
ചിലര്‍ മാനസിക സമ്മര്‍ദ്ദമേറുമ്പോഴും നിരാശ വരുമ്പോഴുമെല്ലാം അമിതമായി ഭക്ഷണം കഴിക്കാറുണ്ട്. 'ഇമോഷണല്‍ ഈറ്റിംഗ്' എന്നാണ് വിദഗ്ധര്‍ ഈ പ്രവണതയെ വിശേഷിപ്പിക്കുന്നത്. അതായത്, വിശപ്പില്ലാതെ തന്നെ ഭക്ഷണത്തോട് ഭ്രമം തോന്നുന്ന അവസ്ഥ.
ഇത് ശരീരഭാരം വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കുമെന്നാണ് മുമ്പ് പല പഠനങ്ങളും സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഈ കണ്ടെത്തലുകള്‍ക്ക് വിരുദ്ധമായി പുതിയൊരു കണ്ടെത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് പെന്‍സില്‍വാനിയയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകര്‍. 'ജേണല്‍ ഓഫ് ദ എവല്യൂഷണറി സ്റ്റഡീസ് കണ്‍സോര്‍ഷ്യം' എന്ന ആരോഗ്യപ്രസിദ്ധീകരണത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വന്നത്.
അതായത്, 'ഇമോഷണല്‍ ഈറ്റിംഗ്' പ്രവണത ഉള്ളവരില്‍ വണ്ണം കൂടാനുള്ള സാധ്യത, സാധാരണഗതിയില്‍ ഇല്ലെന്നാണ് ഇവരുടെ കണ്ടെത്തല്‍. പഠനത്തിനായി തെരഞ്ഞെടുത്തവരില്‍ 67 ശതമാനം പേരിലും അനുവദിച്ച സമയത്തിന് ശേഷം വണ്ണം കൂടുന്നതായി കണ്ടെത്തിയില്ലെന്നും ഇത് ഈ വിഷയത്തില്‍ പുതിയ വഴിത്തിരിവുകള്‍ക്ക് കാരണമാകുമെന്നും ഇവര്‍ പറയുന്നു.
കാലങ്ങള്‍ക്ക് മുമ്പ് തന്നെ നിരാശയിലാകുമ്പോള്‍ ഭക്ഷണത്തില്‍ അഭയം കണ്ടെത്താനുള്ള ത്വര മനുഷ്യനിലുണ്ടായിരുന്നുവത്രേ. എന്നാല്‍ വേണ്ടത്ര ഭക്ഷണം ലഭിക്കാത്ത സാഹചര്യമായിരുന്നു അന്നെല്ലാം ഉണ്ടായിരുന്നതെന്നും ഇപ്പോള്‍ സാഹചര്യങ്ങള്‍ നേരെ തിരിച്ചായിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.
എന്നാല്‍ സമ്മര്‍ദ്ദങ്ങളുടെ പേരില്‍ അമിത ഭക്ഷണം കഴിക്കുന്നു എന്ന കാരണത്താല്‍ വണ്ണം കൂടുന്നില്ല. അതേസമയം വണ്ണം കൂടുമെന്ന അധികസമ്മര്‍ദ്ദം കൂടി ആളുകളില്‍ കാണപ്പെടുകയും ചെയ്യുന്നു.