ഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആറ് ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങൾ

By Web TeamFirst Published Jan 3, 2020, 7:42 PM IST
Highlights

ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് ബ്രേക്ക്ഫാസ്റ്റ്. പ്രാതലിൽ തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. 

അമിതവണ്ണം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഭാരം കുറയ്ക്കാൻ പട്ടിണികിടക്കുന്നവരുണ്ട്. പ്രഭാത ഭക്ഷണം പോലും ചിലർ ഒഴിവാക്കാറുണ്ട്. ശരിയായ ആഹാരശീലങ്ങളും നല്ല വ്യായാമവുമുണ്ടെങ്കിൽ ഭാരം വളരെ എളുപ്പം കുറയ്ക്കാം. 
ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ആഹാരമാണ് ബ്രേക്ക്ഫാസ്റ്റ്. പ്രാതലിൽ തന്നെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്ന് നോക്കാം...

മുട്ട...

പ്രോട്ടീന്റെ കലവറയാണ് മുട്ട. പ്രാതലിന് പറ്റിയ ഏറ്റവും മികച്ച ഭക്ഷണമാണ് മുട്ട. വയറു നിറഞ്ഞ ഫീല്‍ നല്‍കാന്‍ മുട്ടയ്ക്കു സാധിക്കും. മുട്ട പുഴുങ്ങിയോ ഓംലറ്റ് ആക്കിയോ കഴിക്കാവുന്നതാണ്. അമിതവണ്ണമുള്ള 30 സ്ത്രീകളിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് , പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തിയപ്പോൾ ഇവരിൽ വിശപ്പ് കുറയ്ക്കുകയും ഉച്ചഭക്ഷണത്തിന്റെ അളവ് കുറയ്ക്കാനും സഹായിച്ചതായാണ് ​ഗവേഷകർ പറയുന്നത്. മൂന്നാഴ്ച്ച തുടർച്ചയായി മുട്ട കഴിച്ചവരിൽ ഭാരം കുറയുന്നതായി കാണാനായെന്നാണ് പഠനത്തിൽ പറയുന്നത്. 

ഓട്സ്...

ഫൈബര്‍ ധാരാളം അടങ്ങിയ ഓട്സ് ആരോഗ്യത്തിനും ദഹനത്തിനും നല്ലതാണ്. ഓട്സ് കഴിക്കുമ്പോള്‍ അവയ്ക്കൊപ്പം പഴങ്ങള്‍, നട്സ് എല്ലാം ചേര്‍ക്കാം. ഓട്‌സിൽ കലോറി കുറവാണ്, പക്ഷേ ഫൈബറും പ്രോട്ടീനും കൂടുതലാണ് - വിശപ്പിനെയും ശരീരഭാരത്തെയും നിയന്ത്രിക്കുന്ന രണ്ട് പോഷകങ്ങളാണ് ഇവ. ബീറ്റാ ഗ്ലൂക്കന്റെ മികച്ച ഉറവിടമാണ് ഓട്‌സ്. രോഗപ്രതിരോധ പ്രവർത്തനം മുതൽ ഹൃദയാരോഗ്യത്തിനും ഓട്സ് കഴിക്കുന്നത് ​ഗുണം ചെയ്യും.

നട്സ്...

 പോഷകസമ്പന്നമാണ് നട്സ്. കാലറി ധാരാളം അടങ്ങിയ നട്സ് ബ്രേക്ക്‌ഫാസ്റ്റ് വിഭവം ആയി കഴിക്കുന്നത്‌ ഉച്ചയ്ക്ക് അമിതമായി ആഹാരം കഴിക്കാതെ രക്ഷിക്കും. പാലിലോ സ്മൂത്തിയിലോ ചേര്‍ത്തും നട്സ് കഴിക്കാം.

ഷേക്ക്...

 ഹെല്‍ത്തി ഷേക്ക് കുടിക്കുന്നത് ബ്രേക്ക്‌ഫാസ്റ്റ് സമ്പന്നമാക്കും. ഇതിനൊപ്പം പ്രോട്ടീന്‍ പൗഡര്‍, പഴങ്ങള്‍, നട്സ് എന്നിവയും ചേര്‍ക്കാം. 

പഴം...

ഉയർന്ന അളവിൽ നാരുകൾ ഉള്ളതും എന്നാൽ കലോറി കുറവുള്ളതുമായ, വാഴപ്പഴം പ്രഭാതഭക്ഷണത്തിന് ഏറ്റവും മികച്ചതാണ്. പഴം കഴിക്കുന്നത് ഉച്ചയ്ക്കുള്ള ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയും അടിവയറ്റിലെ കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കുന്നു.

കൂണ്‍...

വൈറ്റമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടമാണ് കൂണ്‍. പോഷകസമ്പന്നം എന്നു മാത്രമല്ല ഭാരം കുറയ്ക്കാനും ഇതു മികച്ചതാണ്. പ്രത്യേകിച്ച് പ്രാതലില്‍ ഉള്‍പ്പെടുത്തിയാല്‍. മിനസോട്ട സര്‍വകലാശാലയിലെ ഗവേഷകരുടേതാണ് ഈ കണ്ടെത്തൽ. കൂണിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍ കാരണം, അവ രാവിലെ കഴിച്ചാല്‍ വയര്‍ നന്നായി നിറയും. ഇത് പിന്നീട് ഒരുപാടു നേരം വിശപ്പുണ്ടാക്കുന്നില്ല. മാത്രമല്ല, ഇടയ്ക്കിടെ സ്നാക്സ് കഴിക്കുന്ന ശീലം ഉപേക്ഷിക്കാനും ഉച്ചയ്ക്കുള്ള ആഹാരം കുറഞ്ഞ അളവിലാക്കാനും കൂണ്‍ സഹായിക്കും.

click me!