ബഹിരാകാശത്ത് ചെന്ന് കഴിക്കാന്‍ ഇഡ്ഡലിയും സാമ്പാറും; കാര്യം മനസിലായോ?

By Web TeamFirst Published Jan 7, 2020, 9:00 PM IST
Highlights

രാജ്യത്ത് നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്ന സംഘത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാല് വൈമാനികരാണുള്ളത്. ഇവര്‍ പ്രത്യേക പരിശീലനത്തിനായി വൈകാതെ റഷ്യയിലേക്ക് തിരിക്കും. പരിശീലനവും മറ്റ് നടപടികളുമെല്ലാം പൂര്‍ത്തിയാക്കി 2022ല്‍ 'ഗഗന്‍യാന്‍' യാത്ര തിരിക്കും. മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ബഹിരാകാശത്ത് കഴിയാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്

അങ്ങനെ ബഹിരാകാശത്തും നമ്മള്‍ ഇന്ത്യക്കാര്‍ സാന്നിധ്യമറിയിക്കാനൊരുങ്ങുകയാണ്. ഇന്ത്യയുടെ സ്വപ്‌നപദ്ധതിയായ 'ഗഗന്‍യാന്‍' ട്രാക്കിലായെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്ത് നിന്ന് ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്ന സംഘത്തില്‍ തെരഞ്ഞെടുക്കപ്പെട്ട നാല് വൈമാനികരാണുള്ളത്.

ഇവര്‍ പ്രത്യേക പരിശീലനത്തിനായി വൈകാതെ റഷ്യയിലേക്ക് തിരിക്കും. പരിശീലനവും മറ്റ് നടപടികളുമെല്ലാം പൂര്‍ത്തിയാക്കി 2022ല്‍ 'ഗഗന്‍യാന്‍' യാത്ര തിരിക്കും. മൂന്ന് മുതല്‍ ഏഴ് ദിവസം വരെ ബഹിരാകാശത്ത് കഴിയാനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്.

അപ്പോള്‍ ബഹിരാകാശത്ത് ചെന്നിറങ്ങിയ ശേഷം ഇവരെന്ത് കഴിക്കും? അതിനും തീരുമാനമായെന്നാണ് പുതിയ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സ്‌പെയ്‌സിലേക്ക് പോകുന്ന ഇന്ത്യന്‍ സംഘത്തിന് കഴിക്കാന്‍ ഇഡ്ഡലിയും, സാമ്പാറും, ഉപ്പുമാവും, വെജിറ്റബിള്‍ റോളും, എഗ് റോളും, മൂംഗ് ദാലും, ഹലുവയുമെല്ലാം അടക്കം മുപ്പത് വിഭവങ്ങള്‍ തയ്യാറാക്കാനാണ് തീരുമാനം.

മൈസൂരിലുള്ള 'ഡിഫന്‍സ് ഫുഡ് റിസര്‍ച്ച് ലബോറട്ടറി'യാണ് ഇവര്‍ക്ക് വേണ്ട മെനു തയ്യാറാക്കുന്നത്. ഭക്ഷണത്തിന് പുറമെ വെള്ളവും ആവശ്യമായ ജ്യൂസുകളും അടങ്ങിയ ചെറു കണ്ടെയ്‌നറുകളും സംഘത്തിന് നല്‍കും. ഈ കണ്ടെയ്‌നറുകളും 'ഗഗന്‍യാന്' വേണ്ടി പ്രത്യേകം തയ്യാറാക്കുന്നതാണ്. ഇതിനെല്ലാം പുറമെ ഭക്ഷണം ചൂടാക്കാനുള്ള സൗകര്യവും അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യവുമെല്ലാം 'ഗഗന്‍യാനി'ല്‍ ഒരുക്കും.

click me!