ദക്ഷിണേന്ത്യക്കാരെ സംബന്ധിച്ച്, അവരുടെ ഭക്ഷണ സംസ്‌കാരത്തിന്റെ ഭാഗമാണ് ചട്ണികള്‍. ഇഡ്ഡലി, ദോശ, വട, ഊത്തപ്പം എന്നുവേണ്ട സ്‌നാക്‌സ് വരെ ചട്ണിയുടെ അകമ്പടിയോടെയാണ് ദക്ഷിണേന്ത്യക്കാര്‍ കഴിക്കാറ്. 

അധികവും തേങ്ങയാണ് ഈ ചട്ണികളുടെ പ്രധാന ചേരുവയായി വരാറ്. തേങ്ങ ചേര്‍ക്കുമെങ്കിലും പലരും പല തരത്തിലുള്ള റെസിപ്പികളാണ് ചട്ണിക്കായി ഉപയോഗിക്കാറ്. ഇന്നിതാ രുചികരമായ തക്കാളി- തേങ്ങ ചട്ണി തയ്യാറാക്കുന്നത് എങ്ങനെയാണെന്നാണ് പരിചയപ്പെടുത്തുന്നത്. ഇത് വളരെ എളുപ്പത്തില്‍, നിമിഷങ്ങള്‍ കൊണ്ട് തന്നെ തയ്യാറാക്കുന്നതേയുള്ളൂ. 

തേങ്ങ- തക്കാളി ചട്ണിക്ക് ആവശ്യമായ ചേരുവകള്‍

തേങ്ങ ചിരവിയത് - നാല് സ്പൂണ്‍
തക്കാളി - ഇടത്തരം വലിപ്പമുള്ള രണ്ടെണ്ണം മുറിച്ചത്
സവാള- ഇടത്തരം വലിപ്പമുള്ള ഒരെണ്ണം മുറിച്ചത്
വെള്ളത്തില്‍ കുതിര്‍ത്തുവച്ച ചുവന്ന മുളക്- (എരിവ് എത്ര ആവശ്യമാണോ അതിന് അനുസരിച്ച് എടുക്കാം) 
കശ്മീരി മുളകുപൊടി- ഇതും എരിവിന് അനുസരിച്ച് എടുക്കാം 
ചെറുനാരങ്ങാനീര്- ഇടത്തരം വലിപ്പമുള്ള ഒരെണ്ണം മുഴുവനായി എടുക്കാം
ഉപ്പ്- ആവശ്യത്തിന്
കടുക്- ഒരു ടീസ്പൂണ്‍
വെളിച്ചെണ്ണ - മൂന്ന് ടേബിള്‍ സ്പൂണ്‍ (കൂട്ടുകയോ കുറയ്ക്കുകയോ ആവാം) 
ചന ദാല്‍- അര ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം...

ചട്ണി തയ്യാറാക്കുന്നതിനായി ആദ്യം തക്കാളിയും സവാളയും മുറിച്ചുവച്ചത് മിക്‌സിയിലിട്ട് നന്നായി ഒന്ന് അടിച്ചെടുക്കാം. ശേഷം ഇതിലേക്ക് തേങ്ങ, ചുവന്ന മുളക്, മുളകുപൊടി, ചെറുനാരങ്ങാ നീര്, ഉപ്പ് എന്നിവ ചേര്‍ത്ത് ഒന്നുകടി അടിച്ചെടുക്കാം. എല്ലാം നന്നായി അരഞ്ഞ് യോജിച്ച ശേഷം, പാനില്‍ എണ്ണ ചൂടാക്കി കടുകും. കറിവേപ്പിലയും, ചന ദാലും ചേര്‍ത്ത് താളിച്ച് ചട്ണിയിലേക്ക് പകരാം. രുചികരമായ തക്കാളി- തേങ്ങ ചട്ണി തയ്യാര്‍.

Also Read:- രുചി കിടിലന്‍; കൊവിഡ് കാലത്തിന് പറ്റിയ മൂന്ന് സൂപ്പുകള്‍...