്ങിയിരിക്കുന്നു. വളരെ എളുപ്പത്തില്‍ തയ്യാറാക്കാം എന്നതാണ് ഈ കറിയുടെ ഏറ്റവും വലിയ സവിശേഷത. റൊട്ടി, ചപ്പാത്തി, നാന്‍, ദോശ, ചോറ് എന്നിങ്ങനെ പല ഭക്ഷണത്തിനുമൊപ്പം സൈഡ് ഡിഷായി ഇത് കഴിക്കാവുന്നതാണ്.

ആവശ്യമായ ചേരുവകള്‍

തക്കാളി- 250 ഗ്രാം നന്നായി ചെറുതാക്കി അരിഞ്ഞത്.
വെളുത്തുള്ളി - നാല് അല്ലി ചെറുതായി അരിഞ്ഞത്.
കറിവേപ്പില - ആവശ്യത്തിന്.
കടുക്- ഒടു ടീസ്പൂണ്‍.
പച്ചമുളക്  - ഒരെണ്ണം, ചെറുതായി അരിഞ്ഞത്. 
മുളകുപൊടി  - ഒരു ടീസ്പൂണ്‍.
കായം  - അരടീസ്പൂണ്‍.
ഉപ്പ്- ആവശ്യത്തിന്.
കുക്കിംഗ് ഓയില്‍- ആവശ്യത്തിന്.

തയ്യാറാക്കുന്ന വിധം

ഒരു പാന്‍ അടുപ്പത്ത് വച്ച് നന്നായി ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ പകരുക. എണ്ണ ചൂടായി വരുമ്പോള്‍ കടുകിടാം. കടുക് പൊട്ടിത്തീരുമ്പോഴേക്ക് കറിവേപ്പില കൂടി ചേര്‍ക്കാം. ഇനി ഇതിലേക്ക് വെളുത്തുള്ളി അരിഞ്ഞത് ചേര്‍ത്ത് ഒന്ന് ഇളക്കിയെടുക്കുക. പതിയെ മുളകും ചേര്‍ക്കാം. എല്ലാം വഴണ്ട് വരുമ്പോഴേക്ക് തക്കാളി കൂടി ചേര്‍ത്തുകൊടുക്കാം. ഇനിയിത് ചെറിയ തീവില്‍ വേവിക്കാന്‍ വയ്ക്കാം.

തക്കാളി നന്നായി വഴണ്ട് ചുവന്ന്- തിക്ക് ആയ പേസ്റ്റ് പരുവത്തിലാകണം. ഇനിയിതിലേക്ക് മുളകുപൊടി, കായം എന്നിവ ചേര്‍ക്കാം. നന്നായി യോജിപ്പിച്ച് ഒന്ന് വച്ച ശേഷം ഉപ്പ് കൂടി ചേര്‍ത്ത് തീ ഓഫ് ചെയ്യാം. ഇത് തണുത്ത ശേഷം ഒരു ബ്ലെന്‍ഡറുപയോഗിച്ച് ചട്ണിയുടെ പരുവത്തിലേക്ക് ബ്ലെന്‍ഡ് ചെയ്‌തെടുക്കാവുന്നതാണ്.

Also Read:- നിമിഷങ്ങള്‍ കൊണ്ട് തയ്യാറാക്കാം, രുചികരമായ തക്കാളി- തേങ്ങ ചട്ണി...

click me!