പിസയും ബര്‍ഗറും; ആരോഗ്യത്തെ ബാധിക്കുന്നത് ഈ ആറ് രീതിയില്‍...

By Web TeamFirst Published Jun 18, 2019, 5:54 PM IST
Highlights

പിസയും ബര്‍ഗറും ഫ്രഞ്ച് ഫ്രൈസുമെല്ലാം പുതിയ കാലത്തിന്റെ ഭക്ഷണരീതികളില്‍, ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളാണ്. എന്നാല്‍ ഇത്തരത്തില്‍ വരുന്ന 'പ്രോസസ്ഡ്' ഭക്ഷണങ്ങള്‍ വളരെ മോശം നിലയിലേക്കാണ് ആരോഗ്യത്തെ ക്രമേണ കൊണ്ടെത്തിക്കുക. പ്രധാനമായും ഇവ നമ്മളെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് ഒന്ന് നോക്കാം

പുതിയ കാലത്തിന്റെ ഭക്ഷണരീതികളില്‍, ഒഴിച്ചുകൂടാനാകാത്ത വിഭവങ്ങളാണ് പിസയും ബര്‍ഗറും ഫ്രഞ്ച് ഫ്രൈസുമെല്ലാം. എന്നാല്‍ ഇത്തരത്തില്‍ വരുന്ന 'പ്രോസസ്ഡ്' ഭക്ഷണങ്ങള്‍ വളരെ മോശം നിലയിലേക്കാണ് ആരോഗ്യത്തെ ക്രമേണ കൊണ്ടെത്തിക്കുക. പ്രധാനമായും ഇവ നമ്മളെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് ഒന്ന് നോക്കാം. 

ഒന്ന്...

ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ, ശരീരവണ്ണം ക്രമാതീതമായി വര്‍ധിപ്പിക്കാന്‍ 'പ്രോസസ്ഡ്' ഭക്ഷണം വലിയ അളവില്‍ കാരണമാകുന്നുണ്ട്. അമിതവണ്ണം നമുക്കറിയാം, പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും അസുഖങ്ങളുമാണ് ഉണ്ടാക്കുക. 

രണ്ട്...

ഇത്തരം ഭക്ഷണത്തില്‍ യഥേഷ്ടം കൃത്രിമമധുരം അടങ്ങിയിരിക്കും. ഇത് രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ധിപ്പിക്കാന്‍ കാരണമാകും. പതിയെ പ്രമേഹത്തിലേക്കും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളിലേക്കുമാണ് ഇത് നയിക്കുക. 

മൂന്ന്...

മാരകമായ രാസപദാര്‍ത്ഥങ്ങളാണ് പലപ്പോഴും 'പ്രോസസ്ഡ്' ഭക്ഷണം കേടാകാതിരിക്കാനും, അതിന് രുചിയും മണവും പകരാനുമെല്ലാം ചേര്‍ക്കുന്നത്. ഭക്ഷണസാധനത്തിന്റെ പാക്കറ്റിന് പുറത്ത് തന്നെ ഇതിന്റെ വിശദാംശങ്ങള്‍ കാണും. പക്ഷേ, ഇവയൊന്നും സാധാരണക്കാരുടെ അറിവിനകത്ത് നില്‍ക്കുന്ന പേരുകളായിരിക്കില്ല. പേര് പോലും അറിവില്ല, പിന്നെയെങ്ങനെയാണ് നമ്മള്‍ അത് അകത്തുചെല്ലുമ്പോള്‍ ഉണ്ടാക്കിയേക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ചറിയുക! എന്തായാലും ശരീരത്തിന്റെ പല അവയവങ്ങളേയും പല തരത്തിലും ബാധിക്കുന്ന രാസപദാര്‍ത്ഥങ്ങള്‍ തന്നെയാണ് 'പ്രോസസ്ഡ്' ഭക്ഷണത്തില്‍ കലര്‍ത്തുന്നത് എന്ന കാര്യത്തില്‍ മാത്രം സംശയം വേണ്ട. കാരണം ഇത് തെളിയിക്കുന്ന നൂറുകണക്കിന് പഠനങ്ങളാണ് മുമ്പ് വന്നിട്ടുള്ളത്. 

നാല്...

ശരീരത്തിന് ഗുണമുള്ള വിറ്റാമിനോ ധാതുക്കളോ പ്രോട്ടീനോ ഒന്നും ഇങ്ങനെയുള്ള 'പ്രോസസ്ഡ്' ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുണ്ടാകില്ല. തല്‍ക്കാലത്തേക്ക് വിശപ്പടക്കാമെന്നല്ലാതെ ഇത് കഴിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ആരോഗ്യത്തിന് ഗുണമൊന്നും ഉണ്ടാകില്ല. അങ്ങനെയാകുമ്പോള്‍ സ്ഥിരമായി 'പ്രോസസ്ഡ്' ഭക്ഷണം കഴിക്കുന്നവരില്‍ അവശ്യഘടകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന അപടകങ്ങളേതും സംഭവിക്കാം. 

അഞ്ച്...

ഇത്തരം ഭക്ഷണത്തില്‍ 'ഫൈബര്‍' അളവ് വളരെ കുറവായിരിക്കാം. ഇത് ദഹനപ്രവര്‍ത്തനങ്ങളെ മന്ദീഭവിക്കുന്നു. കഴിക്കുന്ന ഭക്ഷണം ശരിയായി ദഹിച്ചില്ലെങ്കിലുണ്ടാകാവുന്ന ഭവിഷ്യത്തുകളെ കുറിച്ചറിയാമല്ലോ. 

ആറ്...

മോശം കൊഴുപ്പ് ശരീരത്തിലെത്താനും 'പ്രോസസ്ഡ്' ഭക്ഷണം കാരണമാകുന്നു. ഇത് പിന്നീട് കൊളസ്‌ട്രോള്‍ പിടിപെടുന്നതിനും മറ്റും ഇടയാക്കുന്നു.

click me!