Latest Videos

ഗര്‍ഭിണികളിലെ ക്ഷീണമകറ്റാന്‍ സഹായിക്കുന്ന ആറ് ഭക്ഷണങ്ങള്‍...

By Web TeamFirst Published Jun 20, 2019, 4:02 PM IST
Highlights

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എല്ലാവരിലും ഇത് ഒരുപോലെയായിരിക്കണമെന്നില്ല. എങ്കിലും നേരത്തേ ആരോഗ്യാവസ്ഥ മോശമായ ഒരു സ്ത്രീക്ക് ഈ ക്ഷീണം ഇരട്ടി പ്രഹരമാകാനും സാധ്യതയുണ്ട്. ആരോഗ്യകരമായ ഡയറ്റിലൂടെ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാനാകും

പല തരത്തിലുള്ള ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണ് ഗര്‍ഭാവസ്ഥ. ഭക്ഷണകാര്യങ്ങളിലും മറ്റ് ചിട്ടകളിലുമെല്ലാം കൃത്യമായ കരുതല്‍ എടുക്കേണ്ട സമയം. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ക്ഷീണം തോന്നുന്നത് സ്വാഭാവികമാണ്. എല്ലാവരിലും ഇത് ഒരുപോലെയായിരിക്കണമെന്നില്ല. എങ്കിലും നേരത്തേ ആരോഗ്യാവസ്ഥ മോശമായ ഒരു സ്ത്രീക്ക് ഈ ക്ഷീണം ഇരട്ടി പ്രഹരമാകാനും സാധ്യതയുണ്ട്. ആരോഗ്യകരമായ ഡയറ്റിലൂടെ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിക്കാനാകും. 

അതായത് ഗര്‍ഭാവസ്ഥയിലെ ക്ഷീണത്തെ മറികടക്കാന്‍ സഹായിക്കുന്ന ചിലതരം ഭക്ഷണങ്ങളുണ്ട്. അവ ഡയറ്റിലുള്‍പ്പെടുത്താന്‍ ശ്രമിക്കാം. അത്തരത്തിലുള്ള ആറ് ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ശരീരം കൂടുതല്‍ പോഷകങ്ങള്‍ ആവശ്യപ്പെടുന്ന സമയമാണ് ഗര്‍ഭാവസ്ഥ. അതിനാല്‍ ഭക്ഷണത്തിലൂടെ തന്നെ വേണ്ട പോഷകങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ പ്രത്യേകം ശ്രദ്ധ നല്‍കണം. ഇതിനായി പാലുത്പന്നങ്ങള്‍ കാര്യമായിത്തന്നെ കഴിക്കാം. കാത്സ്യം, സിങ്ക്, മഗ്നീഷ്യം, ഫോസ്ഫറസ്, ധാരാളം വൈറ്റമിനുകള്‍... അങ്ങനെ ശരീരത്തെ പിടിച്ചുനിര്‍ത്താന്‍ വേണ്ട പ്രാഥമികമായ പല ഘടകങ്ങളും പാലിലും പാലുത്പനനങ്ങളിലുമുണ്ട്. 

രണ്ട്...

ധാരാളം ധാന്യങ്ങളും ഭക്ഷണത്തിലുള്‍പ്പെടുത്താവുന്നതാണ്. 


പരിപ്പ്, ബീന്‍സ്, ഗ്രീന്‍ പീസ്, സോയാബീന്‍സ്, പീനട്ട്‌സ് തുടങ്ങിയവയെല്ലാം കഴിക്കാം. ഇവയിലടങ്ങിയിരിക്കുന്ന ഫൈബര്‍, ഫോളേറ്റ്, പ്രോട്ടീന്‍, അയേണ്‍, കാത്സ്യം എന്നിവയെല്ലാം ഗര്‍ഭാവസ്ഥയില്‍ സ്ത്രീക്ക് അവശ്യം വേണ്ട ഘടകങ്ങളാണ്. 

മൂന്ന്...

ബ്രൊക്കോളിയാണ് ഗര്‍ഭിണികള്‍ ക്ഷീണം മാറ്റാനായി കഴിക്കേണ്ട മറ്റൊരു ഭക്ഷണസാധനം. ഫൈബര്‍, വിവിധ വൈറ്റമിനുകള്‍, കാത്സ്യം, പൊട്ടാസ്യം, ഫോളേറ്റ്, അയേണ്‍- എന്നിങ്ങനെ നേരത്തേ സൂചിപ്പിച്ചതും അല്ലാത്തതുമായ പല പ്രധാന ഘടകങ്ങളും ബ്രൊക്കോളിയിലടങ്ങിയിരിക്കുന്നു. ഗര്‍ഭിണിയുടെ പ്രതിരോധശക്തി വര്‍ധിപ്പിക്കാനും, ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനുമാണ് ഇത് കഴിക്കുന്നത് കൊണ്ട് കൂടുതല്‍ ഉപകാരപ്പെടുക. 

നാല്...

അവക്കാഡോയും ഗര്‍ഭിണികള്‍ക്ക് കഴിക്കാന്‍ ഉത്തമമായ ഒരു ഭക്ഷണസാധനമാണ്. 


ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍ ഇവരുടെ ആരോഗ്യത്തെ വളരെയധികം പിന്താങ്ങുന്നു. കുഞ്ഞിന്റെ ചര്‍മ്മത്തിലെയും തലച്ചോറിലെയും കോശകലകളുടെ വളര്‍ച്ചയ്ക്ക് ഇത് ഏറെ സഹായകമാകുന്നു. ഗര്‍ഭസമയത്തുണ്ടാകുന്ന കാലുവേദന കുറയ്ക്കാനും ഇത് ഉപകാരപ്പെടുന്നു. 

അഞ്ച്...

നട്ട്‌സ്, അതുപോലെ പലതരം വിത്തുകള്‍ എന്നിവയും ഗര്‍ഭിണികള്‍ക്ക് ക്ഷീണമകറ്റാനായി കഴിക്കാവുന്നതാണ്. നട്ട്‌സ്, നമുക്കറിയാം എണ്ണമറ്റ ആരോഗ്യഗുണങ്ങളുള്ളവയാണ്. അത് ഗര്‍ഭണിക്കും കാര്യമായ ആരോഗ്യഗുണങ്ങള്‍ പകരുന്നു. എപ്പോഴും ഊര്‍ജസ്വലതയോടെ ഇരിക്കാനും, സുഖപ്രസവത്തിനുമെല്ലാം ഇത് സഹായിക്കും. 

ആറ്...

സാധാരണഗതിയില്‍ നമ്മുടെ വീടുകളില്‍ വാങ്ങാറുള്ള പ്രധാന പച്ചക്കറികളിലൊന്നാണ് ബീറ്റ്‌റൂട്ട്. പൊതുവേ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. അതുപോലെ ഗര്‍ഭാവസ്ഥയിലും കഴിക്കാന്‍ ഉത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട്. 

കുഞ്ഞിന്റെ വളര്‍ച്ചയെ നല്ലരീതിയില്‍ സ്വാധീനിക്കുന്ന ഘടകങ്ങള്‍ ബീറ്റ്‌റൂട്ടിലടങ്ങിയിട്ടുണ്ട്. ഗര്‍ഭിണിയുടെ പ്രതിരോധശേഷി വര്‍ധിപ്പിക്കാനും, വേദനകള്‍ കുറയ്ക്കാനും, ഊര്‍ജം നല്‍കാനുമെല്ലാം ബീറ്റ്‌റൂട്ട് സഹായകമാണ്.

click me!