എല്ലുകളുടെ ബലത്തിന് ഏതെല്ലാം പഴങ്ങളാണ് കഴിക്കേണ്ടത്?

By Web TeamFirst Published Sep 3, 2021, 11:48 AM IST
Highlights

എല്ലിന്റെ ആരോഗ്യം ക്ഷയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡയറ്റില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരാം. ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. എല്ലിന്റെ ആരോഗ്യത്തെ ഒരു പരിധി വരെയെങ്കിലും വീണ്ടെടുക്കാന്‍ ഇവ സഹായകമാകും

എല്ലുകളുടെ ആരോഗ്യം വളരെ പ്രധാനമാണെന്ന് നമുക്കെല്ലാമറിയാം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ എല്ലിന്റെ ആരോഗ്യം ദുര്‍ബലമാവുകയോ ക്ഷയിക്കുകയോ ചെയ്യാറുണ്ട്. അധികവും പ്രായമായവരിലാണ് ഈ പ്രശ്‌നം കാണപ്പെടുന്നത്. ചില അസുഖങ്ങളുടെ ഭാഗമായും ഇങ്ങനെ സംഭവിക്കാം. 

ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യം ക്ഷയിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഡയറ്റില്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതായി വരാം. ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഡയറ്റില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. എല്ലിന്റെ ആരോഗ്യത്തെ ഒരു പരിധി വരെയെങ്കിലും വീണ്ടെടുക്കാന്‍ ഇവ സഹായകമാകും. 

ഇത്തരത്തില്‍ എല്ലിന്റെ ആരോഗ്യത്തിനായി ഡയറ്റിലുള്‍പ്പെടുത്തേണ്ട ആറ് തരം പഴങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒന്ന്...

ഓറഞ്ച് ആണ് ഈ പട്ടികയില്‍ ആദ്യം വരുന്നത്. കാത്സ്യത്തിന്റെയും വൈറ്റമിന്‍ ഡിയുടെയും മികച്ച സ്രോതസാണ് ഓറഞ്ച്. ഇവ രണ്ടും തന്നെ എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ ഏറെ ഉപകരിക്കുന്ന ഘടകങ്ങളാണ്. 

 

 

പതിവായി ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് എല്ലുതേയ്മാനമുള്ളവര്‍ക്ക് വരെ ഗുണകരമാണ്. 

രണ്ട്...

നേന്ത്രപ്പഴമാണ് രണ്ടാമതായി ഇതിലുള്‍പ്പെടുന്നത്. ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്ന നേന്ത്രപ്പഴം എല്ലിനും പല്ലിനും ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന മഗ്നീഷ്യമാണ് ഇതിന് സഹായകമാകുന്നത്. 

മൂന്ന്...

മൂന്നാമതായി പൈനാപ്പിള്‍ ആണ് എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണങ്ങളുടെ പട്ടികയിലുള്‍പ്പെടുന്നത്. കാത്സ്യമോ വൈറ്റമിന്‍ ഡിയോ നേരിട്ട് ശരീരത്തിലെത്തിക്കാന്‍ പൈനാപ്പിളിന് കഴിയില്ല. പകരം ഇതിലടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ ആസിഡ് ലോഡ് സന്തുലിതമാക്കുകയും അതുവഴി കാത്സ്യം നഷ്ടമുണ്ടാകുന്നത് തടയുകയും ചെയ്യുന്നു. 

നാല്...

സ്‌ട്രോബെറിയും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി കഴിക്കാവുന്നൊരു 'ഫ്രൂട്ട്' ആണ്. പൊതുവില്‍ ധാരാളം ആരോഗ്യഗുണങ്ങളുള്ള സ്‌ട്രോബെറിയില്‍ കാത്സ്യം, മാംഗനീസ്, പൊട്ടാസ്യം, വൈറ്റമിന്‍-കെ, വൈറ്റമിന്‍-സി എന്നിങ്ങനെയുള്ള അവശ്യഘടകങ്ങളെല്ലാം അടങ്ങിയിരിക്കുന്നു. 

അഞ്ച്...

കാത്സ്യത്തിന്റെ മികച്ചൊരു സ്രോതസായ പപ്പായയും എല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. 

 

 

100 ഗ്രാം പപ്പായയില്‍ 20 മില്ലിഗ്രാം കാത്സ്യം അടങ്ങിയിരിക്കുന്നു. 

ആറ്...

ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു പഴമാണ് കിവി. കാത്സ്യത്തിന്റെ അളവും കിവിയില്‍ ഏറെ കൂടുതലാണ്. 60 മില്ലിഗ്രാമോളം കാത്സ്യം കിവിയില്‍ കാണപ്പെടുന്നു. ഇത് എല്ലിന്റെയും പല്ലിന്റെയുമെല്ലാം ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു.

Also Read:- ദേശീയ പോഷകാഹാര വാരം; പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങള്‍...

click me!