20 വര്‍ഷം പഴക്കമുള്ള ബര്‍ഗര്‍; ഇതിന്റെ പ്രത്യേകതയെന്തെന്ന് അറിയാമോ?

By Web TeamFirst Published Jan 6, 2020, 11:53 PM IST
Highlights

യുഎസിലെ ലോഗന്‍ എന്ന സ്ഥലത്തുള്ള മെക് ഡൊണാള്‍ഡ്‌സില്‍ നിന്ന് 1999 ജൂലൈ 7ന് ഡേവിഡ് വിപ്പിള്‍ എന്നയാളാണ് ഈ ഹാംബര്‍ഗര്‍ വാങ്ങിയത്. അന്ന് പൊതി പോലും അഴിക്കാതെ ബില്ലോടുകൂടി ഹാംബര്‍ഗര്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ വച്ചുമറന്നു. പിന്നീട് ഈ പൊതി വീട്ടിലൊരിടത്ത് തന്നെ, കണ്ണെത്താതെ കിടന്നു

ഭക്ഷണസാധനങ്ങള്‍ ഏതുമാകട്ടെ, സമയം കഴിഞ്ഞ് പഴകിത്തുടങ്ങിയാല്‍ പിന്നെ ഉപേക്ഷിക്കാനേ കഴിയൂ. എത്ര പ്രിയപ്പെട്ട വിഭവമാണെങ്കിലും ചീത്തയായിക്കഴിഞ്ഞാല്‍ പിന്നെ അതിന്റെ മണം പോലും താങ്ങാന്‍ നമുക്കാര്‍ക്കും കഴിയില്ല. അപ്പോള്‍ 20 വര്‍ഷം പഴക്കമുള്ള ഒരു ബര്‍ഗറിന്റെ കാര്യം പറയാനുണ്ടോ?

നുണയല്ല, 1999ല്‍ വാങ്ങിയ ഒരു ഹാംബര്‍ഗാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും നിറയുന്നത്. ഇത്രയും കാലം ഇതെങ്ങനെ ചീഞ്ഞോ പൂപ്പല്‍ കയറിയോ മശിച്ചുപോകാതിരുന്നു എന്ന കാര്യം നിഗൂഢം. എന്തായാലും ഇത് വാങ്ങിയ ആളുടെ കയ്യില്‍ത്തന്നെ ഇപ്പോഴും ഭദ്രമായിരിക്കുന്നു.

യുഎസിലെ ലോഗന്‍ എന്ന സ്ഥലത്തുള്ള മെക് ഡൊണാള്‍ഡ്‌സില്‍ നിന്ന് 1999 ജൂലൈ 7ന് ഡേവിഡ് വിപ്പിള്‍ എന്നയാളാണ് ഈ ഹാംബര്‍ഗര്‍ വാങ്ങിയത്. അന്ന് പൊതി പോലും അഴിക്കാതെ ബില്ലോടുകൂടി ഹാംബര്‍ഗര്‍ ജാക്കറ്റിന്റെ പോക്കറ്റില്‍ വച്ചുമറന്നു. പിന്നീട് ഈ പൊതി വീട്ടിലൊരിടത്ത് തന്നെ, കണ്ണെത്താതെ കിടന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ഡേവിഡിന്റെ ഭാര്യയാണ് പൊതി കണ്ടെത്തിയത്. അന്ന് തോന്നിയ കൗതുകത്തിന്റെ പേരില്‍ അത് വീണ്ടും സൂക്ഷിച്ചുവച്ചു. ബര്‍ഗറിന് 14 വര്‍ഷം പഴക്കമായപ്പോള്‍ ഡേവിഡ് അതെക്കുറിച്ച് ബ്ലോഗിലെഴുതി. ഇത് പിന്നീട് വലിയ ചര്‍ച്ചകള്‍ക്കെല്ലാം വഴിയൊരുക്കി. ഇപ്പോള്‍ 20 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുമ്പോള്‍ വീണ്ടും 'ഹോട്ട്' ആവുകയാണ് ഈ മുതുമുത്തപ്പന്‍ ബര്‍ഗര്‍.

സംഗതി, ഇതിന്റെ പ്രത്യേകത മറ്റൊന്നുമല്ല. ഡേവിഡിന്റെ മക്കളിലാരോ ഒരാള്‍ ഈ 'അപൂര്‍വ്വ' ബര്‍ഗറിന്റെ കഥയും ചിത്രവും സഹിതം ഓണ്‍ലൈന്‍ ലേലത്തിന് വച്ചു. പിന്നെ നടന്നത് കൂട്ടത്തല്ലിന് സമാനമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ രൂപയില്‍ കണക്കാക്കുകയാണെങ്കില്‍ രണ്ട് ലക്ഷത്തോളം രൂപ വരെ ആളുകള്‍ ബര്‍ഗറിനായി ലേലം വിളിച്ചു. ഒടുവില്‍ സൈറ്റ് ഈ ലേലം റദ്ദാക്കുകയായിരുന്നു. എന്തായാലും ഇനിയും ഈ ബര്‍ഗര്‍ സൂക്ഷിച്ചുവയ്ക്കാന്‍ തന്നെയാണ് ഡേവിഡിന്റേയും കുടുംബത്തിന്റേയും പദ്ധതി. ഇനിയും എത്രകാലം കൂടി ഇത് ഇങ്ങനെ തന്നെ ഇരിക്കുമെന്ന് അറിയണമല്ലോ.

click me!