ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന 7 ഭക്ഷണങ്ങൾ

By Web TeamFirst Published Aug 19, 2019, 4:45 PM IST
Highlights

ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. 


ഹീമോഗ്ലോബിന്റെ അളവ് സാധാരണനിലയിൽ നിന്ന് കുറയുന്നത് നിസാരമായി കാണരുത്. കാരണം, ഇത് വിളർച്ചയ്ക്ക് കാരണമാകാം. ചുവന്ന രക്താണുക്കളില്‍ കാണപ്പെടുന്ന ഇരുമ്പ്‌ നിറഞ്ഞ പ്രോട്ടീന്‍ ആണ്‌ ഹീമോഗ്ലോബിന്‍. ഹീമോഗ്ലോബിന്‍ നിര്‍മാണത്തിന് ഇരുമ്പ് അത്യന്താപേക്ഷിതം. വിളർച്ചയുള്ളവരിൽ കടുത്ത ക്ഷീണം, തലകറക്കം എന്നിവ കാണാറുണ്ട്.

വിളര്‍ച്ചയുളളവരില്‍ രക്താണുക്കള്‍ക്ക് ശരീരത്തിലെ എല്ലാ അവയവങ്ങളിലേക്കും കോശങ്ങളിലേക്കും മതിയായ തോതില്‍ ഓക്‌സിജന്‍ എത്തിക്കാനാവില്ല. ഹീമോഗ്ലോബിന്റെ കുറവ് കരള്‍, വൃക്കകള്‍, ഹൃദയം എന്നിവയുടെ ജോലിഭാരം കൂട്ടുന്നു. ഇരുമ്പ്, ഫോളിക്കാസിഡ്, വിറ്റാമിന്‍ സി എന്നി പോഷകങ്ങളുടെ കുറവാണ് മിക്കപ്പോഴും വിളര്‍ച്ചയ്ക്ക് കാരണമാകുന്നത്. സ്ത്രീകളിലും ഗര്‍ഭിണികളിലുമാണ് വിളര്‍ച്ച കൂടുതലായി കണ്ട് വരുന്നത്,.  

ക്യാൻസര്‍ ചികിത്സകളില്‍പ്പെടുന്ന കീമോതെറാപ്പിക്ക് വിധേയമാകുന്നവരിലും ഹീമോഗ്ലോബിന്‍ കൗണ്ട് കുറയുന്നതായി കാണാറുണ്ട്. രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറഞ്ഞാൽ ഇരുമ്പ് അടങ്ങിയ ആഹാരങ്ങൾ ധാരാളം കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ താഴേ ചേർക്കുന്നു...

ഒന്ന്...

 മനുഷ്യശരീരത്തിന് ഏറെ ആവശ്യമുള്ള പോഷകമാണ് വിറ്റാമിന്‍ സി. വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. ഓറഞ്ച്, നാരങ്ങ, തക്കാളി, മുന്തിരി, പോലുള്ളവയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. 

രണ്ട്...

 ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങളുടെ കുറവ് വിളർച്ചയ്ക്ക് കാരണമാകുന്നു. 19 - 50 വയസിനിടെയിലുള്ള പുരുഷന്മാർക്ക് എട്ട് മില്ലി​ഗ്രാം ഇരുമ്പും,  19 - 50 വയസിനിടെയിലുള്ള സ്ത്രീകളിൽ പതിനെട്ട് മില്ലി​ഗ്രാം ഇരുമ്പും അടങ്ങിയിരിക്കണമെന്നാണ് നാഷണൽ അനീമിയ എക്ഷൻ കൗൺസിൽ പറയുന്നത്. ഇലക്കറികൾ, മുട്ട, മീൻ, ഇറച്ചി ‍ഡ്രെെ ഫ്രൂട്ടസ് എന്നിവയിൽ ഇരുമ്പ് ധാരാളമായി അടങ്ങിയിട്ടുണ്ട്. 

മൂന്ന്...

ശരീരത്തിൽ ചുവന്ന രക്താണുക്കൾ വർദ്ധിക്കാൻ പ്രധാനമായി വേണ്ടത് ഫോളിക്ക് ആസിഡ് അടങ്ങിയ ഭക്ഷണങ്ങളാണ്. ഫോളിക്ക് ആസിഡ‌ിന്റെ കുറവ് രക്തത്തിൽ ഹീമോഗ്ലോബിന്റെ അളവ് കുറയ്ക്കുന്നതിന് കാരണമാകും. പീനട്ടസ്, പഴം, ബ്രോക്കോളി, വെണ്ടയ്ക്ക പോലുള്ളവയിൽ ഫോളിക്ക് ആസിഡ് ധാരാളം അടങ്ങിയിരിക്കുന്നു.

നാല്...

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ ഏറ്റവും നല്ലൊരു പഴമാണ് മാതളം. വിറ്റാമിൻ സി, കെ, ബി തുടങ്ങി നിരവധി പോഷകങ്ങളടങ്ങിയ ഉത്തമ ഫലമാണ് മാതളം. ധാരാളം കാര്‍ബോഹൈഡ്രേട്സ് അടങ്ങിയിട്ടുളള ഫലമാണ് മാതളം.  മാതളത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി ശരീരത്തിലെ ഇരുമ്പിന്‍റെ ആഗിരണം വർധിപ്പിച്ച് വിളർച്ച തടയുന്നു. ദിവസവും ഒരു കപ്പ് മാതളം ജ്യൂസ് കുടിക്കുന്നത് ഹീമോഗ്ലോബിന്റെ അളവ് കൂട്ടാൻ സഹായിക്കും. 

അഞ്ച്...

അന്നജം, റൈബോഫ്‌ളാബിന്‍, കാത്സ്യം, അയേൺ എന്നിവ ഈന്തപ്പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോൾ കുറയ്ക്കാൻ ഈന്തപ്പഴം ധാരാളം കഴിക്കുന്നത് നല്ലതാണ്. ഈന്തപ്പഴത്തിൽ ഫെെബർ ധാരാളം അടങ്ങിയിട്ടുണ്ട്. ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ഈന്തപ്പഴത്തില്‍. ഈന്തപ്പഴം വിളര്‍ച്ച തടയാൻ സഹായിക്കുന്നു.

ആറ്...

ഹീമോഗ്ലോബിന്റെ അളവ് വർധിപ്പിക്കാൻ വളരെ നല്ലതാണ് ബീറ്റ് റൂട്ട്. കുട്ടികൾക്ക് ബീറ്റ് റൂട്ട് നൽകുന്നത് വിളർച്ച വരാതിരിക്കാൻ സഹായിക്കുന്നു. ഫോളിക്ക് ആസിഡ് കൂടാതെ പൊട്ടാസ്യം, ഫെെബർ എന്നിവ ബീറ്റ് റൂട്ടിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ബീറ്റ് റൂട്ട് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് രക്തയോട്ടം വർധിപ്പിക്കാനും സഹായിക്കും. 

ഏഴ്...

വിറ്റാമിൻ സി, അയൺ എന്നിവ ധാരാളം അടങ്ങിയ പഴമാണ് തണ്ണിമത്തൻ. തണ്ണിമത്തൻ ജ്യൂസായോ അല്ലാതെയോ  കഴിക്കുന്നത് വിളർച്ച തടയാൻ സഹായിക്കും.  വേനല്‍ക്കാലത്ത് ദാഹവും വിശപ്പും ക്ഷീണവുമകറ്റാന്‍ തണ്ണിമത്തൻ കഴിക്കുന്നത് ​ഗുണം ചെയ്യും. 


 

click me!