വിശക്കുന്നവന് ആരുടെയും മുന്നിൽ കൈനീട്ടാതെ തുച്ഛമായ തുകയ്ക്ക് വിശപ്പകറ്റാം. പാവപ്പെട്ടവരും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുമാണ് അടൽ ക്യാൻ്റീനുകളെ ആശ്രയിക്കുന്നത്

ദില്ലി: ഒരു നേരത്തെ അന്നത്തിനായി പെടാപ്പാടുപെടുന്ന ആയിരങ്ങളുള്ള നമ്മുടെ നാട്ടിൽ അഞ്ച് രൂപയ്ക്ക് ഭക്ഷണം വിളമ്പുകയാണ് ദില്ലി സർക്കാർ. രാജ്യതലസ്ഥാനത്ത് ആരും കാലി വയറുമായി അന്തിയുറങ്ങരുത് എന്ന ലക്ഷ്യത്തോടെയാണ് ദില്ലി സർക്കാർ അടൽ ക്യാൻ്റീനുകൾ ആരംഭിച്ചത്. റൊട്ടിയും, ചോറും, പരിപ്പും, വെജ് കറിയുമടങ്ങുന്ന താലി മീൽസാണ് ഇവിടെ വിളമ്പുന്നത്. അഞ്ച് രൂപയ്ക്ക് എന്ത് ലഭിക്കുമെന്ന് ദില്ലിയിലെത്തി ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് ഈ താലി മീലുകൾ. ഭക്ഷണത്തിന്റ രുചിയേക്കുറിച്ചോ നിലവാരത്തേക്കുറിച്ചോ കഴിക്കുന്നവർക്ക് അൽപം പോലും പരാതിയില്ലെന്നതും ശ്രദ്ധേയം. അഞ്ച് രൂപയ്ക്ക് വയറ് നിറച്ച് ഭക്ഷണം കിട്ടുന്നത് വളരെ സഹായമാണ് ബാക്കി തുക മക്കളുടെ ആവശ്യത്തിനായി മാറ്റി വയ്ക്കാമല്ലോയെന്നാണ് ഭക്ഷണം കഴിക്കാനെത്തുന്നവരിൽ ഏറെ പേരും വിശദമാക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവരുടെ വയറും മനസ്സും നിറയും. വിശക്കുന്നവന് ആരുടെയും മുന്നിൽ കൈനീട്ടാതെ തുച്ഛമായ തുകയ്ക്ക് വിശപ്പകറ്റാം. പാവപ്പെട്ടവരും ദിവസക്കൂലിക്ക് പണിയെടുക്കുന്നവരുമാണ് അടൽ ക്യാൻ്റീനുകളെ ആശ്രയിക്കുന്നത്. ഭക്ഷണം പൂര്‍ണ്ണ വെജിറ്റേറിയനാണ്. ഒരു നേരം 500 പേർക്ക് ഒരു കാന്റീനിൽ നിന്ന് ഭക്ഷണം കഴിക്കാം. 

ഒരുനേരം ഒരു കാന്റീനിൽ നിന്ന് ഭക്ഷണം ലഭ്യമാവുന്നത് 500 പേർക്ക് 

YouTube video player

രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെ ഉച്ചയൂണ് ലഭിക്കും. വൈകിട്ട് 6.30 മുതൽ 9 വരെയാണ് രാത്രി ഭക്ഷണത്തിന്റെ സമയം. ക്ലൌഡ് കിച്ചൺ മാതൃകയിൽ ഒരിടത്ത് പാകം ചെയ്ത ഭക്ഷണം അടൽ കാൻറീനുകളിൽ എത്തിക്കുകയാണ് രീതി. ഡിജിറ്റൽ ടോക്കൺ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു അടൽ ക്യാൻറീനുകൾ. 45 എണ്ണം ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഉടൻ തന്നെ 55 ഇടങ്ങളിൽ കൂടി ക്യാൻറീനുകൾ ആരംഭിക്കും. അന്നന്നത്തെ അന്നത്തിനായി കഷ്ടപ്പെടുന്നവർക്ക് അഞ്ച് രൂപയ്ക്ക് വയറ് നിറച്ച് ഭക്ഷണം ലഭിക്കുന്നത് വലിയ ആശ്വാസമാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം